Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷകളെ തകിടം മറിച്ച് മിലിറ്ററി ബുള്ളറ്റ്

Classic 500 Pegasus Edition Classic 500 Pegasus Edition

പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രതികരണം സൃഷ്ടിച്ചതോടെ റോയൽ എൻഫീൽഡ് ‘ക്ലാസിക് 500 പെഗാസസ്’ ബുക്കിങ് അനിശ്ചിതമായി നീട്ടി. ബൈക്ക് കമ്പക്കാരുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്സൈറ്റ് നിശ്ചലമായതോടെയാണ് ‘ക്ലാസിക് 500 പെഗാസസ്’ ബുക്കിങ് നീട്ടിവയ്ക്കാൻ റോയൽ എൻഫീൽഡ് നിർബന്ധിതരായത്. ജൂലൈ 10 ഉച്ചയ്ക്ക് രണ്ടു മുതൽ ‘ക്ലാസിക് 500 പെഗാസസ്’ ബൈക്കിനുള്ള ബുക്കിങ് സ്വീകരിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. വിൽപ്പന ആരംഭിക്കുംമുമ്പ് താൽപര്യമുള്ളവർ ഓൺലൈൻ വ്യവസ്ഥയിൽ ബൈക്കിനുള്ള ബുക്കിങ് നടപടി പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള 250 ‘ക്ലാസിക് 500 പെഗാസസ്’ സ്വന്തമാക്കാൻ ആയിരങ്ങൾ രംഗത്തെത്തിയതോടെ കമ്പനി വെബ്സൈറ്റ് നിശ്ചലമാവുകയായിരുന്നു. 

‘പെഗാസസ്’ ഓൺലൈൻ വിൽപ്പനയോടുള്ള പ്രതികരണം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ വെബ്സൈറ്റ് സാങ്കേതിക തകരാർ നേരിടുകയാണെന്നു റോയൽ എൻഫീൽഡ് സ്ഥിരീകരിച്ചു. ബൈക്കിന്റെ ഓൺലൈൻ ബുക്കിങ്ങിനുള്ള പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധ സ്മരണകളിൽ നിന്നു പ്രചോദിതമായി റോയൽ എൻഫീൽഡ് സാക്ഷാത്കരിച്ച പരിമിതകാല പതിപ്പാണു ‘ക്ലാസിക് 500 പെഗാസസ്’. യുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ‘ഫ്ളയിങ് ഫ്ളീ’യാണ് ‘ക്ലാസിക് 500 പെഗാസസി’നു പ്രചോദനമാവുന്നത്. 59 കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നതിനാൽ പ്രതികൂല സാഹചര്യങ്ങളിൽ അനായാസം ബൈക്ക് ചുമന്നു മാറ്റാമെന്നതും ‘ഫ്ളയിങ് ഫ്ളീ’യുടെ ആകർഷണമായിരുന്നു.

Royal Enfield Classic 500 Pegasus

ഇതിഹാസമാനങ്ങളുള്ള ‘ആർ ഇ/ഡബ്ല്യു ഡി 125’ മോട്ടോർ സൈക്കിളിനെയാണു വാഹനലോകം ‘ഫ്ളയിങ് ഫ്ളീ’ എന്നു വിളിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്വുഡിൽ ഭൂമിക്കടിയിൽ സജ്ജീകരിച്ച ശാലയിലാണു റോയൽ എൻഫീൽഡ് ഈ ബൈക്കുകൾ നിർമിച്ചിരുന്നത്. ‘ക്ലാസിക് 500 പെഗാസസി’ന്റെ 1000 യൂണിറ്റുകൾ മാത്രമാവും വിൽപ്പനയ്ക്കെത്തുക; ഇതിൽ 250 ബൈക്കുകളാണ് ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്നത്. 2.40 ലക്ഷം രൂപയാണു ബൈക്കിന്റെ ഡൽഹിയിലെ ഷോറൂം വില.

ബൈക്കിനു കരുത്തേകുക ‘കാസിക്കി’ലെ 499 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും. 5,250 ആർ പി എമ്മിൽ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും സാധാരണ ‘ക്ലാസിക്കും’ ‘പെഗാസസു’മായി വ്യത്യാസമൊന്നുമില്ല. അതേസമയം, സൈനിക ശൈലിയിലുള്ള കാൻവാസ് പാനിയർ, ബ്രൗൺ ഹാൻഡ്ൽ ബാർ ഗ്രിപ്, എയർ ഫിൽറ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലതർ സ്ട്രാപ്, കറുപ്പ് സൈലൻസർ, റിം, കിക്ക് സ്റ്റാർട് ലീവർ, പെഡൽ, ഹെഡ്ലൈറ്റ് ബീസൽ തുടങ്ങിയവയൊക്കെ ‘പെഗാസസി’നെ വേറിട്ടു നിർത്തും. കൂടാതെ പരിമിതകാല പതിപ്പെന്നു വിളംബരം ചെയ്യാൻ ‘ക്ലാസിക് 500 പെഗാസസി’ന്റെയും ഇന്ധനടാങ്കിൽ സീരിയൽ നമ്പർ സ്റ്റെൻസിൽ ചെയ്യുന്നുണ്ട്.