Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റീയറിങ് തകരാർ: ഹോണ്ട അമെയ്സിനു പരിശോധന

amaze

ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമായി ബന്ധപ്പെട്ട തകരാർ സംശയിച്ച് എൻട്രി ലവൽ സെഡാനായ അമെയ്സ് തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് തയാറെടുക്കുന്നു. 2017 ഏപ്രിൽ 17നും മേയ് 24നും മധ്യേ നിർമിച്ച രണ്ടാം തലമുറ ‘അമെയ്സി’ലാണ് ഹോണ്ട ഈ പ്രശ്നമുണ്ടെന്നു സംശയിക്കുന്നത്.

നിർമാണ പിഴവുള്ള പക്ഷം സ്റ്റീയറിങ്ങിനു ഭാരമേറുന്നതു പോലെ തോന്നിക്കാനും ഇലക്ട്രോണിക് പവർ സ്റ്റീയറിങ് തകരാറിന്റെ സൂചന നൽകുന്ന ഇൻഡിക്കേറ്റർ ലൈറ്റ് തെളിയാനും സാധ്യതയുണ്ടെന്നാണു ഹോണ്ടയുടെ വിശദീകരണം. പരിശോധനയിൽ തകരാറുണ്ടെന്നു കണ്ടെത്തിയാൽ പവർ സ്റ്റീയറിങ് യൂണിറ്റ് സൗജന്യമായി മാറ്റി നൽകാമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. 

തകരാർ സംശയിക്കുന്ന കാറുകളുടെ ഉടമസ്ഥരെ ഈ 26 മുതൽ കമ്പനി നേരിട്ടു വിവരം അറിയിക്കും. തുടർന്നു രാജ്യത്തെ ഹോണ്ട ഡീലർഷിപ്പുകൾ വഴി ‘അമെയ്സ്’ പരിശോധനയും പ്രശ്ന പരിഹാര നടപടിയും തുടങ്ങും.  കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സജ്ജമാക്കിയ പ്രത്യേക മൈക്രോസൈറ്റ് സന്ദർശിച്ച് വെഹിക്ക്ൾ ഐഡന്റിഫിക്കേഷൻ നമ്പർ(വി ഐ എൻ) നൽകിയും വാഹനത്തിനു പരിശോധന ആവശ്യമുണ്ടോ എന്നു കണ്ടെത്താൻ ഹോണ്ട അവസരമൊരുക്കിയിട്ടുണ്ട്.