Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ വൈദ്യുത കാർ വ്യാപനം 2050ലെന്നു ടൊയോട്ട

toyota-logo

കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതിലും രണ്ടു പതിറ്റാണ്ടു വൈകി മാത്രമേ ഇന്ത്യയിൽ വൈദ്യുത വാഹന വ്യാപനം പൂർണമാവൂ എന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). 2030 ആകുന്നതോടെ യാത്രാവാഹനങ്ങൾ ബാറ്ററിയിൽ ഓടുന്നവയാക്കാനാണു സർക്കാരിന്റെ ലക്ഷ്യം; എന്നാൽ 2050 ആകുന്നതോടെ മാത്രം ഇതു സാധ്യമാവൂ എന്നു ടി കെ എം കരുതുന്നു. അതിനാൽ സങ്കര ഇന്ധന കാറുകൾ പ്രോത്സാഹിപ്പിക്കുകയാവും ഇടക്കാല പോംവഴിയെന്നും കമ്പനി വിലയിരുത്തുന്നു.

വൈദ്യുത കാർ വ്യാപനത്തിനു നിശ്ചയിച്ച 2030 എന്ന കാലപരിധിയിൽ നിന്നു കേന്ദ്ര സർക്കാർ പിന്നോട്ടു പോകുന്നുണ്ടെന്നു ടി കെ എം വൈസ് ചെയർമാനും മുഴുവൻ സമയ ഡയറക്ടറുമായ ശേഖർ വിശ്വനാഥൻ അഭിപ്രായപ്പെട്ടു. വൈദ്യുത കാറുകളുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് 2030 എന്ന മുൻ കാലപരിധിയിൽ നിന്നു സർക്കാർ പിൻവാങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

അതുകൊണ്ട് 2050 ആകുന്നതോടെ മാത്രമേ പൂർണതോതിലുള്ള വൈദ്യുതീകരണം സാധ്യമാവൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. പോരെങ്കിൽ ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ തുടങ്ങി അടുത്ത അഞ്ചു വർഷത്തിനിടെ വിപണിയിലെത്താൻ സാധ്യതയുള്ള ഏത് സാങ്കേതികവിദ്യയും അവതരിപ്പിക്കാൻ ടൊയോട്ട സജ്ജമാണെന്നും വിശ്വനാഥൻ വ്യക്തമാക്കി. പുതുതായി അടിസ്ഥാന സൗകര്യങ്ങളൊന്നും വികസിപ്പിക്കേണ്ടതില്ലെന്നതിനാൽ സങ്കര ഇന്ധന കാറുകളെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 

ബാറ്ററി ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യം നിലവിൽ രാജ്യത്തു ലഭ്യമല്ലെന്ന യാഥാർഥ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരം ചാർജിങ് സൗകര്യം വികസിപ്പിക്കാൻ 20 — 30 വർഷമെടുക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതുവരെ സങ്കര ഇന്ധന വാഹനങ്ങളാവും ഇന്ത്യയ്ക്കു യോജിച്ച ബദൽ മാർഗമെന്നും വിശ്വനാഥൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് ആവശ്യമായ സൗകര്യമൊരുക്കാൻ സർക്കാരിനു പണചെലവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.