Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈലൻ ലുക്കിൽ പുതിയ ബലേനൊ എത്തും അടുത്ത വർഷം

Maruti Baleno Maruti Baleno

അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും സൂപ്പർഹിറ്റ് കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനൊ. 2015 മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിതരണത്തിനെത്തിയ ഈ പ്രീമിയം ഹാച്ച്ബാക്ക് മാരുതിയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള വാഹനങ്ങളിലൊന്നായി മാറി. വിപണിയിൽ പുതിയ ചരിത്രങ്ങൾ കുറിച്ച് മുന്നേറുന്ന ബലേനൊയുടെ ഫെയ്സ്‍ലിഫ്റ്റുമായി മാരുതി എത്തുന്നു. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യം തന്നെ പുതിയ ബലേനൊ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അകത്തും പുറത്തു മാറ്റങ്ങളുമായി എത്തുന്ന ബലേനോയിൽ പുതിയ ബംബറുകൾ ഹെഡ്‌ലാമ്പ് എന്നിവയുണ്ടാകും. ഉൾഭാഗത്തെ അടിസ്ഥാന ഡിസൈനിന് മാറ്റങ്ങളുണ്ടാകില്ലെങ്കിലും പുതിയ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം റീഡിസൈൻഡ് സീറ്റുകൾ എന്നിവ പ്രതീക്ഷിക്കാം. മാരുതി വികസിപ്പിച്ച 1.5 ലീറ്റർ ഡീസൽ എൻജിനായിരിക്കും ഏറ്റവും വലിയ മാറ്റം. നിലവിലെ 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിന് പകരമായിരിക്കും 1.5 ലീറ്റർ എൻജിൻ. പെട്രോൾ എൻജിന് കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 

ഹ്യുണ്ടേയ് എലൈറ്റ് ഐ20, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടുന്ന ബലേനൊ നെക്സ നിരയിലെ ഏറ്റവും വിൽപ്പനയുള്ള വാഹനമാണ്. മാരുതി സുസുക്കിയുടെ മിഡ് സൈസ് സെഡാനായ സിയാസ് ഫെയ്സ് ലിഫ്റ്റിന്റെ അവതരണത്തിന് ശേഷമായിരിക്കും പുതിയ ബലേനൊയെ വിപണിയിലെത്തിക്കുക.