Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിഞ്ഞാലും നിവർന്നുനിൽക്കും, ടെസ്‌ല എസ്‌യുവി അദ്ഭുതം !

Tesla X Tesla X

ലോകത്തിന് എന്നും അദ്ഭുതങ്ങൾ നൽകിയിട്ടുള്ള കമ്പനിയാണ് ടെസ്‌ല. മറ്റുവാഹന നിർമാതാക്കൾ ഇലക്ട്രിക് കാറുകളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ വാണിജ്യാടിസ്ഥാനത്തില്‍ കുറഞ്ഞ വിലയില്‍ വൈദ്യുത കാറുകളെ ടെസ്‍ല പുറത്തിറക്കി. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് എസ് യു വി എന്ന ഖ്യാദിയോടെയാണ് ടെസ്‌ല തങ്ങളുടെ ആദ്യ എസ് യു വി എക്സിനെ പുറത്തിറക്കിയത്. 

ലോകത്തിലെ ഏറ്റവും വേഗം കൂടിയ എസ്‌യുവികളിൽ ഒന്നെന്ന അവകാശവാദവുമായി എത്തിയ എസ്‌യുവിക്ക് വേഗം മാത്രമല്ല, എതു പ്രതിസന്ധികളേയും തരണം ചെയ്യാനുള്ള കരുത്തുമുണ്ടെന്ന് ടെസ്‌ല തെളിയിച്ചു. അതും വിമാനത്തെ കെട്ടിവലിച്ചുകൊണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷ നൽകുന്ന എസ് യു വിയും എക്സാണെന്ന് ടെസ്‍ല കാണിച്ചു തരുന്നു. റോൾഓവർ‌ ടെസ്റ്റിൽ തലകുത്തനെ മറിയാനുള്ള സാധ്യത ഈ എസ് യു വിക്ക് വളരെ കുറവാണ്.

മൂന്നു പ്രാവശ്യം വ്യത്യസ്ത വേഗത്തിൽ നടത്തിയ പരീക്ഷണത്തിൽ ടെസ്‌ല എക്സ് തലകുത്തനെ മറിയാതെ നിവർന്നു നിൽക്കുകയായിരുന്നു. മൂന്നാം തവണ പൂർണ്ണമായും മറിഞ്ഞെങ്കിലും കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തി മോഡല്‍ എക്‌സ് സാവകാശം നാലു ചക്രങ്ങളിലേക്ക് തിരികെ വന്നു നിന്നു. നേരത്തെ എൻ എച്ച് ടി എസ് എ (നാഷണല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ) നടത്തിയ ഇടി പരീക്ഷയിൽ അഞ്ച് സ്റ്റാർ നേടിയിരുന്നു.

ലോകത്തിലെ ഏറ്റവും വേഗം കൂടിയ എസ്‌യുവികളിലൊന്നാണ് ടെസ്‌ല മോ‍ഡൽ എക്സ്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മോഡൽ എക്സ് നാല്, അഞ്ച്, ഏഴ് സീറ്റ് വകഭേദങ്ങളിൽ ലഭ്യമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം 2.9 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.  എസ് യു വിയുടെ അടിസ്ഥാന വകഭേദത്തിന്റെ വില 79,500 ഡോളർ(ഏകദേശം 50.62 ലക്ഷം രൂപ) ആണ്.