കണ്ടാൽ ജീപ്പ് പോലെ; മഹീന്ദ്ര റോക്സർ നിരോധിക്കണമെന്ന് ഫിയറ്റ്

ROXOR

രണ്ടാം ലോകമഹായുദ്ധ സമയത്ത് നിർമിച്ച വില്ലിസ് ജീപ്പിനോട് സാമ്യമുള്ള മഹീന്ദ്ര റോക്സർ നിരോധിക്കണമെന്ന് ഫിയറ്റ് ക്രൈസ്‌ലർ‌ ഓട്ടോമൊബൈൽസ്. മഹീന്ദ്ര, നോർത്ത് അമേരിക്കൻ വിപണിയിൽ വിൽക്കുന്ന ഓഫ് റോഡ് വാഹനമായ റോക്സറിനെതിരെ യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് എഫ്സിഎ. വില്ലിസ് ജീപ്പിന്റെ പല ഘടകങ്ങളും ഉപയോഗിച്ചാണ് മഹീന്ദ്ര റോക്സർ നിർമിക്കുന്നതെന്ന് എഫ്സിഎ ആരോപിക്കുന്നു. യുഎസ് ട്രാഫിക് ആക്റ്റ് 1930 സെക്ഷൻ 337 പ്രകാരം നൽകിയ പരാതിയിൽ മേൽ നടപടി എടുക്കണമെന്നാണ് എഫ്സിഎയുടെ ആവശ്യം.

മഹീന്ദ്ര, നോർത്ത് അമേരിക്ക എന്ന ബ്രാൻഡിന് കീഴിൽ അടുത്തിടെയാണ് റോക്സറിനെ പുറത്തിറക്കിയത്. മിഷിഗണിലെ ഫാക്ടറിയിൽ അസംബിൾ ചെയ്ത് വിൽക്കുന്ന വാഹനത്തിന് ഏകദേശം 15000 ഡോളറാണ് വില. ഥാറിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രാഥമിക ഡിസൈനെങ്കിലും അടിമുടി മാറ്റങ്ങളുണ്ട് റോക്സറിൽ. മെറ്റലിൽ തീർത്ത ഡാഷ് ബോർഡ്, ഹെവി ഡ്യൂട്ടി വിഞ്ച്, ഓഫ് റോ‍ഡിങ് ടയറുകൾ എന്നിവ റോക്സറിലുണ്ട്. മഹീന്ദ്രയുടെ 2.5 ലീറ്റർ ടർബൊ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 62 ബിഎച്ച്പി കരുത്തും 144 എൽബിഎസ് ടോർക്കുമുണ്ട് വാഹനത്തിന്.

ഇരുകമ്പനികളും തമ്മിൽ 25 വർഷത്തിൽ അധികമായി ബന്ധമുണ്ടെന്നും എഫ്സിഎയും മഹീന്ദ്രയുമായുള്ള കരാർ പ്രകാരം ഈ പരാതി അടിസ്ഥാനരഹിതമാണെന്നും മഹീന്ദ്ര പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.