Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ മോഡലിനു പ്രിയമേറുന്നെന്ന് ഔഡി ഇന്ത്യ

Audi Q 5 Audi Q 5

രണ്ടു വർഷത്തിനകം ഡീസൽ, പെട്രോൾ എൻജിനുള്ള കാറുകളുടെ വിൽപ്പനയിൽ തുല്യത കൈവരിക്കുമെന്നു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യ. ഇന്ത്യയിലെ ആഡംബര കാർ വിപണി ഡീസൽ ഭ്രമം ഉപേക്ഷിച്ചു പെട്രോൾ എൻജിനുള്ള മോഡലുകളോട് ആഭിമുഖ്യം കാണിച്ചു തുടങ്ങിയെന്നും കമ്പനി മേധാവി രാഹിൽ അൻസാരി അഭിപ്രായപ്പെട്ടു. 

സ്പോർട്സ് കാർ ഒഴികെ ഔഡിയുടെ മോഡൽ ശ്രേണി പൂർണമായും പെട്രോൾ, ഡീസൽ എൻജിനുകളോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. സ്പോർട്സ് കാറുകളാവട്ടെ പെട്രോൾ എൻജിനോടെ മാത്രമാണു വിൽപ്പനയ്ക്കുള്ളത്. മൂന്നു വർഷം മുമ്പത്തെ കണക്കെടുത്താൽ ഇന്ത്യയിലെ കാർ വിൽപ്പനയിൽ 90 ശതമാനത്തോളം ഡീസൽ മോഡലുകളായിരുന്നെന്ന് അൻസാരി വിശദീകരിക്കുന്നു. അവശേഷിക്കുന്ന 10% മാത്രമായിരുന്നു പെട്രോൾ എൻജിനുള്ളവയുടെ വിഹിതം.

ഇപ്പോഴാവട്ടെ മൊത്തം വിൽപ്പനയിൽ 30 ശതമാനത്തോളം പെട്രോൾ എൻജിനുള്ളവയായി മാറി; ബാക്കി 70% ഡീസൽ മോഡലുകളും. എന്നാൽ 2020 ആകുന്നതോടെ പെട്രോൾ, ഡീസൽ മോഡലുകളുടെ വിൽപ്പന 50:50 വീതമാവുമെന്ന് അൻസാരി കരുതുന്നു. കഴിഞ്ഞ വർഷം 7,876 കാറുകളാണ് ഔഡി ഇന്ത്യയിൽ വിറ്റത്; 2016ൽ വിറ്റ 7,720 യൂണിറ്റിനെ അപേക്ഷിച്ച് രണ്ടു ശതമാനത്തോളം അധികമാണിത്. 

ഇന്ധനവിലയിലെ വ്യത്യാസം ഗണ്യമായി കുറഞ്ഞതാണ് ഇന്ത്യക്കാർക്ക് പെട്രോൾ മോഡലുകളോടുള്ള ആഭിമുഖ്യമേറാൻ കാരണമെന്നും അൻസാരി കരുതുന്നു. 2012ൽ പെട്രോൾ — ഡീസൽ വിലയിലെ അന്തരം ലീറ്ററിന് 20 രൂപയോളമായിരുന്നു. എന്നാൽ ഇപ്പോൾ ഇരു ഇന്ധനങ്ങളുമായി വിലയിൽ 10 രൂപയിൽ താഴെ മാത്രമാണു വ്യത്യാസം. അതുകൊണ്ടുതന്നെ പെട്രോൾ മോഡലുകളുടെ പ്രവർത്തന ചെലവിനെക്കുറിച്ച് ഉപയോക്താക്കൾക്കുള്ള ആശങ്കയും കുറഞ്ഞിട്ടുണ്ട്.  സെഡാനായ ‘എ ത്രീ’, ‘എ ഫോർ’, ‘എ ഫൈവ്’, ‘എ സിക്സ്’, ‘എ സെവൻ’ എന്നിവയും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളായ ‘ക്യു ത്രീ’, ‘ക്യൂ ഫൈവ്’, ‘ക്യൂ സെവൻ’ തുടങ്ങിയവയുമാണ് ഔഡി പ്രധാനമായും ഇന്ത്യയിൽ വിൽക്കുന്നത്.