മഹീന്ദ്രയുടെ എംയുവി മരാസോ, അറിയേണ്ടതെല്ലാം

Mahindra Marazzo

ഉടൻ പുറത്തിറങ്ങുന്ന പ്രീമിയം എംയുവിക്ക് മഹീന്ദ്ര പേരു നൽകി കഴിഞ്ഞു. 'മരാസോ' എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ എന്നിവരോടാണ് പ്രധാനമായും മത്സരിക്കുക. മാരുതി കരസ്ഥമാക്കിയ യുവി സെഗ്‍‌മെന്റിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്നാതായിരിക്കും മരാസോയുടെ പ്രധാന ദൗത്യം. സെഗ്‌മെന്റിൽ തന്നെ ആദ്യ ഫീച്ചറുകളുമായി എത്തുന്ന മരാസോയ്ക്ക് അതിനു കഴിയും എന്നുതന്നെയാണ് മഹീന്ദ്രയുടെ പ്രതീക്ഷ. മഹീന്ദ്രയുടെ പുതതലമുറ വാഹനങ്ങളുടെ ‍ഡിസൈൻ തുടക്കവും ഈ വാഹനത്തിൽ നിന്നാണ്.

മരാസോ എന്നാൽ സ്രാവ്

Mahindra Marazzo

എക്സ്‌യുവി 500 ചീറ്റപ്പിലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മഹീന്ദ്രയുടെ ആദ്യ ഗ്ലോബൽ എസ്‌യുവി  നിർമിച്ചതാണെങ്കിൽ, മരാസോയുടെ പ്രചോദനം സ്രാവാണ്. എക്സ്‍‌യുവി ഡിസൈൻ ചെയ്ത വനിത രാംകൃപ ആനന്ദൻ തന്നെയാണ് ഈ എംയുവിയുടേയും രൂപത്തിന് പിന്നിൽ. ഷാർക്ക് എന്ന അർത്ഥം വരുന്ന സ്പാനിഷ് പേരാണ് നൽകിയത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യവാഹനമാണ് മരാസോ. സ്രാവിന്റെ പല്ലുകളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലാണ് മുന്നിൽ. മഹീന്ദ്രയും പെനിൻഫെരിയയും സംയുക്തമായി വികസിപ്പിച്ച വാഹനം കമ്പനിയുടെ പുതിയ ഡിസൈൻ ഫിലോസഫിയുടെ തുടക്കമായിരിക്കും. മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വലിയ വാഹനമാണ് മരാസോ. എക്‌സ്‌യുവി 500, കെയുവി100 എന്നിവയാണ് മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മുമ്പ് ഇറക്കിയ മോഡലുകള്‍. ‍

ഫീച്ചറുകൾ പ്രധാന ആയുധം

Mahindra Marazzo

സെഗ്മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകളുണ്ട് മരാസോയിൽ. സറൗണ്ട് എസിയാണ് അതിൽ പ്രധാനി. ഏഴു സീറ്റ്, എട്ടു സീറ്റ് ലേഔട്ടുകളിൽ മരാസോ ലഭിക്കും. മഹീന്ദ്രയുടെ ഏറ്റവും പുതിയ എൻഫോടൈൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. കൂടാതെ പ്രൊജക്റ്റർ ഹെ‍ഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ആപ്പിൾ കാർ പ്ലേ, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും എംപിവിയിലുണ്ട്. കൂടാതെ നാലു വീൽ ഡ്രൈവ് മോ‍ഡുള്ള ആദ്യ എംയുവിയുടെ ചിലപ്പോൾ മരാസോയായിരിക്കും. അകത്തളത്തില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്.

പുതിയ എൻജിനുകൾ

Mahindra Marazzo

പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാകും മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. തുടക്കത്തിൽ ആറ് സ്പീഡ് മാനുവലും പിന്നീട് ഓട്ടമാറ്റിക് ഗിയർബോക്സും ലഭിക്കും. കൂടാതെ 1.5 ലീറ്റർ പെട്രോൾ എൻജിനും ലഭിച്ചേക്കും. നിലവിൽ വിപണിയിലുള്ള വാഹനങ്ങളെയൊന്നും പിൻവലിച്ചിട്ടായിരിക്കില്ല മഹീന്ദ്ര പുതിയ വാഹനത്തെ എത്തിക്കുക. പുതിയൊരു സെഗ‌്മെന്റിന് തന്നെ മരാസോ തുടക്കം കുറിച്ചേക്കാം.