Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയെ തകർത്ത് ടാറ്റയുടെ മുന്നേറ്റം

Tata Tiago Tata Tiago

കഴിഞ്ഞ വർഷത്തെ യാത്രാ വാഹന(പി വി) വിൽപ്പനയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയെ പിന്തള്ളി ടാറ്റ മോട്ടോഴ്സ് നാലാം സ്ഥാനത്ത്. മുൻവർഷത്തെ അപേക്ഷിച്ച് 22% വളർച്ചയോടെ 1,87,321 കാറുകളാണ് ടാറ്റ 2017 — 18ൽ വിറ്റത്; ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ കഴിഞ്ഞ വർഷത്തെ വിൽപ്പനയാവട്ടെ 1,70,026 യൂണിറ്റിലൊതുങ്ങി. മുൻവർഷത്തെ അപേക്ഷിച്ച് എട്ടു ശതമാനത്തോളം വളർച്ച മാത്രമാണു ഹോണ്ട കാഴ്സിനു നേടാനായത്. അൻപതു ശതമാനത്തോളം വിപണി വിഹിതത്തോടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് ഇന്ത്യൻ കാർ നിർമാതാക്കളിൽ ആദ്യ സ്ഥാനത്ത്. തുടർന്നുള്ള സ്ഥാനങ്ങൾ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കുമാണ്. തുടർന്നുള്ള സ്ഥാനത്തിനു വേണ്ടിയാണു ടാറ്റ മോട്ടോഴ്സും ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡുമായി പൊരിഞ്ഞ മത്സരം നടന്നത്. 

കോംപാക്ട് യൂട്ടിലിറ്റി വാഹനമായ ‘നെക്സ’നും ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ’യും പകർന്ന ഊർജമാണ് ഹോണ്ടയുടെ വെല്ലുവിളി അതിജീവിച്ചു നാലാം സ്ഥാനം സ്വന്തമാക്കാൻ ടാറ്റ മോട്ടോഴ്സിനെ സഹായിച്ചത്. ‘ടിയാഗൊ’ നിരത്തിലെത്തിയതു മുതൽ വിൽപ്പനയിൽ ക്രമമായ വർധന കൈവരിച്ചാണു ടാറ്റ മോട്ടോഴ്സിന്റെ മുന്നേറ്റം. ടാറ്റ മോട്ടോഴ്സിന്റെ മൊത്തം ആഭ്യന്തര വിൽപ്പനയിൽ 40 ശതമാനത്തോളം സമ്മാനിക്കുന്നതും ‘ടിയാഗൊ’ തന്നെ. അതേസമയം അതതു വിഭാഗങ്ങളിലെ ശക്തമായ മത്സരം മൂലം കോംപാക്ട് സെഡാനായ ‘ടിഗൊറി’നും സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ഹെക്സ’യ്ക്കും കാര്യമായ മുന്നേറ്റം കൈവരിക്കാനായിട്ടില്ല.

എക്സിക്യൂട്ടീവ് സെഡാനായ ‘സിറ്റി’യും ക്രോസോവറായ ‘ഡബ്ല്യു ആർ — വി’യുമാണ് ഹോണ്ട കാഴ്സിന്റെ വിൽപ്പനയിൽ നേട്ടം സമ്മാനിക്കുന്നത്. 2017 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസക്കാലത്തിനിടെ ഏപ്രിൽ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ടാറ്റ മോട്ടോഴ്സിനേക്കാൾ വിൽപ്പന സ്വന്തമാക്കാനും ഹോണ്ടയ്ക്കു സാധിച്ചിരുന്നു.

വരും മാസങ്ങളിലും ടാറ്റയും ഹോണ്ടയുമായുള്ള കടുത്ത പോരാട്ടത്തിനു തന്നെയാവും ഇന്ത്യൻ കാർ വിപണി സാക്ഷ്യം വഹിക്കുകയെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. പുത്തൻ മോഡലുകൾ അവതരിപ്പിച്ചും നിലവിലുള്ളവ പരിഷ്കരിച്ചുമൊക്കെ ഇന്ത്യൻ വിപണിയിൽ മുന്നേറാനാണ് ഇരുകമ്പനികളുടെയും ശ്രമം. കോംപാക്ട് സെഡാനായ ‘അമെയ്സ്’, സെഡാനായ ‘സിവിക്’, എസ് യു വിയായ ‘സി ആർ — വി’ തുടങ്ങിയവയാണു ഹോണ്ടയിൽ നിന്ന് അടുത്തുതന്നെ വിൽപ്പനയ്ക്കെത്തുക. അതേസമയം ടാറ്റ അവതരിപ്പിക്കാനിരുന്ന മോഡലുകളിൽ മിക്കതും വിൽപ്പനയ്ക്കെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മഹീന്ദ്രയെ അട്ടിമറിച്ച് മൂന്നാം സ്ഥാനത്തെത്തുകയെന്ന ലക്ഷ്യം കൈവരിക്കാൻ ടാറ്റ മോട്ടോഴ്സിനു കഴിയുമോ എന്നു കാത്തിരുന്നു കാണണം.