Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യത്തിന്റെ ആക്രമണങ്ങളുടെ മൂർച്ച കൂട്ടാൻ ഫോഴ്സ്

force-gurkha-xplorer Force Gurkha Xplorer, Representative Image

കരസേനയ്ക്ക് ലഘു ആക്രമണ വാഹനങ്ങൾ ലഭ്യമാക്കാനുള്ള കരാർ കടുത്ത മത്സരത്തിനൊടുവിൽ പുണെ ആസ്ഥാനമായ ഫോഴ്സ് മോട്ടോഴ്സ് സ്വന്തമാക്കി. ഫോഴ്സിന്റെ സ്വന്തം ഗവേഷണ, വികസന വിഭാഗം തയാറാക്കിയ ലൈറ്റ് സ്ട്രൈക്ക് വെഹിക്ക്ളാണു കരസേനയുടെ അംഗീകാരം നേടിയത്. വേഗത്തിലും വിശ്വാസ്യതയിലും വിട്ടുവീഴ്ച ചെയ്യാതെയാണ് സൈനിക ആവശ്യങ്ങൾക്കുതകുന്ന ലഘു ആക്രമണ വാഹനം വികസിപ്പിച്ചതെന്നു ഫോഴ്സ് മോട്ടോഴ്സ് വിശദീകരിച്ചു.

മികവു തെളിയിച്ചതും ദൃഢതയുള്ളതുമായ എൻജിനുകളും ട്രാൻസ്മിഷനുമൊക്കെയാണ് ഈ വാഹനത്തിനായി ഫോഴ്സ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ കരസേനയുടെ ആവശ്യങ്ങൾ പരിഗണിച്ച് ഈ വിഭാഗങ്ങളിലും വേണ്ട പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നു കമ്പനി വ്യക്തമാക്കുന്നു. വാഹനം തിരഞ്ഞെടുക്കാനായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ കരസേന നടത്തിയ വിശദ പരിശോധനയിൽ ഫോഴ്സ് മോട്ടോഴ്സ് സമർപ്പിച്ച മാതൃക മികച്ച പ്രകടനം കാഴ്ചവച്ചെന്നാണു വിലയിരുത്തൽ. 50 ഡിഗ്രിയിലേറെ താപനിലയുള്ള രാജസ്ഥാനിലും ഹിമാലയൻ മേഖലയിലെ മൈനസ് 30 ഡിഗ്രിയോളം താഴുന്ന കൊടുംതണുപ്പിലുമൊക്കെയാണു സൈന്യം പുത്തൻ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത്.

അതിവേഗം പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയുംവിധം രൂപകൽപ്പന ചെയ്ത വാഹനങ്ങൾക്ക് ഏതു സാഹചര്യത്തിലും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം. ഉയർന്ന വേഗം, സ്ഥിരത, ഫോർ ബൈ ഫോർ ലേ ഔട്ട് തുടങ്ങിയവയോടെ എത്തുന്ന വാഹനത്തിന്റെ ഫോഴ്സ് ‘ഗൂർഖ’യിലെ പോലെ നാലു വീലിലും ഡിഫറൻഷ്യൽ ലോക്കും ഘടിപ്പിട്ടുണ്ട്. പഞ്ചറായാലും ഓട്ടം തുടരാൻ പ്രാപ്തിയുള്ള ടയറുകളുള്ള വാഹനത്തിൽ റോക്കറ്റ് ലോഞ്ചറും യന്ത്രത്തോക്കുമൊക്കെ ഘടിപ്പിക്കാനുമാവും.

അതിർത്തിക്കപ്പുറത്തേക്ക് വ്യോമമാർഗം കൊണ്ടിറക്കാമെന്നതിനാൽ പുതിയ ലൈറ്റ് സ്ട്രൈക്ക് വെഹിക്ക്ളിനെ അഡ്വാൻസ് ഫാസ്റ്റ് സ്ട്രൈക്ക് വെഹിക്ക്ളായും ഉപയോഗിക്കാമെന്നു നിർമാതാക്കൾ വിശദീകരിക്കുന്നു. നിലവിൽ ഫോഴ്സിന്റെ ‘ട്രാവലറും’ ‘ട്രാക്സു’മൊക്കെയാണു രാജ്യത്തെ അർധ സൈനിക വിഭാഗങ്ങൾക്കൊപ്പം സേവനത്തിലുള്ളത്. കരസേനയിലാവട്ടെ ആർട്ടിലറി വിഭാഗത്തിന്റെ 155 എം എം ഹവിറ്റ്സർ (അഥവാ ബൊഫോഴ്സ്) തോക്കുകൾക്കുള്ള എൻജിനുകളാണു ഫോഴ്സ് മോട്ടോഴ്സ് ലഭ്യമാക്കുന്നത്.