Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ഖറിന് പിറന്നാൾ സമ്മാനമായി ബോളിവുഡിൽ നിന്നൊരു വാൻ

dulmon

ഈ മാസം അവസാനം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന നടൻ ദുൽഖർ സൽമാന് ബോളിവുഡിൽ നിന്നും നേരത്തെ തന്നെ ഒരു ജന്മദിന സമ്മാനം. ബോളിവുഡിൽ ദുൽഖർ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ കാർവാനിന്‍റെ സംവിധായകൻ ആകർഷ് ഖുറാനയാണ് പ്രിയ നടന് സമ്മാനമായി ഒരു നീല വാൻ സമ്മാനിക്കുന്നത്. കാർവാനിലെ ദുൽഖർ സഹതാരങ്ങളായ ഇർഫാൻ ഖാൻ, മിഥില പാല്‍ക്കർ എന്നിവരോടൊത്ത് സഞ്ചരിക്കുന്നത് ഈ വാനിലാണ്. ടാറ്റ വിങ്ങർ വാനിന്റെ മോഡിഫൈഡ് പതിപ്പാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു താരമായിരുന്നു വാനെന്നും ദുൽഖർ ഏറെ സഞ്ചരിച്ച വാഹനമായതു കൊണ്ടുതന്നെയാണ് ഇത് സമ്മാനമായി നൽകാൻ തീരുമാനിച്ചതെന്നും ആകർഷ് ഖുറാന പറഞ്ഞു. ചിത്രീകരണത്തിനായി ഏറെ ഓടിതളർന്ന വാനിന് ഒരു പുതുജീവൻ നൽകാൻ ദുൽഖറിലെ വാഹനപ്രേമിക്ക് കഴിയുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. മുംബൈയിൽ നിന്നും ബംഗലൂരു, ഊട്ടി വഴി കൊച്ചിയിലെത്തി ഏകദേശം കേരളം മുഴുവൻ സഞ്ചരിച്ച ശേഷമാണ് വാൻ അന്ധേരിയിലെ ആരാം നഗറിൽ തിരിച്ചെത്തിയത്.

dq12

വാനിന്റെ അകത്തുള്ള വിശാലമായ സ്ഥലമാണ് ഇത് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സംവിധായകൻ പറയുന്നു. വാനിന്റെ പിന്നിൽ ഒരു ശവപ്പെട്ടി ഉൾക്കൊള്ളിച്ചു, ഒപ്പം ക്യാമറാ ക്രൂവിനും ബുദ്ധിമുട്ടില്ലാതെ നിൽക്കാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പോലെ ഒരു തടിയനുള്ള സ്ഥലം കൂടി ആ വാനിലുണ്ടായിരുന്നുവെന്നതാണ് സത്യമെന്നും തമാശ രൂപേണ ആകർഷ് പറഞ്ഞു.

ദുൽഖറും മിഥില പാൽക്കറും അരങ്ങേറ്റം കുറിക്കുന്ന കാർവാൻ റോഡ് മൂവിയാണ്. അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന മൂന്നുപേരുടെ ഒന്നിച്ചുള്ള യാത്രയാണ് പ്രമേയം. ഓഗസ്റ്റ് മൂന്നിന് ചിത്രം റിലീസ് ചെയ്യും.