Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലകുറയാൻ സുരക്ഷയും നിലവാരം കുറഞ്ഞ ജീപ്പ് പുറത്തിറക്കില്ല

kevin-flynn Kevin Flynn

ഇന്ത്യയിലെ റോഡുകളുടെ ഹരമായി മാറുകയാണ് ജീപ് കോംപസ്. എട്ടുമാസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 20,000 വണ്ടികളാണ്. ഇതോടെ ഇന്ത്യൻ വിപണിയിൽ വൻപ്രതീക്ഷയോടെ നിലയുറപ്പിക്കുകയാണ് ജീപ്പിന്റെ പേരന്റ് കമ്പനിയായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസും ( എഫ്സിഎ). കെവിആർ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ തുറന്ന പുതിയ എഫ്സിഎ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ കമ്പനിയുടെ ഇന്ത്യൻ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ലിൻ മലയാള മനോരമയുമായി സംസാരിക്കുന്നു.

ഇന്ത്യൻ വിപണിയെക്കുറിച്ച് ഇന്ത്യയിലെ ഉപഭോക്താക്കൾ കൃത്യമായി പഠിച്ചാണ് ഉൽപന്നത്തെ സമീപിക്കുന്നത്. വേണ്ടതെന്താണെന്നു കൃത്യമായി അവർക്കറിയാം. പിന്നെ ഇവിടെ വിലയും വളരെ പ്രധാനമാണ്. ജീപ്പിനെ സംബന്ധിച്ചാണെങ്കിൽ ഇന്ത്യക്കാരുടെ ജീപ്പ് സ്നേഹം വില്ലിസിന്റെ കാലത്തു തുടങ്ങിയതാണല്ലോ. സത്യത്തിൽ ആ സ്നേഹം ഞങ്ങൾ തിരിച്ചുകൊണ്ടുവരികയാണിപ്പോൾ. 

∙ കോംപസിന്റെ ഇന്ത്യൻ വിജയത്തെ എങ്ങനെ കാണുന്നു? 

കോംപസ് യഥാർഥത്തിൽ ഒരു ഗ്ലോബൽ ജീപ്പാണ്. ലോകത്തെവിടെയുമുള്ള അതേ എസ്‌യുവിയാണ് തങ്ങൾ ഉപയോഗിക്കുന്നതെന്ന തോന്നൽ ഉപഭോക്താക്കൾക്കുണ്ട്. മികവും സൗന്ദര്യവും ഒപ്പം ഇന്ത്യൻ വിപണിക്കു ചേരുന്ന വിലയും ഒത്തുചേർന്നപ്പോഴാണ് ഇത്ര സ്വീകാര്യത വന്നത്. 

∙ ജീപ്പിൽനിന്ന് ഒരു ‘ഇന്ത്യൻ വേരിയന്റ്’ പ്രതീക്ഷിക്കാമോ ? 

എന്തിനാണ് ഇന്ത്യൻ വേരിയന്റ് ? മികവിലും സുരക്ഷിതത്വത്തിലും വെള്ളംചേർത്ത ഒരു പ്രാദേശിക വാഹനമാണോ വേണ്ടത്, അതോ എല്ലാക്കാര്യത്തിലും ആഗോളനിലവാരമുള്ള യഥാർഥ ജീപ്പോ എന്നതാണ് ചോദ്യം. വിലകുറയാൻവേണ്ടി നിലവാരം കുറഞ്ഞ ജീപ്പാണ് തങ്ങൾക്കുവേണ്ടതെന്ന് ഇന്ത്യക്കാർ പറയുമെന്ന് തോന്നുന്നില്ല. ഇനി ഇന്ത്യയിലെ റോഡുകൾക്കിണങ്ങാനാണെങ്കിൽ അതിനും രാജ്യാന്തര നിലവാരത്തിലുള്ള പരിഹാരമാണ് ‍ഞങ്ങൾക്കുള്ളത്. 

∙ മുന്നോട്ടുള്ള പ്രതീക്ഷകൾ?

ഇതുവരെയുള്ള പ്രതികരണം കണ്ടിട്ട് ഭാവി വളരെ പ്രതീക്ഷയുള്ളതാണ്. ഇപ്പോൾ ഇന്ത്യയിൽ 63 ഔട്‌ലെറ്റുകളുണ്ട്. ഉടൻ ഇത് എഴുപതാകും. കൂടാതെ സർവീസും മറ്റും നൽകാനായി കൂടുതൽ സ്ഥലങ്ങളിൽ ജീപ് കണക്റ്റ് സെന്ററുകളും സ്ഥാപിക്കും. ടാറ്റയുമായി ചേർന്നുള്ള പുണെയിലെ പ്ലാന്റിൽ വർഷം 1.65 ലക്ഷം യൂണിറ്റുകൾ ഉൽപാദിപ്പിക്കാൻ കഴിയും. ആഗോള നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള നിർമാണമാണ് ഇവിടെയും. 

∙ ഏതായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്ന അടുത്ത മോഡൽ? 

അതു പറയാനാകില്ല. ജീപ് റാങ്ളറും ഗ്രാൻഡ് ചെറോക്കീയും ധാരാളമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഭാവിയിൽ ഇവയും ഇന്ത്യയിൽ നിർമിച്ചേക്കാം.