Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ എൻഫീൽഡ്: ഗ്ലോബൽ ബ്രാൻഡ്സിനു പുതു മേധാവി

royal-enfield-logo

‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ ഗ്ലോബൽ ബ്രാൻഡ്സ് മേധാവിയായ ശുഭ്രാംശു സിങ് എത്തുന്നു. ടെലിവിഷൻ ശൃംഖലയായ സ്റ്റാർ സ്പോർട്സിന്റെ വിപണന വിഭാഗം മേധാവിയായിരുന്ന പ്രവർത്തന പരിചയവുമായാണ് സിങ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ കമ്പനിയായ റോയൽ എൻഫീൽഡിൽ ചേരുന്നത്. പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ജനുവരിയിൽ തന്നെ സിങ് സ്റ്റാർ സ്പോർട്സിനോടു വിട പറഞ്ഞിരുന്നു.

സ്റ്റാർ സ്പോർട്സിൽ ചേരും മുമ്പ് വീസയിലും ഡിയാജിയൊ ഇന്ത്യയിലും മാർക്കറ്റിങ് ഡയറക്ടറായും ഹിന്ദുസ്ഥാൻ യൂണിലീവർ ലിമിറ്റഡിൽ മാർക്കറ്റിങ് മാനേജരായും ശുഭ്രാംശു സിങ് പ്രവർത്തിച്ചിട്ടുണ്ട്.  എന്നാൽ റോയൽ എൻഫീൽഡിൽ പുതിയ ചുമതല ഏറ്റെടുക്കുന്നതിനെപ്പറ്റി സിങ്ങോ കമ്പനിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രാജ്യാന്തര വിപണികളിൽ സാന്നിധ്യം ശക്തമാക്കാൻ റോയൽ എൻഫീൽഡ് തീവ്രശ്രമം നടത്തുന്നതിനിടയിലാണു ഗ്ലോബൽ ബ്രാൻഡ്സ് മേധാവിയായി ശുഭ്രാംശു സിങ് എത്തുന്നത്. ‘ബുള്ളറ്റി’ലൂടെ വിദേശ രാജ്യങ്ങളിലെ ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ സ്ഥാനം ഉറപ്പിക്കാനാണു റോയൽ എൻഫീൽഡിന്റെ പദ്ധതി.