Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2020ൽ വാഹന വില കുത്തനെ ഉയരുമെന്നു മഹീന്ദ്ര

mahindra-xuv500-2 XUV 500

അടുത്ത രണ്ടു വർഷത്തിനകം വാഹനവില കുത്തനെ ഉയരുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ മുന്നറിയിപ്പ്. മലിനീകരണ നിയന്ത്രണത്തിലും ക്രാഷ് ടെസ്റ്റിലും രാജ്യം കൈവരിക്കാൻ ലക്ഷ്യമിടുന്ന ഉയർന്ന നിലവാരമാണു വാഹനവില ഗണ്യമായി വർധിപ്പിക്കുകയെന്നും കമ്പനി മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക വിശദീകരിച്ചു.

പഴയ മോഡലുകളിൽ മികച്ച സുരക്ഷാനിലവാരം ഉറപ്പു വരുത്താൻ വാഹന നിർമാതാക്കൾ കനത്ത നിക്ഷേപം നടത്തേണ്ടി വരും. പുതിയ കാറുകൾക്കുള്ള പരിഷ്കരിച്ച ക്രാഷ് ടെസ്റ്റ് മാനദണ്ഡം 2017 ഒക്ടോബർ ഒന്നിനു നിലവിൽ വന്നിരുന്നു. എന്നാൽ നിലവിലുള്ള മോഡലുകൾക്കും 2019 ഒക്ടോബർ ഒന്നോടെ ഈ മാനദണ്ഡം ബാധകമാവുമെന്നതാണു പ്രശ്നം.

ഇതിനു പുറമെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരവും 2020 ഏപ്രിലിൽ പ്രാബല്യത്തിലെത്തുകയാണ്. പെട്രോൾ എൻജിനുകളെ അപേക്ഷിച്ചു ഡീസൽ എൻജിനുകളെ ബി എസ് ആറ് നിലവാരത്തിലെത്തിക്കാൻ ചെലവേറുമെന്നു ഗോയങ്ക വിശദീകരിക്കുന്നു. ഡീസൽ പർട്ടിക്കുലേറ്റ് ഫിൽറ്ററുകളും കാറ്റലിറ്റിക് കൺവെർട്ടറുകളുമൊക്കെ ഉപയോഗിച്ചു വേണം ഡീസൽ എൻജിനുകളിൽ ബി എസ് ആറ് നിലവാരം കൈവരിക്കാൻ.

അതുകൊണ്ടുതന്നെ ഡീസൽ മോഡലുകൾ ധാരാളമുള്ള മഹീന്ദ്രയെ പോലുള്ള നിർമാതാക്കൾക്കാണ് ഈ പരിവർത്തനം കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. ബി എസ് ആറ് നിലവാരമുള്ള ഡീസൽ വാഹനങ്ങളുടെ വിലയിൽ മുൻ മോഡലുകളെ അപേക്ഷിച്ച് ഒരു ലക്ഷം രൂപയുടെ വരെ വർധനയാണു വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 

പുതിയ നിലവാരം കൈവരിക്കാനുള്ള ഉയർന്ന ചെലവ് പരിഗണിക്കുമ്പോൾ വിൽപ്പന കുറവുള്ള ചില മോഡലുകൾ കളമൊഴിയാനും സാധ്യതയുണ്ടെന്നു ഗോയങ്ക വ്യക്തമാക്കുന്നു. എന്നാൽ ‘സ്കോർപിയൊ’, ‘എക്സ് യു വി 500’ തുടങ്ങി മികച്ച വിൽപ്പനയുള്ള മോഡലുകൾക്ക് ഈ പരിഷ്കാരം കാര്യമായ വെല്ലുവിളി സൃഷ്ടിക്കില്ലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.