Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിലെ ഒഴുകുന്ന കൊട്ടാരം, ഇത് കപ്പലോ നഗരമോ?

symphony-of-the-seas Symphony of the Seas, Image Source: Official Site

ഏകദേശം 9000 പേർക്ക് താമസിക്കാനുള്ള സൗകര്യം, 22 റെസ്റ്റോറന്റുകൾ, 24 നീന്തൽകുളങ്ങൾ, 20000 ചെടികൾ പറഞ്ഞുവരുന്നത് ഒരു നഗരത്തിന്റെ കാര്യമല്ല, റോയൽ കരീബിയന്റെ പുതിയ കപ്പലായ സംഫണി ഓഫ് സീസിന്റെ വിശേഷങ്ങളാണ്. എന്നാൽ പിന്നെ ഇതിനെ ഒരു ജില്ലയായി പ്രഖ്യാപിച്ചുകൂടെ എന്ന സിനിമ ഡയലോഗ് മനസിൽ കരുതുന്നവരോട് ഒരു കാര്യം കൂടി, ഈ ഒഴുകുന്ന കൊട്ടാരം തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ യാത്രക്കപ്പലും. 2016 ൽ നിർമാണം ആരംഭിച്ച കപ്പലിന്റെ ആദ്യ യാത്ര കഴിഞ്ഞ ഏഴാം തിയതി ബാസിലോണയിൽ നിന്ന് ആരംഭിച്ചു.

symphony-of-the-seas-2 Symphony of the Seas, Image Source: Official Site

പതിനെട്ടു നിലകളിലായുള്ള ഈ കപ്പലിൽ 6680 യാത്രക്കാരും 2200 ജീവനക്കാരുമാണുള്ളത്. 1188 അടി നീളവും 238 അടി ഉയരവുമുണ്ട് ഈ കപ്പൽ ഭീകരന്. സ്പെയിനിലെ ബാഴ്സലോണയിൽ നിന്ന് യാത്ര ആരംഭിച്ച ഈ ഒഴുകുന്ന നഗരം മെഡിറ്ററേനിയൻ കടലിലെ പ്രദേശങ്ങളിലൂടെയാണ് സഞ്ചരിക്കുക. 2759 ക്യാബിനുകളുള്ള ഈ കപ്പലിൽ 20000 അധികം ചെടികളുള്ളൊരു സെന്ററൽ പാർക്ക് വരെയുണ്ട്. യാത്രക്കാര്‍ക്ക് കലാപരിപാടികള്‍ ആസ്വദിക്കുന്നതിന് ബ്രോഡ്‌വേ മാതൃകയില്‍ 1400 പേർക്ക് ഇരിക്കാവുന്നൊരു തീയേറ്ററും കപ്പലിൽ സജ്ജമാക്കിയിട്ടുണ്ട്. രാത്രിയില്‍ ഇവിടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. കൂടാതെ മൂന്നാം നിലയിൽ കോൺഫറൻസ് സെന്ററുമുണ്ട്.

symphony-of-the-seas-1 Symphony of the Seas, Image Source: Official Site

കുട്ടികൾക്കായുള്ള വാട്ടർ പാർക്ക്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഐസ് സ്കേറ്റിങ്, 43 അടി ഉയരമുള്ള റോക്ക് ക്ലൈംബിങ് വാൾ തുടങ്ങിയ സൗകര്യങ്ങളും കപ്പിലിലുണ്ട്. 19300 ബിഎച്ച്പി കരുത്തുള്ള നാല് എൻജിനുകള്‍ വീതവും 25700 കരുത്തുള്ള രണ്ട് എൻജിനുകളുമാണ് സിംഫണി ഓഫ് സീസിന് കരുത്തേകുന്നത്. 225081 ഗ്രോസ് ടൺ ഭാരമുള്ള ഈ കപ്പിലിന്റെ പരമാവധി വേഗം 22 നോട്ടിക്കല്‍  മൈലാണ് പരമാവധി വേഗം. പത്തുനില കെട്ടിടത്തിന്റെ ഉയരമുള്ള വാട്ടർ സ്ലൈഡർ (കടലിലെ ഏറ്റവും വലിയ വാട്ടർ സ്ലൈഡർ).

symphony-of-the-seas-4 Symphony of the Seas, Image Source: Official Site

അൾട്ടിമേറ്റ് ഫാമിലി സ്യൂട്ടാണ് കപ്പലിലെ ഏറ്റവും ആഡംബര മുറി. അത്യാഢംബര സൗകര്യങ്ങളുമായി 1400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലകളിലായാണ് ഫാമിലി സ്യൂട്ട് സ്ഥിതി ചെയ്യുന്നത്. 85 ഇഞ്ച് എച്ച്‌് ഡി ടിവിയുള്ള ഹോം തീയറ്ററും 212 ചതുരശ്ര അടി വിസ്തീര്‍ണമുള്ള, കടലിലേക്ക് തുറക്കുന്ന ബാല്‍ക്കണിയും ഈ അപ്പാര്‍ട്ട്‌മെന്റ് സ്യൂട്ടിനെ ആഡംബരത്തിന്റെ അവസാന വാക്കുകളാകുന്നു. എട്ടുപേര്‍ക്ക് ഈ സ്യൂട്ടില്‍ താമസിക്കാനാകും. സ്വന്തം പാചകക്കാരനെയും ഇവര്‍ക്ക് ലഭിച്ചും. കൂടാതെ റോയൽസ്യൂട്ട് ക്ലാസ്, ബാൽക്കണി, ഔട്സൈഡ് വ്യൂ, ഇന്റീരിയർ തുടങ്ങിയ റൂമുകളുണ്ട്.

symphony-of-the-seas-3 Symphony of the Seas, Image Source: Official Site

ഫ്രാന്‍സിലാണ് സിംഫണി ഓഫ് സീസ് നിര്‍മ്മിച്ചത്. 1.35 ബില്യൺ യുഎസ് ഡോളറാണ് കപ്പലിന്റെ നിർമാണ ചിലവ്. റോയല്‍ കരീബിയന്റെ 25-ാമത്തെ കപ്പലാണ് സിംഫണി ഓഫ് സീസ്. ലോകത്തിലെ ഏറ്റവും വലിയ പത്ത് യാത്രകപ്പലുകളിൽ എട്ടും റോയൽ കരീബിയന്റേതു തന്നെയാണ്. അതിനുമുന്നേ റോയൽ കരീബിയന്റെ ഹർണമി ഓഫ് സീസായിരുന്ന ലോകത്തിലെ ഏറ്റവും വലിയ യാത്രക്കപ്പൽ.