Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ലക്ഷം പിന്നിട്ട് ഇന്ത്യയുടെ ജനപ്രിയ ബൊലേറോ

Mahindra Bolero Mahindra Bolero

യൂട്ടിലിറ്റി വാഹനമായ ‘ബൊലേറൊ’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ 23% വർധന കൈവരിച്ച ‘ബൊലേറൊ’ മാർച്ചിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന 10 യാത്രാവാഹനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു. മികച്ച പ്രകടനക്ഷമതയുടെ പിൻബലത്തിലാണു ‘ബൊലേറൊ’ 10 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന തകർപ്പൻ നേട്ടം കൈവരിച്ചതെന്നാണു മഹീന്ദ്രയുടെ വിലയിരുത്തൽ. 2000 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിച്ച ‘ബൊലേറൊ’ 18 വർഷത്തിനകമാണ് ഈ നേട്ടം കൈവരിച്ചത്. 

‘ബൊലേറൊ’യുടെ മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടത് കമ്പനിയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തമാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് ഡിവിഷൻ വിൽപ്പന, വിപണന വിഭാഗം മേധാവി വീജേ രാം നക്ര അഭിപ്രായപ്പെട്ടു. അർധ നഗരങ്ങളിലെയും ഗ്രാമീണ മേഖലയിലെയും ഉപയോക്താക്കൾ ബ്രാൻഡിലർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫനമാണ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനങ്ങളുടെ 10 വാഹനങ്ങളുടെ പട്ടികയിൽ മാർച്ചിൽ ‘ബൊലേറൊ’ തിരിച്ചെത്തിയത്. പുത്തൻ അവതരണമായ ‘ബൊലേരൊ പവർ പ്ലസി’ന്റെ പിൻബലത്തിലാണു മത്സരമേറിയ യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മഹീന്ദ്ര നേട്ടം കൊയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. 

രണ്ടു വർഷം മുമ്പ് 2016ലാണു മഹീന്ദ്ര ‘ബൊലേറൊ പവർ പ്ലസ്’ അവതരിപ്പിച്ചത്; തുടർന്നുള്ള മാസങ്ങളിലെ വിൽപ്പനയിൽ ക്രമമായ വർധനയാണു ‘ബൊലേറൊ’ ശ്രേണി കൈവരിച്ചത്. ‘പവർ പ്ലസി’ലെ പുത്തൻ എം ഹോക്ക് ഡി 70 എൻജിന് 13% അധിക കരുത്തും അഞ്ചു ശതമാനത്തോളം അധിക ഇന്ധനക്ഷമതയുമാണു മഹീന്ദ്രയുടെ വാഗ്ദാനം. ഈ 1.5 ലീറ്റർ, മൂന്നു സിലിണ്ടർ ഡീസൽ എൻജിന് പരമാവധി 70 ബി എച്ച് പി വരെ കരുത്തും 195 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഡ്രൈവർ ഇൻഫർമേഷൻ സംവിധാനം(ഡി ഐ എസ്), വോയ്സ് മെസേജിങ് സംവിധാനം, ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാമായാണ് ‘ബൊലേറൊ പവർ പ്ലസി’ന്റെ വരവ്.