Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓല യാത്രയ്ക്ക് ഇനി ഇൻഷുറൻസ് സുരക്ഷയും

OLA Cabs

യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ഓൺലൈൻ കാബ് അഗ്രിഗേറ്റർമാരായ ഓല കാബ്സ് ഒരുങ്ങുന്നു. നഗരത്തിനുള്ളിലെ യാത്രകൾക്കുള്ള ഇൻഷുറൻസിന് ഒരു രൂപയാവും കമ്പനി അധികമായി ഈടാക്കുക.സ്വകാര്യ മേഖലയിലെ ഐ സി ഐ സി ഐ ലൊംബാഡ് ജനറൽ ഇൻഷുറൻസ്, ആക്കൊ ജനറൽ ഇൻഷുറൻസ് എന്നീ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചാവും ഓല കാബ്സ് ഈ പദ്ധതി നടപ്പാക്കുക. ഘട്ടം ഘട്ടമായി രാജ്യത്തെ 110 നഗരങ്ങളിലെ യാത്രക്കാർക്ക് ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

ഓരോ യാത്രയ്ക്കും ഒരു രൂപ എന്ന നിരക്കിലാവും നഗരത്തിനുള്ളിലെ യാത്രകൾക്കുള്ള ഇൻഷുറൻസ് പ്രീമിയ നിരക്ക്. ഓല റെന്റൽസിന് 10 രൂപയും ഓല ഔട്ട്സ്റ്റേഷന് 15 രൂപയുമാവും പ്രീമിയം നിരക്ക്. കാബുകൾക്കു പുറമെ ഓട്ടോ, കാലി പീലി(പഴയ കറുപ്പും വെളുപ്പും ടാക്സി), ഇ റിക്ഷ വിഭാഗങ്ങളിലെ യാത്രക്കാർക്കും ഇൻഷുറൻസ് പദ്ധതി ലഭ്യമാണ്. നിലവിൽ ഓലയുടെ ഡ്രൈവർമാർക്ക് കമ്പനി ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പുതിയ പദ്ധതിയിൽ കാർ താമസിച്ചതു മൂലം യാത്ര വൈകിയതിനാൽ വിമാനം കിട്ടാതെ പോകുന്നവർക്കും ബാഗേജ് നഷ്ടമാവുന്നവർക്കും നഷ്ടപരിഹാരം നൽകുന്ന ഇൻഷുറൻസ് പദ്ധതികളും ഓല കാബ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ചികിത്സാ ചെലവ്, ആംബുലൻസ് ചെലവ് തുടങ്ങിയവയും ഇൻഷുറൻസ് കമ്പനി മടക്കി നൽകും. 

തുടക്കത്തിൽ വൻനഗരങ്ങളിലെ യാത്രക്കാർക്കാവും ഓല കാബ്സിന്റെ പുതിയ ഇൻഷുറൻസ് പദ്ധതി നിലവിൽ വരിക. ക്രമേണ ഓല കാബ്സ് പ്രവർത്തിക്കുന്ന എല്ലാ നഗരങ്ങളിലും ഈ പദ്ധതി നടപ്പാവും. ഓലയുടെ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും കമ്പനി വെബ് സൈറ്റ് വഴിയും കോൾ സെന്റർ വഴിയുമൊക്കെയാണ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ നേടാനാവുക.  ഇന്ത്യയിൽ ഇത്തരമൊരു പദ്ധതി നടപ്പാവുന്നത് ഇതാദ്യമാണെന്ന് ഓല ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വിശാൽ കൗൾ അവകാശപ്പെട്ടു.