Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനപ്രിയ വാഹനങ്ങളുടെ പെട്രോൾ പതിപ്പുമായി മഹീന്ദ്ര

mahindra-xuv500-3 XUV 500

ഡീസൽ മോഡലുകളുടെ വിൽപ്പനയിലെ ഇടിവു ചെറുക്കാൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) നടപടി തുടങ്ങി. ബദൽ സംവിധാനമെന്ന നിലയിൽ ഉൽപന്ന ശ്രേണിക്കായി പെട്രോൾ എൻജിനുകൾ വികസിപ്പിക്കാനാണു കമ്പനിയുടെ നീക്കം. നികുതി നിരക്ക് ഉയർന്നതോടെയാണു ഡീസൽ മോഡലുകളുടെ വിൽപ്പനയിൽ ഏതാനു വർഷമായി ക്രമമായ ഇടിവു രേഖപ്പെടുത്തുന്നത്.

ഈ പ്രതിസന്ധി മറികടക്കാൻ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന പെട്രോൾ എൻജിനുകൾ വികസിപ്പിക്കാൻ ശ്രമിക്കുമെന്നാണ് കഴിഞ്ഞ വാർഷിക റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കുന്നത്. തികച്ചും മത്സരക്ഷമമായ വിലകളിൽ ഈ എൻജിനുള്ള വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുമെന്നും മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്.

ഉയർന്ന നികുതി നിരക്കുകൾ ഡീസൽ വാഹന വിൽപ്പനയ്ക്കു ഗണ്യമായ തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ടെന്നു മഹീന്ദ്ര വിശദീകരിക്കുന്നു. 2012 — 13ൽ മൊത്തം വിൽപ്പനയുടെ 58 ശതമാനവും ഡീസൽ മോഡലുകളുടെ വിഹിതമായിരുന്നു; എന്നാൽ 2017 — 18 ആയതോടെ ഡീസൽ മോഡലുകളുടെ വിഹിതം 40% ആയി താഴ്ന്നു.

ഈ സാഹചര്യത്തിലാണ് എല്ലാ മോഡലുകൾക്കും പെട്രോൾ പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര തീരുമാനിച്ചത്. 2020 ഏപ്രിൽ ഒന്നിനു ബി എസ് ആറ് നിലവാരം പ്രാബല്യത്തിലെത്തുന്നതോടെ ഡീസൽ, പെട്രോൾ വാഹന വില ഉയരുമെന്നാണു പ്രതീക്ഷ. എങ്കിലും ഡീസൽ എൻജിനുകൾക്കു ബി എസ് ആറ് നിലവാരം കൈവരിക്കാൻ ചെലവേറുമെന്നതിനാൽ ഇവയ്ക്കാവും വില വർധന കൂടുതലെന്നാണു വിലയിരുത്തൽ. ഇതോടെ ഡീസൽ വാഹന വിൽപ്പനയിൽ കൂടുതൽ തിരിച്ചടി നേരിടുമെന്നും ആശങ്കയുണ്ട്. 

‘എക്സ് യു വി 500’, സ്കോർപിയൊ’, ‘ടി യു വി 300’, ‘കെ യു വി 100’ തുടങ്ങിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളാണു മഹീന്ദ്ര വിൽപ്പനയ്ക്കെത്തിക്കുന്നത്. ഇവയ്ക്കൊക്കെ പെട്രോൾ പതിപ്പുകൾ ലഭ്യമാക്കാനണു കമ്പനിയുടെ തീവ്രശ്രമം. കഴിഞ്ഞ സാമ്പത്തിക വർഷം 2,33,915 യൂട്ടിലിറ്റി വാഹനങ്ങളാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റത്; 2016 — 17നെ അപേക്ഷിച്ച് 5.1% അധികമാണിത്.