യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ആദ്യ അസംബ്ലിങ് ശാല ദക്ഷിണ ആഫ്രിക്കയിൽ പ്രവർത്തനം തുടങ്ങി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള വിൽപ്പന ലക്ഷ്യമിട്ടാണു മഹീന്ദ്ര ദക്ഷിണ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള നഗരമായ ഡർബനിൽ അസംബ്ലിങ് പ്ലാന്റ് സ്ഥാപിച്ചത്.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഘടകങ്ങൾ സംയോജിപ്പിച്ചു വാഹനങ്ങൾ നിർമിക്കുന്ന ഡർബൻ ശാലയ്ക്ക് പ്രതിവർഷം 2,500 പിക് അപ് ട്രക്കുകൾ ഉൽപ്പാദിപ്പിക്കാനാവും. ക്രമേണ വാർഷിക ശേഷി 4,000 യൂണിറ്റ് വരെയായി വർധിപ്പിക്കാവുന്ന രീതിയിലാണു ശാലയുടെ രൂപകൽപ്പന. ബി എം ഡബ്ല്യു, ഫോഡ്, ഫോക്സ്വാഗൻ, ടൊയോട്ട തുടങ്ങിയ മുൻനിര നിർമാതാക്കളുമായിട്ടാവും ആഫ്രിക്കൻ വിപണിയിൽ മഹീന്ദ്രയുടെ മത്സരം.
കഴിഞ്ഞ അഞ്ചു വർഷങ്ങൾ അത്ഭുതകരമായിരുന്നെന്നാണ് മഹീന്ദ്ര ദക്ഷിണ ആഫ്രിക്കയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് ഗുപ്തയുടെ വിലയിരുത്തൽ. മികച്ച വളർച്ച സ്വന്തമാക്കി ദക്ഷിണ ആഫ്രിക്കയിലെ മികച്ച അഞ്ച് വാഹന നിർമാതാക്കൾക്കൊപ്പം ഇടംപിടിക്കാൻ മഹീന്ദ്രയ്ക്കു സാധിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദക്ഷിണ ആഫ്രിക്കൻ സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് വാഹന നിർമാണത്തിനുള്ള 40% ഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കാൻ കമ്പനി ശ്രമിക്കുമെന്നും ഗുപ്ത വ്യക്തമാക്കി. ഇതുവഴി നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ മഹീന്ദ്രയ്ക്കു സാധിക്കുമെന്നതാണു നേട്ടം.
പുതിയ ശാലയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള വാഹന നിർമാണത്തിനും മഹീന്ദ്ര തുടക്കമിട്ടിട്ടുണ്ട്. ജൂലൈയോടെയാവും ശാല പൂർണതോതിലുള്ള ഉൽപ്പാദനം ആരംഭിക്കുക. എസ് യു വിയായ ‘ബൊലേറൊ’ അടക്കമുള്ള മോഡലുകൾ ഡർബനിൽ നിർമിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ വിൽക്കാനാണു മഹീന്ദ്രയുടെ പദ്ധതി. ആഗോളതലത്തിൽ തന്നെ മുൻനിര ട്രാക്ടർ നിർമാതാക്കളുമായ മഹീന്ദ്ര ദക്ഷിണ ആഫ്രിക്കയിലെ ട്രാക്ടർ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചുള്ള അസംബ്ലിങ്ങാണു ട്രാക്ടർ വിഭാഗത്തിലും മഹീന്ദ്ര പരിഗണിക്കുന്നത്.