Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി തുണച്ചു; സുസുക്കിയുടെ വിൽപ്പന 30 ലക്ഷം

swift-2018 New Swift

കമ്പനിയുടെ ചരിത്രത്തിലാദ്യമായി ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷ(എസ് എം സി)ന്റെ വാർഷിക വിൽപ്പന 30 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2017 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെയുള്ള കാലത്തിനിടെ കമ്പനി 32,23,897 യൂണിറ്റായിരുന്നു സുസുക്കിയുടെ വിൽപ്പന; 17,79,574 യൂണിറ്റ് വിൽപ്പനയോടെ 55.19 ശതമാനമായിരുന്നു ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിഹിതം. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 13.4% വർധനയാണു മാരുതി സുസുക്കി കൈവരിച്ചത്. 

അതേസമയം മൊത്തം വിൽപ്പനയിൽ 20% മാത്രമായിരുന്നു സുസുക്കിയുടെ സ്വന്തം വിപണിയായ ജപ്പാന്റെ സംഭാവന. മുൻവർഷത്തെ അപേക്ഷിച്ച് 104.6% വർധനയോടെ 6,68,173 യൂണിറ്റായിരുന്നു ജപ്പാനിൽ സുസുക്കി 2017 — 18ൽ കൈവരിച്ച വിൽപ്പന. മറ്റു വിദേശ വിപണികളിൽ നിന്നായി 7,76,150 യൂണിറ്റ് വിൽപ്പനയാണ് എസ് എം സി കഴിഞ്ഞ വർഷം നേടിയത്.ജാപ്പനീസ് വിപണിയിൽ നിലവിൽ നാലാം സ്ഥാനത്താണു സുസുക്കി. മിനി വിഭാഗത്തിൽപെട്ട ‘വാഗൻ ആറും’ പുത്തൻ അവതരണമായ ‘സ്പാഷ്യ’യുമൊക്കെ ചേർന്നാണു ജപ്പാനിൽ സുസുക്കിയുടെ നില മെച്ചപ്പെടുത്തിയത്. ഇതോടൊപ്പം കോംപാക്ട് ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നു സ്വീകാര്യതയേറിയതും സുസുക്കിയെ തുണച്ചിട്ടുണ്ട്.

ഇന്ത്യയിലാവട്ടെ ‘ബലേനൊ’, ‘സ്വിഫ്റ്റ്’, ‘ഡിസയർ’ തുടങ്ങിയവയുടെ ജനപ്രീതിയാണു മാരുതി സുസുക്കിയുടെ പിൻബലം. ഇതോടൊപ്പം കോംപാക്ട് എസ്  യു വിയായ ‘വിറ്റാര ബ്രേസ’ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും സുസുക്കിക്കു തുണയാവുന്നുണ്ട്. ഇന്ത്യയിലെ വിപണന സാധ്യതയിൽ പ്രതീക്ഷയർപ്പിച്ച് നടപ്പു സാമ്പത്തിക വർഷം മൂലധന ചെലവുകൾക്കായി 5,000 കോടി രൂപയാണു മാരുതി സുസുക്കി നീക്കിവച്ചിരിക്കുന്നത്. പുതിയ മോഡലുകളുടെ വികസനത്തിനൊപ്പം എൻജിനീയറിങ്, ഉൽപ്പാദന ശാലകളുടെ അറ്റകുറ്റപ്പണി, വിപണന ശൃംഖല വിപുലീകരണം എന്നിവയ്ക്കൊക്കെ ഈ തുക വിനിയോഗിക്കാനാണു കമ്പനിയുടെ പദ്ധതി.പുതുതായി 300 വിൽപ്പന ശാലകൾ തുറന്ന് 2019 അവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം മൂവായിരത്തോളമായി ഉയർത്താനും കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്.