Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ്ഡ് ഇൻ ഇന്ത്യ സ്വിഫ്റ്റ് ദക്ഷിണ ആഫ്രിക്കയിലേയ്ക്ക്

Swift 2018 Swift 2018

ഇന്ത്യയിൽ നിർമിച്ച മൂന്നാം തലമുറ ‘സ്വിഫ്റ്റി’ന്റെ കയറ്റുമതിക്ക് സുസുക്കി തുടക്കമിട്ടു. മുംബൈ തുറമുഖത്തു നിന്ന് ദക്ഷിണ ആഫ്രിക്കയിലേക്കാണ് ഇന്ത്യയിൽ നിർമിച്ച ആദ്യ പുതുതലമുറ ‘സ്വിഫ്റ്റ്്’ കപ്പൽ കയറിയത്.

ഗുജറാത്തിലെ ഹൻസാൽപൂരിൽ സുസുക്കി മോട്ടോർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പുതിയ ശാലയിലാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതുതലമുറ ‘സ്വിഫ്റ്റ്’ ഉൽപ്പാദിപ്പിക്കുന്നത്. ഇതോടെ ഗുജറാത്ത് ശാലയിൽ നിന്നു കയറ്റുമതി ചെയ്യപ്പെടുന്ന ആദ്യ മോഡലുമായി ‘സ്വിഫ്റ്റ്’. അതേസമയം ‘സ്വിഫ്റ്റി’ന്റെ രണ്ടാം തലമുറ ഹരിയാനയിലെ മനേസാറിലുള്ള മാരുതി സുസുക്കി ശാലയിലാണു നിർമിച്ചിരുന്നത്. ‘സ്വിഫ്റ്റ്’ അടിത്തറയാക്കിയുള്ള കോംപാക്ട് സെഡാനായ ‘ഡിസയർ’ ഇപ്പോഴും മനേസാർ ശാലയിൽ നിർമിച്ചാണു ദക്ഷിണ ആഫ്രിക്കയിലും ചിലെയിലുമൊക്കെ വിൽപ്പനയ്ക്കെത്തുന്നത്.

‘മാരുതി സുസുക്കി’ എന്ന ബാഡ്ജിങ്ങില്ലാതെ വിൽപ്പനയ്ക്കെത്തുന്ന ‘2018 സ്വിഫ്റ്റ്’ ലഭിക്കാൻ ഇന്ത്യക്കാർ നാല് മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. പ്രതിവർഷം രണ്ടര ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ഗുജറാത്ത്ശാല പൂർണതോതിൽ പ്രവർത്തനക്ഷമമായാൽ ‘സ്വിഫ്റ്റി’നുള്ള കാത്തിരിപ്പ് ഒഴിവാക്കാനാവുമെന്ന പ്രതീക്ഷയിലാണു മാരുതി സുസുക്കി. നിലവിൽ 15,000 — 20,000 യൂണിറ്റാണു ‘സ്വിഫ്റ്റി’ന്റെ പ്രതിമാസ വിൽപ്പന. കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 19.207 യൂണിറ്റായിരുന്നു.

‘സ്വിഫ്റ്റി’നു പുറമെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യും സുസുക്കി ഗുജറാത്ത് ശാലയിൽ നിർമിക്കുന്നുണ്ട്. തുടക്കത്തിൽ മനേസാറിലാണു മാരുതി സുസുക്കി ‘ബലേനൊ’ ഉൽപ്പാദിപ്പിച്ചിരുന്നത്. എന്നാൽ വിപണിയുടെ ആവശ്യത്തിനൊത്ത് ഉൽപ്പാദനം കൈവരിക്കാനാവാതെ വന്നതോടെ കാർ നിർമാണം ഹൻസാൽപൂരിലും ആരംഭിക്കുകയായിരുന്നു. എന്തായാലും നിലവിൽ ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി ‘സ്വിഫ്റ്റ്’ ഉൽപ്പാദിപ്പിക്കുന്നതിലാണു ഗുജറാത്തില സുസുക്കി ശാലയുടെ ശ്രദ്ധ.