Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾ വാഹനമോടിച്ചാൽ പണി മാതാപിതാക്കൾക്ക്

driving

കുട്ടി ഡ്രൈവർമാർ നമ്മുടെ നിരത്തുകളിൽ ഇപ്പോൾ നിരവധിയാണ്. അഞ്ചുവയസുമാത്രം പ്രായമായ കുഞ്ഞിനെക്കൊണ്ട് തിരക്കേറിയ നഗരമധ്യത്തിലൂടെ വാഹനമോടിപ്പിച്ചതിനു പിതാവിന്റെ ലൈസെൻസ് റദ്ദാക്കിയ വാർത്തയുടെ ചൂടിതുവരെയാറിയിട്ടില്ല. ഇത്തരം പ്രവണതകളെ അധികൃതരും മാതാപിതാക്കളും ഗൗരവകരമായി തന്നെ സമീപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. കുട്ടികളെയും കൊണ്ട് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും അതീവശ്രദ്ധ വേണം. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അത് അപകടത്തിൽ പെട്ടാൽ വാഹന ഉടമയ്ക്കെതിരേയും പിതാവിനെതിരേയും നടപടികളെടുക്കുമെന്ന് മോട്ടർവാഹന വകുപ്പും പൊലീസും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അപകടങ്ങളുടെ വ്യാപ്തി അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിച്ചുക. മാതാപിതാക്കൾ ഇരുന്നുകൊണ്ട് കുട്ടികൾ വാഹനമോടിച്ചാല്‍ പിതാവിന്റെ ലൈസൻസ് റദ്ദാക്കാൻ സാധിക്കും. ചെറിയ കുട്ടികളെ വാഹനത്തിന് മുന്നിൽ ഇരുത്തിക്കൊണ്ട് പോകുന്ന ശീലമുണ്ട്, അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. കൂടാതെ കുട്ടികൾക്കുള്ള ചെറിയ ഹെൽമെറ്റും ധരിപ്പിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികാരികൾ പറയുന്നത്.

കുട്ടിക്കളിയല്ല കുട്ടികളുടെ ഡ്രൈവിങ്

കുട്ടിക്കളിയല്ല ഡ്രൈവിങ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. കേസുകളുടെ എണ്ണം കേട്ടാൽ കുറവെന്നു തോന്നാം, എന്നാൽ പെറ്റിക്കേസുകളിൽ പിഴയടച്ചു രക്ഷപ്പെടുന്നവരുടെ എണ്ണം വളരെയേറെയാണ്. നിയമലംഘനങ്ങൾക്കു നിസാര തുക പിഴയടച്ചു രക്ഷപ്പെടുന്നവർ ഒട്ടും കുറവല്ലെന്നു തന്നെയാണ് ട്രാഫിക് അധികൃതരും പറയുന്നത്. ലൈസൻസില്ലാത്തവരെ പിടികൂടിയാൽ വാഹന ഉടമയ്ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നു വന്നപ്പോഴാണു കുറച്ചെങ്കിലും മാറ്റമുണ്ടായത്.

∙പ്രതികൾ വീട്ടുകാർ

പ്രായപൂർത്തിയാകാത്ത മകൻ വാഹനമോദിച്ചുണ്ടായ അപകടത്തിനു കാരണക്കാരനായി കണ്ട്, കുട്ടിയുടെ പിതാവിനെ നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഒന്നിലധികം വാഹനങ്ങളുള്ള വീടുകളിൽ അധികവാഹനം പലപ്പോഴും കുട്ടികൾ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ട്. മാതാപിതാക്കൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണു പതിവ്.

∙അവധിക്കാലം കരുതൽ വേണം

മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചു കുട്ടികൾ വീട്ടിലെ വാഹനങ്ങൾ ഉപയോഗിക്കാൻ അവധിക്കാലത്തു സാധ്യത കൂടുതലാണെന്നു പൊലീസ് പറയുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും വാഹനം ഓടിക്കാൻ പഠിക്കുന്ന പ്രവണതയുണ്ട്.