Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയ് ഇന്ത്യ: വിൽപ്പനയിൽ മുന്നിൽ ‘എലീറ്റ് ഐ 20’

hyundai-elite-i20-3 Elite i20

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ മോഡൽ ശ്രേണിയിൽ ഏറ്റവും വിൽപ്പന നേടുന്നത്  പരിഷ്കരിച്ച‘എലീറ്റ് ഐ 20’.  കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു നവീകരിച്ച ‘എലീറ്റ് ഐ 20’ അരങ്ങേറ്റം കുറിച്ചത്.  കഴിഞ്ഞ മാസം 13,319 ‘എലീറ്റ് ഐ 20’ ആണു ഹ്യുണ്ടേയ് ഇന്ത്യയിൽ വിറ്റത്; 12,476 യൂണിറ്റ് വിൽപ്പനയോടെ ‘ഗ്രാൻഡ് ഐ 10’ ആണു രണ്ടാം സ്ഥാനത്ത്. 

അതേസമയം പ്രീമിയം ഹാച്ച് ബാക്ക് വിപണിയിൽ നേതൃസ്ഥാനത്തുള്ള മാരുതി സുസുക്കി ‘ബലേനൊ’ ഹ്യുണ്ടായിയുടെ പോരാളിയെ അപേക്ഷിച്ച് ഏറെ മുന്നിലാണ്; 16,254 ‘ബലേനൊ’യാണു മാരുതി സുസുക്കി കഴിഞ്ഞ മാസം വിറ്റത്. 

നിരത്തിലെത്തി മൂന്നു വർഷം കഴിഞ്ഞിട്ടും പുതുമ നിലനിർത്താൻ കഴിയുന്നതാണു ‘എലീറ്റ് ഐ 20’ ഹാച്ച്ബാക്കിനെ ഇന്ത്യയ്ക്കു പ്രിയങ്കരമാക്കുന്നത്. കാലത്തെ വെല്ലുന്ന രൂപകൽപ്പനയാണു കാറിനായി ഹ്യുണ്ടേയ് തിരഞ്ഞെടുത്തത്; അതുകൊണ്ടുതന്നെ മത്സരം കനത്തിട്ടും വർഷങ്ങൾ കൊഴിഞ്ഞിട്ടും ‘എലീറ്റ് ഐ 20’ സമകാലികമായി തുടരുന്നു. നവീകരിച്ച മോഡൽ എത്തിയതോടെ കാറിൻെ പിൻഭാഗത്തിന്റെ ഘടനയിൽ മാറ്റം വന്നെങ്കിലും വിപണിക്ക് ഇതു സ്വീകാര്യമായെന്നാണു വിൽപ്പന കണക്കുകൾ നൽകുന്ന സൂചന.

വൈകാതെ സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുള്ള ‘എലീറ്റ് ഐ 20’ അവതരിപ്പിക്കാൻ ഹ്യുണ്ടേയ് ഒരുങ്ങുന്നുണ്ട്; 1.2 ലീറ്റർ പെട്രോൾ എൻജിനു കൂട്ടായാണ് ഈ ട്രാൻസ്മിഷൻ എത്തുക. എതിരാളികളായ ഹോണ്ട ‘ജാസി’നും മാരുതി സുസുക്കി ‘ബലേനൊ’യ്ക്കുമൊക്കെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദം നേരത്തെ ലഭ്യമായിരുന്നു. ഈ പോരായ്മ കൂടി പരിഹരിക്കുന്നതോടെ ‘എലീറ്റ് ഐ 20’ വിൽപ്പനയിൽ പ്രതിമാസം 1,000 യൂണിറ്റിന്റെയെങ്കിലും വർധന കൈവരിക്കാനാവുമെന്നാണു ഹ്യുണ്ടേയിയുടെ പ്രതീക്ഷ. അതേസമയം ഡീസൽ എൻജിനുള്ള ‘എലീറ്റ് ഐ 20’ ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് സഹിതം മാത്രമാവും വിൽപ്പനയ്ക്കുണ്ടാവുക. 

കാറിലെ 1.2 ലീറ്റർ പെട്രോൾ എൻജിന് 82 ബി എച്ച് പി വരെ കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; 1.4 ലീറ്റർ, ടർബോചാർജ്ഡ് ഡീസൽ എൻജിനാവട്ടെ 89 ബി എച്ച് പി കരുത്തും 220 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. സൗകര്യങ്ങളിലും സംവിധാനങ്ങളിലും സമൃദ്ധമായ ‘എലീറ്റ് ഐ 20’ വകഭേദങ്ങളുടെ വില ആരംഭിക്കുന്നത് 5.35 ലക്ഷം രൂപ മുതലാണ്.