Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ, ബ്രെസ, ഫോർച്യൂണർ; എതിർക്കാൻ മഹീന്ദ്ര ത്രിമൂർത്തികൾ

mahindra-uv's Screengrab

ഇന്ത്യൻ യുവി സെഗ്മെന്റിലെ രാജാവായിരുന്നു മഹീന്ദ്ര ആന്റ് മഹീന്ദ്ര. ജീപ്പിൽ തുടങ്ങി ബൊലേറോ, സ്കോർപ്പിയോ, എക്സ് യു വി തുടങ്ങി നിരവധി വാഹനങ്ങളിലൂടെ കളം പിടിച്ച മഹീന്ദ്രയുടെ ഒന്നാം സ്ഥാനം മാരുതി പിടിച്ചെടുത്തത് അടുത്തിടെയാണ്. ചെറു എസ് യു വികളിലൂടെ മാരുതി സ്വന്തമാക്കിയ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി മഹീന്ദ്രയെത്തുന്നു. ഇന്നോവ, ബ്രെസ, ഫോർച്യൂണർ എന്നിവരെ ലക്ഷ്യം വെച്ചാണ് മഹീന്ദ്രയുടെ ത്രിമൂർത്തികൾ പുറത്തിറങ്ങുക.

‌‌ഇന്ത്യയിൽ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഫോർച്യൂണർ, എൻ‌‍‍ഡവർ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനെത്തുന്നത് മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ റെക്സ്റ്റനാണ്. യുകെ വിപണിയിൽ പുറത്തിറങ്ങിയ റെക്സ്റ്റൺ മഹീന്ദ്രയുടെ ലേബലിൽ ഇന്ത്യയിലെത്തുമ്പോൾ അതേ പേരുതന്നെ പിന്തുടരാൻ സാധ്യതയില്ല. ലാ‍‍‍ഡർഫ്രെയിം ഷാസിയിൽ നിർമ്മിച്ച വാഹനത്തിൽ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുക. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലകുറച്ചായിരിക്കും മഹീന്ദ്ര പുതിയ എസ്‌ യു വിയെ വിപണിയിലെത്തിക്കുക.  

സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് ബ്രെസയുടെ എതിരാളിയെ മഹീന്ദ്ര നിർമിക്കുക. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന മഹീന്ദ്രയുടെ അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവരുമായാകും മത്സരിക്കുക. നാലു മീറ്ററിൽ മുകളിൽ നീളമുള്ള മഹീന്ദ്രയുടെ ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും വില.

യു 321 എന്ന കോഡു നാമത്തിലാണ് ഇന്നോവയുടെ എതിരാളി അറിയപ്പെടുന്നത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ട് നാളുകളേറെയായി. ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് പുതിയ എംപിവിയുടെ രൂപകല്‍പന. രാജ്യാന്തര വിപണിയില്‍ സാങ്‌യോങിനുള്ള ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ മഹീന്ദ്രയുടെ എംപിവിയിലും കണ്ടേക്കാം. അടിമുടി മാറ്റങ്ങളുമായിട്ടായിരിക്കും പുതിയ എക്സ്‌‍യുവി എത്തുക. ഇന്റീരിയറിലും എക്സ്റ്റീരിയറിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എൻജിനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.