Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ‘അമെയ്സ്’ നിർമാണത്തിനു തുടക്കം

All New Honda Amaze All New Honda Amaze

എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ രണ്ടാം തലമുറ മോഡലിന്റെ നിർമാണത്തിനു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) തുടക്കമിട്ടു. തുടക്കത്തിൽ രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിലാണു ഹോണ്ട പുതിയ ‘അമെയ്സ്’ നിർമിക്കുക. രണ്ടാം തലമുറ ‘അമെയ്സി’ന്റെ നിർമാണവും അരങ്ങേറ്റവുമൊക്കെ നടക്കുന്ന ആദ്യ രാജ്യവുമാണ് ഇന്ത്യ. മേയ് 16ന് അരങ്ങേറ്റം നിശ്ചയിച്ചിരിക്കുന്ന പുത്തൻ ‘അമെയ്സ്’ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ഉടൻ കാറുകൾ കൈമാറാനാണു ഹോണ്ടയുടെ നീക്കം.

Honda Amaze Test Drive

പുതിയ ‘അമെയ്സി’ന്റെ നിർമാണത്തിനു തുടക്കമായെന്നു ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയലാണ് വെളിപ്പെടുത്തിയത്.  ഹോണ്ടയെ സംബന്ധിച്ചിടത്തോളം അതീവ നിർണായക മോഡലാണു പുത്തൻ ‘അമെയ്സ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു; ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഇന്ത്യയിലെ മോഡൽ ശ്രേണി ശക്തമാക്കുന്നതിനൊപ്പം വിൽപ്പന ഉയർത്താനും ‘അമെയ്സി’നു കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചതു മുതൽ മികച്ച പ്രതികരണം സൃഷ്ടിക്കാൻ രണ്ടാം തലമുറ ‘അമെയ്സി’നു സാധിച്ചിട്ടുണ്ടെന്നും ഗോയൽ അവകാശപ്പെട്ടു. വിശദാംശങ്ങൾ അറിയുംമുമ്പേ ‘അമെയ്സ്’ ബുക്ക് ചെയ്യാൻ താൽപര്യം കാട്ടിയവർക്കായി പ്രത്യേക പ്രാരംഭ വിലയ്ക്കാണ് കാർ വിൽക്കുകയെന്നും അദ്ദേഹം അറിയിച്ചു. ആദ്യ 20,000 ബുക്കിങ്ങുകൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.

ഗവേഷണ, വികസന രംഗങ്ങളിലെ വൈദഗ്ധ്യവും എൻജിനീയറിങ്ങിലെ മികവുകളും സമന്വയിക്കുന്ന പുത്തൻ പ്ലാറ്റ്ഫോമാണ് ‘അമെയ്സി’നായി ഹോണ്ട തിരഞ്ഞെടുത്തിരിക്കുന്നത്. പോരെങ്കിൽ ഡീസൽ എൻജിനൊപ്പം ‘അമെയ്സി’ൽ ഇതാദ്യമായി കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഘടിപ്പിക്കാനും ഹോണ്ട തയാറെടുക്കുന്നുണ്ട്. നിലവിലുള്ള എൻജിനുകളെ കൂടുതൽ കാര്യക്ഷമതയ്ക്കും ഇന്ധനക്ഷമതയ്ക്കുമായി റീ ട്യൂൺ ചെയ്തതിനൊപ്പം കാറിൽ അധിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ലഭ്യമാക്കാനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്. റിയൽ പാർക്കിങ് സെൻസർ, റിയർ കാമറ, പുത്തൻ അലോയ് വീൽ തുടങ്ങിയവയ്ക്കൊപ്പം ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതമുള്ള ഡിജിപാഡ് 2.0, മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും കാറിലുണ്ടാവും. ക്രൂസ് കൺട്രോളോടെ ലഭ്യമാവുന്ന ‘അമെയ്സി’ന്റെ പെട്രോൾ പതിപ്പിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനൊപ്പം പാഡ്ൽ ഷിഫ്റ്ററും ഉണ്ടാവും. കൂടാതെ പുഷ് ബട്ടൻ സ്റ്റാർട്/സ്റ്റോപ് ബട്ടനും.