Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട അമെയ്സിന്റെ വില കൂടും

amaze

ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) പ്രഖ്യാപിച്ചു. കസ്റ്റംസ് ഡ്യൂട്ടിയിലെയും കടത്തു കൂലിയിലെയും വർധനയുടെ പശ്ചാത്തലത്തിൽ വിവിധ മോഡലുകളുടെ വില 10,000 മുതൽ 35,000 രൂപ വരെ ഉയർത്താനാണു കമ്പനിയുടെ തീരുമാനം. പുതിയ വില ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിലെത്തുമെന്നും കമ്പനി വ്യക്തമാക്കി. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ‘അമെയ്സി’ന്റെ വിലയും കമ്പനി ഉയർത്തിയിട്ടുണ്ട്.

ഉൽപ്പാദന ചെലവ് ഉയർന്നതു മൂലമുള്ള സമ്മർദമാണ് വില വർധന അനിവാര്യമാക്കിയതെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാജേഷ് ഗോയൽ വിശദീകരിച്ചു. കഴിഞ്ഞ മാസങ്ങൾക്കിടെ കസ്റ്റംസ് ഡ്യൂട്ടി നിരക്ക് ഉയർന്നതും ഇന്ധന വില വർധനയെ തുടർന്ന് കടത്തു കൂലി കൂടിയതുമൊക്കെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ തികച്ചും പ്രതികൂലമായതിനാൽ വാഹന വില വർധനയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുത്തൻ അവതരണങ്ങളുടെ വില സാധാരണ ഗതിയിൽ നിർമാതാക്കൾ വർധിപ്പിക്കാറില്ലെങ്കിലും പുതിയ ‘അമെയ്സി’നെ അടുത്ത ഒന്നിനു പ്രാബല്യത്തിലെത്തുന്ന വില വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഗോയൽ വ്യക്തമാക്കി. 

അടുത്തയിടെ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ(എച്ച് എം ഐ എൽ) കാറുകളുടെ വില വർധിപ്പിച്ചിരുന്നു. അസംസ്കൃത വസ്തു വില ഉയർന്നെന്ന കാരണത്താൽ പുതുതായി അവതരിപ്പിച്ച കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ ഒഴികെയുള്ളവയുടെ വിലയിൽ രണ്ടു ശതമാനം വരെ വർധനയാണു ജൂണിൽ കമ്പനി നടപ്പാക്കിയത്. കസ്റ്റംസ് ഡ്യൂട്ടി നിരക്ക് ഉയർന്നതിന്റെ പ്രത്യാഘാതമായി ആഡംബര കാർ നിർമാതാക്കളായ ഔഡി, ജഗ്വാർ ലാൻഡ് റോവർ, മെഴ്സീഡിസ് ബെൻസ് തുടങ്ങിയ കമ്പനികളും കാർ വില വർധിപ്പിച്ചിരുന്നു.