Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരികളെ ഇത്രവേഗത്തിൽ പായുന്നതെങ്ങോട്ട്?

റോഡിലൂടെ ചീറിപായുന്ന മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങൾ ജീവന് ഭീഷണിയാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കാൽനട യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയും മറ്റ് വാഹനങ്ങളെ കണ്ടില്ലെന്ന് നടിച്ചും ഇത്തരത്തിൽ ജനപ്രതിനിധികളുടെ വാഹനങ്ങൾ ചീറി പായുമ്പോൾ നാട്ടിലെ നിയമമൊന്നും ഇവർക്ക് ബാധകമല്ലേ എന്ന ചോദ്യം ജനമനസുകളിൽ ഉയരുക സ്വാഭാവികം. എന്നാൽ ഇത് കേവലം ഒരു ചോദ്യം മാത്രമായി അവശേഷിക്കുന്നു എന്നതാണ് വലിയ സത്യം.

പൊതുജനങ്ങൾക്ക് മാതൃകയാകേണ്ടവര്‍ തന്നെ നിയമലംഘകരാകുമ്പോൾ നിയമം നടപ്പിലാക്കേണ്ടവർ അത് കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു. അമിതവേഗത മന്ത്രി വാഹനങ്ങളുടെ മുഖമുദ്രയായി മാറുമ്പോൾ സാധാരണക്കാരെ കുടുക്കുന്ന റോഡിലെ കാമറകൾ കണ്ണടയ്ക്കുകാണോ പതിവ് എന്ന സംശയത്തിന് ഇല്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന ഉത്തരം. നിയമാനുസൃതമുള്ള പിഴ ഇത്തരം സന്ദർഭങ്ങളിൽ ഈടാക്കാറുണ്ട്. പൊതുഭരണ വകുപ്പാണ് ഈ പിഴയൊടുക്കുന്നത്. ജനങ്ങളുടെ നികുതി പണമാണ് ഇതിലേക്ക് ഒഴുകുന്നതെന്ന് മാത്രം. ഫലത്തില്‍ അമിതവേഗത മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ ഇരകളായി മാറുന്ന പൊതുജനം തന്നെയാണ് പിഴകളുടെ അമിത ഭാരവും ചുമക്കേണ്ടതെന്ന് സാരം.

speed-limit കേരളത്തിലെ റോഡുകളിലെ വേഗ പരിധി

ജനപ്രതിനിധികളെന്ന ഹുങ്കിൽ നിയമത്തിന് വഴങ്ങാതെ ചിലർ സ്വയം നിയമം ചമയ്ക്കുന്നതും പലപ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്താറുണ്ട്. ഈ ഗണത്തിൽപ്പെട്ട ആരോപണങ്ങളിൽ അവസാനത്തേതാണ് കെബി ഗണേഷ് കുമാർ എംഎല്‍എ ഉൾപ്പെട്ട വിവാദം. കാറിന് വഴിയൊരുക്കിയില്ലെന്ന് ആരോപിച്ചാണ് അമ്മ നോക്കി നിൽക്കെ മകനെ എംഎൽഎ മർദിച്ചതെന്നാണ് പരാതി. സംഭവം വിവാദമായതിനു ശേഷവും എംഎൽഎയുടെ സംരക്ഷകരാകാനാണ് നിയമപാലകർ ശ്രമിച്ചതെന്ന പരാതി പ്രശ്നത്തിന്റെ ഗൗരവം വിളിച്ചോതുന്നു.

മന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റെന്ന പതിവ് വാർത്തയുടെ കീഴിൽ അവസാനമായി എത്തിയത് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍റെ വാഹനമിടിച്ചതാണ്. അങ്കമാലിയിലായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം മലപ്പുറത്ത് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത് ഇക്കഴിഞ്ഞ മെയിലാണ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിന്റെ കേന്ദ്രമാകുന്നത് ഇത് ആദ്യ സംഭവമല്ല  കൊട്ടാരക്കരയിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഹൈവേ പട്രോളിങ് പൊലീസ് വാഹനവും കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയതും ഈ പട്ടികയില്‍ പെടുന്നതാണ്.

തിരുവല്ലയിൽ സിപിഎം ജില്ലാ സമ്മേളനത്തിനെത്തിയ മന്ത്രി എംഎം മണിയുടെ കാറിടിച്ച് സമ്മേളന പ്രതിനിധിയെ കാണാനെത്തിയ ആളുടെ കാർ തകർന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സംഭവമായിരുന്നു. മന്ത്രി മണിക്ക് തന്നെ പൈലറ്റ് പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് പന്തളത്ത് അപകട പരമ്പര സൃഷ്ടിച്ചതും വാർത്തയായി. പൈലറ്റ് വാഹനത്തെ മറികടക്കുന്നതിനിടെ മന്ത്രി സി. രവീന്ദ്രനാഥ് സഞ്ചരിച്ചിരുന്ന കാർ തൊട്ടു മുൻപിലുണ്ടായിരുന്ന മിനി ലോറിയിൽ ഇടിച്ച് അപകടമുണ്ടായിട്ടും അധികം കാലമായിട്ടില്ല. കൊരട്ടിയിലായിരുന്നു ഈ അപകടം. ഇത്തരത്തിലുള്ള അപകടങ്ങള്‍ നിത്യസംഭവമാകുമ്പോഴും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങളുടെ മരണപാച്ചിലിന് ബ്രേക്കിടാൻ ആത്മാർഥമായ ഒരു നീക്കവും ഉണ്ടാകുന്നില്ലെന്നത് നിലവിലുള്ള വ്യവസ്ഥകളിലെ വിള്ളലുകൾ പ്രകടമാക്കുന്നു.