Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പു ‘ബുള്ളറ്റി’നും ഇനി പിന്നിൽ ഡിസ്ക് ബ്രേക്ക്

classic-350-redditch-red

ചുവപ്പു നിറമുള്ള ‘ക്ലാസിക് 350’ ബൈക്കിലും പിന്നിൽ ഡിസ്ക് ബ്രേക്ക് ലഭ്യമാക്കാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചു. നിലവിൽ ഗൺമെറ്റൽ ഗ്രേ നിറമുള്ള ‘ക്ലാസിക്കി’ൽ മാത്രമാണു പിന്നിൽ ഡിസ്ക് ബ്രേക്ക് ലഭിച്ചിരുന്നത്. ഈ സൗകര്യമാണ് റെഡ്ഡിച് റെഡ് നിറമുള്ള ബൈക്കിലേക്കും വ്യാപിപ്പിച്ചത്; ഗൺമെറ്റൽ ഗ്രേ മോഡലിലെ പോലെ 1.47 ലക്ഷം രൂപയാണു പിന്നിൽ ഡിസ്ക് ബ്രേക്കുള്ള ചുവപ്പ് ‘ക്ലാസിക്കി’നും ഡൽഹി ഷോറൂമിലെ വില. പിന്നിൽ ഡിസ്ക് ബ്രേക്കുള്ള ബൈക്കിനെ അപേക്ഷിച്ച് 8,000 രൂപയോളം അധികമാണിത്. 

ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന വിഭാഗമായ റോയൽ എൻഫീൽഡിനെ സംബന്ധിച്ചിടത്തോളം ശ്രേണിയിലെ ഏറ്റവും ജനപ്രിയ മോഡലാണു ‘ക്ലാസിക് 350’. ഇക്കൊല്ലം ഇതുവരെ പ്രതിമാസം ശരാശരി അര ലക്ഷത്തോളം ‘ക്ലാസിക് 350’ ആണു കമ്പനി വിറ്റഴിച്ചത്. 346 സി സി, സിംഗിൾ  സിലിണ്ടർ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 19.8 ബി എച്ച് പി വരെ കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 

സിംഗിൾ ഡൗൺട്യൂബ് ഫ്രെയിമോടെ എത്തുന്ന ബൈക്കിന്റെ മുന്നിൽ 280 എം എം സിംഗിൾ ഡിസ്കാണു ഘടിപ്പിച്ചിരിക്കുന്നത്; പിന്നിൽ 240 എം എം ഡിസ്ക് ബ്രേക്കും. അതേസമയം 500 സി സി എൻജിനുള്ള മോഡലുകളിൽ മുന്നിലും പിന്നിലും ഒരേ വലിപ്പമുള്ള ഡിസ്ക് ബ്രേക്കാണു റോയൽ എൻഫീൽഡ് ലഭ്യമാക്കുന്നത്. വിദേശ വിപണികളിൽ 500 സി സി ബൈക്കുകളിൽ ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാന(എ ബി എസ്)വും റോയൽ എൻഫീൽഡ് സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇതുവരെ റോയൽ എൻഫീൽഡ് മോഡലുകളിൽ എ ബി എസ് ലഭ്യമായിട്ടില്ല; അതുകൊണ്ടുതന്നെ അടുത്ത തന്നെ പുറത്തെത്തുന്ന ഇരട്ട സിലിണ്ടർ ബൈക്കിൽ എ ബി എസും ഇടംപിടിക്കുമെന്നാണു പ്രതീക്ഷ.