Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർണപ്പകിട്ടോടെ യമഹ ‘ഫസിനൊ’

Yamaha Fascino Yamaha Fascino

യമഹയുടെ ‘ഫസിനൊ’ സ്കൂട്ടർ ശ്രേണിക്ക് ഇനി പുതുവർണ പകിട്ട്. ഗ്ലാമറസ് ഗോൾഡ്, ഡാപ്പർ ബ്ലൂ, ബീമിങ് ബ്ലൂ, ഡാസ്ലിങ് ഗ്രേ, സിസ്ലിങ് സ്യാൻ, സ്പോർട്ലൈറ്റ് വൈറ്റ്, സാസി സ്യാൻ നിറങ്ങളിലാണു ‘ഫസിനൊ’ വിൽപ്പനയ്ക്കുള്ളത്. ശനിയാഴ്ച വിപണിയിലെത്തിയ പുതുനിറങ്ങളിലുള്ള ‘ഫസിനൊ’യ്ക്ക് 54,593 രൂപയാണു ഡൽഹിയിലെ ഷോറൂം വില.

സ്കൂട്ടറിനു കരുത്തേകുന്നത് ബ്ലൂ കോർ ടെക്നോളജിയുടെ പിൻബലമുള്ള 113 സി സി എൻജിനാണ്; ‘ആൽഫ’യ്ക്കും ‘റേ’യ്ക്കും ‘റേ സീ’ക്കുമൊക്കെ കരുത്തേകുന്നതും ഇതേ എൻജിൻ തന്നെ. 7.1 പി എസ് വരെ കരുത്തും 8.1 എൻ എം വരെ ടോർക്കുമാണു ‘ഫസിനൊ’യിൽ ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 66 കിലോമീറ്ററാണു ‘ഫസിനൊ’യ്ക്കു യമഹ അവകാശപ്പെടുന്ന ഇന്ധനക്ഷമത. 

മുന്നിലും ബോഡിയുടെ പാർശ്വങ്ങളിലുമൊക്കെ പുത്തൻ ഗ്രാഫിക്സോടെയാണ് പുതുനിറങ്ങളുള്ള ‘ഫസിനൊ’ എത്തുന്നത്. കൂടുതൽ കാഴ്ചപ്പകിട്ടിനായി ഇരട്ട വർണ സീറ്റ് കവർ, ഉയർന്ന ഗ്രാബ് ബാർ തുടങ്ങിയവയുമുണ്ട്. ക്രോം പ്ലേറ്റിങ്ങോടെയുള്ള ഡൈനമിക് കർവുകളാണു മറ്റൊരു മാറ്റം.

പുതുമകളും പരിഷ്കാരങ്ങളുമായി മോഡൽ ശ്രേണിയോടുള്ള ആവേശം നിലനിർത്താനാണു കമ്പനി ശ്രമിക്കുന്നതെന്ന് യമഹ മോട്ടോർ ഇന്ത്യ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ അഭിപ്രായപ്പെട്ടു. കാഴ്ചപ്പകിട്ടും സാങ്കേതികവിഭാഗത്തിലെ മികവുമായി അവതരണ വേള മുതൽ വിപണിയുടെ സ്വീകര്യത നേടാൻ ‘ഫസിനൊ’യ്ക്കു സാധിച്ചിരുന്നു. പുതിയ നിറങ്ങളും പരിഷ്കാരങ്ങളുമൊക്കെ ചേരുന്നതോടെ യുവതലമുറയ്ക്ക് ‘ഫസിനൊ’ കൂടുതൽ ഇഷ്ടമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.