Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്ര പൊലീസിന് കൂട്ടായ് 100 ടി യു വി

മഹാരാഷ്ട്ര പൊലീസിന്റെ പട്രോളിങ് ചുമതലകൾ നിർവഹിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ‘ടി യു വി 300’ എത്തി. നാലു മീറ്ററിൽ താഴെ നീളമുള്ള  ‘ടി യു വി 300’ കോംപാക്ട് എസ് യു വികൾ 100 എണ്ണമാണു മഹീന്ദ്ര മഹാരാഷ്ട്ര പൊലീസിനു കൈമാറിയത്.

ഈ വിഭാഗത്തിലെ എതിരാളികളെ അപേക്ഷിച്ച് ഉയരമേറുമെന്നാതാണ് ‘ടി യു വി 300’ പൊലീസിനെ സംബന്ധിച്ചിടത്തോളം ആകർഷകമാക്കുന്നത്. ലാഡർ ഫ്രെയിം ഷാസിയുടെയും റിയർ വീൽ ഡ്രൈവ് ലേ ഔട്ടും വഴി കൂടുതൽദൃഢതയും ഡീസൽ എൻജിനോടെ മാത്രം വിപണിയിലുള്ള ‘ടി യു വി 300’ അവകാശപ്പെടുന്നുണ്ട്. നീല, മഞ്ഞ, ചുവപ്പ് വർണസങ്കലനത്തോടെയാണു മഹാരാഷ്ട്ര പൊലീസിന്റെ ‘ടി യു വി 300’ എത്തുന്നത്.

രണ്ട് എൻജിൻ സാധ്യതകളോടെയാണ് ‘ടി യു വി 300’ എത്തുന്നത്. 1.5 ലീറ്റർ, മൂന്നു സിലിണ്ടർ, ഇരട്ട സ്ക്രോൾ ടർബോചാർജർ ഡീസൽ എൻജിന്റെ ട്യൂണിങ് സ്ഥിതിയിലാണു വ്യത്യാസം. താഴ്ന്ന ട്യൂണിങ്ങുള്ള എൻജിൻ പരമാവധി 84 ബി എച്ച് പി കരുത്തും 230 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക; ഉയർന്ന ട്യൂണിങ്ങോടെ ഈ എൻജിൻ 98.6 ബി എച്ച് പി വരെ കരുത്തും 240 എൻ എം ടോർക്കുമാണു കൈവരിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ. അതേസമയം ഉയർന്ന ട്യൂണിങ്ങിനൊപ്പം അഞ്ചു സ്പീഡ് എ എം ടി ഗീയർബോക്സും ലഭ്യമാണ്.

മഹാരാഷ്ട്ര പൊലീസ് തിരഞ്ഞെടുത്തിരിക്കുന്നത് 84 ബി എച്ച് പി — 230 എൻ എം ശേഷിയുള്ള എൻജിനും അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ‘ടി യു വി 300’ ആണ്. പവർ സ്റ്റീയറിങ്, ടിൽറ്റ് അഡ്ജസ്റ്റബ്ൾ സ്റ്റീയറിങ്, ഇകോ മോഡ്, ഇരട്ട എയർ ബാഗ്, ഇ ബി ഡി സഹിതം എ ബി എസ് തുടങ്ങിയവയും ഈ ‘ടി യു വി 300’ വാഹനത്തിലുണ്ട്.