Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ അദ്ഭുതപ്പെടുത്തിയ പുടിന്റെ കാർ

President Vladimir Putin's Russian-made limousine President Vladimir Putin's Russian-made limousine

നാലാം തവണയും റഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിർ പുടിൻ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങുന്നതുകണ്ടു സാധാരണ റഷ്യക്കാർ പോലും ഞെട്ടി. പുടിൻ അല്ല, അദ്ദേഹം വന്ന കാറാണു ലോകത്തെ അദ്ഭുതപ്പെടുത്തിയത്. മെബാക്ക് പുള്‍മാന്‍ എസ് 600 ലിമോ ഗാര്‍ഡില്‍ നിന്നാണ് പുതിയ വാഹനത്തിലേക്ക് പുടിന്‍ ചുവടുമാറുന്നത്. സ്വന്തം രാജ്യത്തുണ്ടാക്കിയ കാർ തന്നെ വേണമെന്ന, പുടിന്റെ വാശിയിൽ നിന്നുണ്ടായതാണ് സ്ഥാനാരോഹണ വേളയിൽ ലോകം കണ്ട നെടുനീളൻ ആഡംബരക്കാർ (ലിമസീൻ). അമേരിക്കയോടും ബ്രിട്ടനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടുമെല്ലാം അകന്നു നിൽക്കുന്ന റഷ്യൻ പ്രസിഡന്റിന് ഇറക്കുമതി ചെയ്ത ആഡംബരക്കാർ ഒന്നും വേണ്ടത്രേ. 

russian-presidential-limo President Vladimir Putin's Russian-made limousine

സോവിയറ്റ് യൂണിയനായിരുന്നപ്പോൾ മുതലുള്ള, നാമി എന്നറിയപ്പെടുന്ന, സർക്കാരിന്റെ സാങ്കേതിക ഗവേഷണ ഏജൻസിയാണ്, വാഹന നിർമാണ രംഗത്തുള്ള സോളേഴ്സ് എന്ന കമ്പനിയുമായിച്ചേർന്ന് പുതിയ ‘ലിമോ’ കാർ നിർമിച്ചത്. പ്രൊജക്ട് കൊർട്ടേഷ് (cortege) എന്ന കാർ നിർമാണ ഉദ്യമം പുടിന്റെ നിർബന്ധപ്രകാരം 2012 ൽ ആരംഭിച്ചതാണ്. ആഡംബര കാർ വിപണിയിൽ റഷ്യ സ്വന്തം മുദ്ര സ്ഥാപിക്കുമെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുമുണ്ട്. 

russian-presidential-limo-1 President Vladimir Putin's Russian-made limousine

ലിമോ കാറുകളുടെ നിർമാണം പൂർണമായും തീർന്നില്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക ചടങ്ങുകൾക്കുവേണ്ടി ആദ്യ കാർ പുറത്തിറക്കുകയായിരുന്നു. 700 അടി ദൂരം മാത്രമേ ഓടാനുണ്ടായിരുന്നുള്ളൂ. ജർമൻ കാർ നിർമാണരംഗത്തെ പ്രമുഖരായ പോർഷെയുടെയും റോബർട് ബോഷിന്റെയും സഹായം റഷ്യ സ്വീകരിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. 

russian-presidential-limo-3 President Vladimir Putin's Russian-made limousine

ബാലിസ്റ്റിക് മിസൈല്‍, ഗ്രനൈഡുകള്‍ രാസായുധങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ചെറുക്കാനുള്ള സജ്ജീകരണങ്ങള്‍ പുതിയ കാറിലുണ്ടാകും. സുരക്ഷാകാരണങ്ങളാല്‍ കാറിലെ സജ്ജീകരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും കവചിത ഇന്ധന ടാങ്കും നേരിട്ടു വെടിയേറ്റാലും ഏല്‍ക്കാത്ത ബോഡിയും പുതിയ കാറിലുണ്ടാകും. കൂടാതെ ബോംബ് പൊട്ടിയാല്‍ വരെ അകത്തിരിക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കും പുതിയ കാര്‍ എന്നാണ് കരുതുന്നത്. 

russian-presidential-limo-4 President Vladimir Putin's Russian-made limousine

പോര്‍ഷെയുടെ 4.6 ലിറ്റര്‍ വി 8 ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. പരമാവധി 592 ബിഎച്ച്പി കരുത്തും 880 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എൻജിന്‍. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. ഏകദേശം 5 ടണ്‍ ഭാരമുണ്ട് കര്‍ത്തേഷിന്.   പ്രോജക്ട് കൊർട്ടേഷിന്റെ ഭാഗമായി അതിസുരക്ഷാ ലിമോകൾ മാത്രമല്ല, ജനങ്ങൾക്കു വാങ്ങാവുന്ന കാറുകളും നിർമിക്കാൻ റഷ്യ ലക്ഷ്യമിടുന്നു. ഓറസ് (aurus) എന്ന പേരിലാണ് ഇവ വിപണിയിലെത്തുക. അടുത്ത വർഷം അവതരിപ്പിക്കും.

സെഡാന്‍, എംപിവി, എസ്‌യുവി എന്നിങ്ങനെ മൂന്നു ബോഡി ഘടനകള്‍ കൊർട്ടേഷിനുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റ് എന്ന് അറിയപ്പെടുന്ന കാഡിലാക്ക് വണ്‍ രാഷ്ടതലവന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ അതിന് വിപരീതമായി പുടിന്റെ അതിസുരക്ഷകാറിന്റെ മോഡലുകള്‍ ആര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും. ആദ്യ ഘട്ടമായി 200 വാഹനങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. എന്നാല്‍ പ്രസിഡന്റനുള്ള അതേ സുരക്ഷ പൊതുജനങ്ങള്‍ക്കുള്ള കാറിലുണ്ടാകുമോ എന്നു വ്യക്തമല്ല. സുരക്ഷയ്ക്ക് മാത്രമല്ല ആഢംബരത്തിനും മുന്‍തൂക്കം നല്‍കിയാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. ലിമോകളിലുള്ള അത്യാഡംബര സൗകര്യങ്ങളെല്ലാം കൊർട്ടേഷിനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.