Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ കാറുകളുടെ വില കൂടും

Tata Tiago Tata Tiago

അടുത്ത മാസത്തോടെ വാഹന വില വർധിപ്പിക്കുമെന്നു ടാറ്റ മോട്ടോഴ്സും പ്രഖ്യാപിച്ചു. ഉൽപ്പാദനചെലവ് ഉയർന്ന സാഹചര്യത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തോടെ യാത്രാവാഹന വില 2.2% വരെ വർധിപ്പിക്കുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം. കഴിഞ്ഞ ഏപ്രിലിലും ടാറ്റ മോട്ടോഴ്സ് യാത്രാവാഹന വിലയിൽ മൂന്നു ശതമാനം വർധന നടപ്പാക്കിയിരുന്നു. അതേസമയം, വാഹന വില ഉയർത്തുന്നതു വിൽപ്പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണു ടാറ്റ മോട്ടോഴ്സ്.

പ്രവർത്തന ചെലവ് കുറച്ച് ലാഭക്ഷമത നിലനിർത്താനുള്ള തീവ്രശ്രമമാണു കമ്പനി നടത്തിവന്നതെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് അറിയിച്ചു. എന്നാൽ ഉൽപ്പാദന ചെലവ് കുത്തനെ ഉയർന്നതോടെ ഓഗസ്റ്റ് മുതൽ വാഹന വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏപ്രിലിലെ വാഹന വില വർധിപ്പിച്ചെങ്കിലും ഉൽപ്പാദനചെലവ് പിന്നെയും ഉയരുന്നതാണു വെല്ലുവിളി സൃഷ്ടിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയരുന്നതാണു പ്രധാന പ്രശ്നമെന്നും പരീക്ക് വിശദീകരിച്ചു.

ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ രണ്ടു മുതൽ 2.2% വരെ വർധന നടപ്പാക്കാനാണു കമ്പനി ആലോചിക്കുന്നതെന്നു മയങ്ക് അറിയിച്ചു. ഏപ്രിലിൽ നിലവിൽ വന്ന മൂന്നു ശതമാനം വില വർധനയ്ക്കു പുറമെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. വർധനയുടെ ശതമാനത്തിൽ വ്യത്യാസമുണ്ടാവുമെങ്കിലും ടാറ്റ മോട്ടോഴ്സ് ശ്രേണിയിലെ എല്ലാ വാഹനങ്ങൾക്കും ഓഗസ്റ്റ് ഒന്നു മുതൽ വിലയേറുമെന്നും പരീക്ക് വെളിപ്പെടുത്തി. 

എൻട്രി ലവൽ ചെറുകാറായ ‘നാനോ’ മുതൽ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹെക്സ’ വരെ നീളുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ മോഡൽ ശ്രേണി; 2.36 ലക്ഷം മുതൽ 17.89 ലക്ഷം രൂപ വരെയാണ് ഇവയ്ക്കു ഡൽഹി ഷോറൂമിൽ വില.