Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയെ പിന്തള്ളി ടൊയോട്ട

Yaris Yaris

ഇന്ത്യൻ കാർ വിപണിയിൽ ഹോണ്ടയെ പിന്തള്ളി ജപ്പാനിൽ നിന്നു തന്നെയുള്ള ടൊയോട്ട അഞ്ചാം സ്ഥാനത്തെത്തി. ഏപ്രിലിലെ വിൽപ്പന കണക്കെടുപ്പിലാണു ടൊയോട്ട കിർലോക്സർ മോട്ടോർ(ടി കെ എം) ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നെ അട്ടിമറിച്ചത്.  കഴിഞ്ഞ മാസം ടൊയോട്ട 13,037 കാർ വിറ്റപ്പോൾ ഹോണ്ടയുടെ വിൽപ്പന 9,143 യൂണിറ്റിലൊതുങ്ങി. ‘എത്തിയോസ് ലീവ’, ‘ഇന്നോവ’, ‘ഫോർച്യൂണർ’ തുടങ്ങിയവയുടെ മികവിൽ 2017 ഏപ്രിലിനെ അപേക്ഷിച്ച് 5.64% വിൽപ്പന വളർച്ചയാണു ടി കെ എം കഴിഞ്ഞ മാസം കൈവരിച്ചത്; അതേസമയം ഹോണ്ടയുടെ വിൽപ്പനയാവട്ടെ 2017 ഏപ്രിലിനെ അപേക്ഷിച്ച് 36% ഇടിയുകയും ചെയ്തു.

ഇടത്തരം സെഡാനായ ‘യാരിസി’നുള്ള ബുക്കിങ് കൂടിയാരംഭിച്ചതോടെ ഏപ്രിൽ ടൊയോട്ടയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ മാസമായിരുന്നെന്നാണ് ടി കെ എം ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജയുടെ വിലയിരുത്തൽ. ഗുണനിലവാരത്തിലും യാത്രാസുഖത്തിലും സുരക്ഷിതത്വത്തിലും പ്രകടനത്തിലും സുഖസൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ ബഹുദൂരം മുന്നിലുള്ള ‘യാരിസ്’ ഇന്ത്യയിലും തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണു ടി കെ എം.അതേസമയം പുത്തൻ ‘അമെയ്സ്’ അരങ്ങേറ്റത്തിനുള്ള തയാറെടുപ്പാണ് ഏപ്രിലിൽ തിരിച്ചടി സൃഷ്ടിച്ചതെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ. രണ്ടാം തലമുറയ്ക്ക് വഴിയൊരുക്കാനായി എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ വിൽപ്പന കമ്പനി നിർത്തിയിരുന്നു. 

അതുകൊണ്ടുതന്നെ ഏപ്രിലിലെ വിൽപ്പന കമ്പനി പ്രതീക്ഷിച്ച തലത്തിൽ തന്നെയാണെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാജേഷ് ഗോയൽ അവകാശപ്പെടുന്നു. പുത്തൻ ‘അമെയ്സ്’ അരങ്ങേറ്റത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ പഴയ ‘അമെയ്സ്’ സ്റ്റോക്കില്ലായിരുന്നു. പോരെങ്കിൽ കഴിഞ്ഞ വർഷം ഇതേ മാസമാണ് ‘സിറ്റി’യും ‘ഡബ്ല്യു ആർ — വി’യും വിൽപ്പനയ്ക്കെത്തിയതെന്നും അതുകൊണ്ടുതന്നെ ഇവ മികച്ച വിൽപ്പന കൈവരിച്ചിരുന്നെന്നും ഗോയൽ വിശദീകരിക്കുന്നു. 

അതേസമയം പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 8.75 ലക്ഷം മുതൽ 14.07 ലക്ഷം രൂപ വരെ വിലയ്ക്കു വിപണിയിലെത്തുന്ന ‘യാരിസ്’ ടൊയോട്ടയ്ക്കു മികച്ച വിൽപ്പന നേടിക്കൊടുക്കുമെന്നാണു പ്രതീക്ഷ. പ്രീമിയം സെഡാൻ, വിവിധോദ്ദേശ്യ വാഹന(എം പി വി), പ്രീമിയം യൂട്ടിലിറ്റി വാഹന വിഭാഗങ്ങളിൽ മേധാവിത്തമുള്ള ‘കൊറോള’യും  ‘ഇന്നോവ ക്രിസ്റ്റ’യും ‘ഫോർച്യൂണ’റും ആധിപത്യം നിലനിർത്തുകയും ചെയ്യും.