Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പരപ്പിക്കാൻ എത്തും പുതിയ ഥാർ

mahindra-thar Thar

ജീപ്പിന്റെ പാരമ്പര്യം മുറുകെപിടിച്ച് മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് ഥാർ. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളുടെ രൂപ ഗുണവുമായി 2010 ൽ എത്തിയ ജീപ്പ് വളരെ വേഗം തന്നെ വാഹന പ്രേമികളുടെ ഇഷ്ട ചോയ്സായി. 2015ൽ ഡാഷ് ബോർഡിനും സീറ്റിനും ബോഡിക്കും ചെറിയ മാറ്റങ്ങളുമായി ഫെയ്സ്‌ലിഫ്റ്റ് പുറത്തിറങ്ങിയെങ്കിലും കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഥാർ വിപണിയിൽ തുടരുന്നത്.

ക്ലാസിക്ക് ലുക്കുകൊണ്ട് ആരാധകരെ സൃഷ്ടിച്ച ഥാർ അടിമുടി മാറ്റവുമായി എത്തുന്നു. മഹീന്ദ്ര വികസിപ്പിച്ച പുതിയ പ്ലാറ്റ്ഫോമിലായിരിക്കും ഥാർ പുറത്തിറങ്ങുക. അടുത്ത വർഷം ഓക്ടോബറിൽ നിലവിൽ വരുന്ന സുരക്ഷ മാനദണ്ഡങ്ങൾ പലിക്കാനാണ് പുതിയ പ്ലാറ്റ്ഫോമിൽ വാഹനത്തെ നിർമിക്കുന്നത്. നിലവിലെ വാഹനത്തെക്കാളും നീളം കൂടുതലായിരിക്കും പുതിയ ഥാറിന് എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ പുതിയ വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കും.

അടിമുടി മാറിയെത്തുന്ന ഥാറിൽ കൂടുതൽ ഫീച്ചറുകളുമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിക്ക് മാത്രമല്ല രാജ്യാന്തര വിപണികള്‍ക്കും അനുയോജ്യമായ ഡിസൈനായിരിക്കും ഥാറിന്. മഹീന്ദ്ര അടുത്തിടെ സ്വന്തമാക്കിയ പെനിന്‍ഫിരയും സാങ് യോങ്ങും മഹീന്ദ്രയും ചേര്‍ന്നായിരിക്കും ഡിസൈന്‍ നിര്‍വഹിക്കുക. എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും 2.5 എംഹോക്ക് ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ഥാറിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് ശ്രമിക്കുന്നത്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും.