Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എക്സ്ട്രീം 200 ആറു’മായി ഹീറോ മോട്ടോ കോർപ്

Hero Xtreme200r Hero Xtreme200r

പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ എൻട്രി ലവൽ വിഭാഗത്തിൽ തിരിച്ചെത്താൻ ‘എക്സ്ട്രീം 200 ആറു’മായി ഹീറോ മോട്ടോ കോർപ്. 1,000 മുതൽ 5,000 രൂപ വരെ അഡ്വാൻസ് ഈടാക്കി ഹീറോ ഡീലർഷിപ്പുകൾ ‘എക്സ്ട്രീം 200 ആറി’നുള്ള ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബൈക്കിന്റെ ഔപചാരിക അരങ്ങേറ്റം ജൂണിലാവുമെന്നാണു സൂചന; തുടർന്നാവും ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ബൈക്കുകൾ കൈമാറുക. 

കാഴ്ചയിൽ 150 സി സി എൻജിനോടെ വിപണിയിലുണ്ടായിരുന്ന ‘എക്സ്ട്രീമി’നെയാണു പുതിയ ‘എക്സ്ട്രീം 200 ആറും’ ഓർമിപ്പിക്കുക. എങ്കിലും കൂടുതൽ ആക്രമണോത്സുകതയും പകിട്ടും തോന്നിപ്പിക്കാനുള്ള തന്ത്രങ്ങളൊക്കെ ഹീറോ പയറ്റിയിട്ടുണ്ട്. ടാങ്ക് നീട്ടൽ, വിഭജിച്ച ഗ്രാബ് റെയ്ൽ, കോംപാക്ട് ടെയ്ൽ പീസ്, ബെല്ലി പാൻ ഫെയറിങ് തുടങ്ങി എൻട്രി ലവൽ പെർഫോമൻസ് ബൈക്കുകളുടെ സവിശേഷതകളൊക്കെ പുത്തൻ ‘എക്സ്ട്രീമി’നും സ്വന്തമാണ്. 

മുന്നിൽ 37 എം എം ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണു ബൈക്കിന്റെ സസ്പെൻഷൻ. മുൻ ‘എക്സ്ട്രീമി’നെ പോലെ ഡിജിറ്റൽ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് ഈ ബൈക്കിലും ഹീറോ സ്വീകരിച്ചിരിക്കുന്നത്. പൈലറ്റ് ലൈറ്റും ടെയ്ൽ ലൈറ്റും എൽ ഇ ഡിയാണെങ്കിലും ഹെഡ്ലാംപ് എൽ ഇ ഡി അല്ല. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കോടെ എത്തുന്ന ‘എക്സ്ട്രീം 200 ആറി’ൽ ഓപ്ഷനൽ വ്യവസ്ഥയിൽ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനവും ലഭ്യമാണ്. വില നിയന്ത്രിക്കാനായി സിംഗിൾ ചാനൽ എ ബി എസ് മാത്രമാണു ഹീറോ ‘എക്സ്ട്രീമി’ൽ ലഭ്യമാക്കുന്നത്. 

 ‘അച്ചീവറി’ന്റെ എൻജിൻ അടിസ്ഥാനമാക്കി ജയ്പൂരിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി( സി ഐ ടി) വികസിപ്പിച്ച 200 സി സി എൻജിനാണ് ‘എക്സ്ട്രീമി’നു കരുത്തേകുന്നത്; 18.4 പി എസ് വരെ കരുത്തും 17 എൻ എം കരുത്തുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എൻജിൻ നിലവാരം മെച്ചപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടത്തിയിട്ടുണ്ടെന്നാണു ഹീറോ മോട്ടോ കോർപിന്റെ അവകാശവാദം. ഇന്ത്യൻ വിപണിയിൽ ടി വി എസ് ‘അപാച്ചെ ആർ ടി ആർ 200’, ബജാജ് ‘പൾസർ എൻ എസ് 200’, യമഹ ‘എഫ് സീ 25’, കെ ടി എം ‘200 ഡ്യൂക്ക്’ തുടങ്ങിയവയോടാണ് ‘എക്സ്ട്രീം 200 ആർ’ മത്സരിക്കുക.