Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റ് വിട്ടൊരു കളിക്കില്ല

royal-enfield-classic-350 Royal Enfield Classic

റോയൽ എൻഫീൽഡ് വഴിയുള്ള മോട്ടോർ സൈക്കിൾ നിർമാണത്തിലൊഴികെ ഈ മേഖലയിൽ മറ്റൊരു വിഭാഗത്തിലേക്കും പ്രവേശിക്കാനില്ലെന്ന് ഐഷർ മോട്ടോഴ്സ്. ഓഫ് റോഡ് വാഹന നിർമാണത്തിനായി യു എസ് ആസ്ഥാനമായ പൊളാരിസുമായി ചേർന്നുള്ള സ്ഥാപിച്ച സംയുക്ത സംരംഭം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഐഷർ മോട്ടോഴ്സ് നയം വ്യക്തമാക്കുന്നത്.

റോയൽ എൻഫീൽഡിനു പുറമെ ട്രക്ക്, ബസ് നിർമാണത്തിനായി സ്വീഡിഷ് നിർമാതാക്കളായ വോൾവോയുമായി ചേർന്ന് സ്ഥാപിച്ച വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ് മാത്രമാണ് നിലവിൽ ഐഷർ മോട്ടോഴ്സിനുള്ളത്. പൊളാരിസുമായി ചേർന്നു തുടങ്ങിയ ഐഷർ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ മാർച്ചിൽ പ്രവർത്തനം നിർത്തിയിരുന്നു. ഒപ്പം പഴ്സനൽ യൂട്ടിലിറ്റി വാഹനമായ ‘മൾട്ടിക്സി’ന്റെ നിർമാണവും വിൽപ്പനയുമൊക്കെ ഐഷർ പൊളാരിസ് അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം മോട്ടോർ സൈക്കിളുകളിൽ 100% ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ വ്യക്തമാക്കി. ഇതല്ലാതെ ഈ മേഖലയിൽ മറ്റൊരു വിഭാഗത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഐഷറിനു പദ്ധതിയില്ല. ‘ബുള്ളറ്റ്’ ബ്രാൻഡിൽ ഇടത്തരം എൻജിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകളാണ് റോയൽ എൻഫീൽഡ് ഇന്ത്യയിലും വിദേശത്തും വിൽക്കുന്നത്. 

ഐഷർ പൊളാരിസ് പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ നാലു ചക്രവാഹന വിഭാഗത്തിലും കമ്പനിക്ക് നിലവിൽ താൽപര്യമില്ലെന്നു ലാൽ വിശദീകരിച്ചു. റോയൽ എൻഫീൽഡ് കഴിഞ്ഞാൽ വോൾവോ ഐഷർ മാത്രമാണ് ഇപ്പോൾ കമ്പനിക്കുള്ളത്. റോയൽ എൻഫീൽഡിന്റെ പ്രവർത്തനം കൂടുതൽ വിദേശ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള നടപടികളാണു നിലവിൽ പുരോഗമിക്കുന്നത്. തായ്ലൻഡിലും ഇന്തൊനീഷയിലും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങൾ തുടങ്ങാനാണു ശ്രമം. ഭാവിയിൽ ഇവിടെ കരാർ അടിസ്ഥാനത്തിലുള്ള നിർമാണത്തിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളിലും മികച്ച വിൽപ്പന സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ; അതിനാൽ തുടക്കത്തിൽ വിപണന കമ്പനി സ്ഥാപിക്കാനാണു പദ്ധതിയെന്നും ലാൽ വിശദീകരിച്ചു. നിലവിൽ 50 രാജ്യങ്ങളിലായി 540 ഡീലർഷിപ്പുകളാണു റോയൽ എൻഫീൽഡിനുള്ളത്; ആകെയുള്ള 36 എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ 11 എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം തുറന്നവയാണ്.