Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ ഓണം ഓഫർ! കാർ വാങ്ങാനും ഒരു കാരണം

car-gift Representative Image

ഓണം വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും നാളുകൾ മാത്രമല്ല. വ്യാപാരുൽസവത്തിന്റെ ദിനങ്ങൾ കൂടിയാണ്. സമ്മാനങ്ങളും പുത്തനുടുപ്പും സദ്യയുമെല്ലാം സന്തോഷം പകരുന്നത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കൂടിയാണ്. കച്ചവടം പൊടിപൊടിക്കുമെന്നുള്ളതുകൊണ്ട് ഓഫറുകളുടെ പെരുമഴക്കാലമാണ് ഓണം സീസൺ. മൊബൈൽ ഫോൺ, ടിവി, ഫ്രി‍ഡ്ജ് തുടങ്ങിയ ഇലക്ട്രോണിക്സ് സാധനങ്ങളോ തുണിത്തരങ്ങളോ മാത്രമല്ല വാഹനങ്ങൾ വാങ്ങാനും പറ്റിയ സീസൺ. ഒട്ടുമിക്ക വാഹന നിർമാതാക്കളും ഓണത്തിന് മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ഓഗസ്റ്റ് മാസത്തെ പ്രധാന ഓഫറുകൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി മികച്ച ഓഫറുകളാണ് ഓണ സീസണിൽ മലയാളികളുടെ മുന്നിലെത്തിക്കുന്നത്. 5000 രൂപമുതൽ 35000 രൂപവരെയുള്ള ക്യാഷ് ഡിസ്കൗണ്ടുകളാണ് അതിൽ പ്രധാനം. വാഹനം എക്സ്ചേഞ്ച് ചെയ്ത് പുതിയ വാഹനം വാങ്ങുന്നവർക്ക് ബോണസും നൽകുന്നുണ്ട്. ‌‌വിവിധ മോ‍ഡലുകള്‍ക്കായ വൃത്യസ്ത ഓഫറുകളുമുണ്ട്. കൂടാതെ ഓണത്തിന് വാഹനം വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും നൽകുന്നു. വാഹനം വാങ്ങുന്നവരിൽ നിന്നു തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് വാഷിങ് മെഷീൻ, മിക്സി തുടങ്ങിയ സമ്മാനങ്ങൾ വേറെയും നൽകും. മാരുതിയുടെ പ്രീമിയം ‍ഡീലർഷിപ്പായ നെക്സയിലും മികച്ച ഓഫറുകൾ നൽകുന്നുണ്ട്. നെക്സ സ്ഥാപിതമായി മൂന്നു വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ഓഫറുകളും ഈ ഓണത്തിന് ലഭിക്കും.

ഹ്യുണ്ടേയ്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചർ കാർ നിർമാതാക്കളായ ഹ്യുണ്ടേയ് മികച്ച ഓഫറുകളാണ് ഉപഭോക്താവിന് നൽകുന്നത്. ഓണത്തിന് വാഹനം സ്വന്താക്കുന്ന എല്ലവർക്കും 5000 രൂപയുടെ ഉറപ്പായ സമ്മാനം. കൂടാതെ സൗ‍ജന്യ ഇൻഷുറൻസും ഒന്നു മുതൽ 5 ഗ്രാം വരെയുള്ള സ്വർണ നാണയങ്ങളും എക്സ്ചേഞ്ച് ബോണസും. എല്ലാം കൂടി ചേർത്ത് വിവിധ മോ‍ഡലുകളിലായി 5000 രൂപ മുതൽ 1.26 ലക്ഷം രൂപവരെ ഓഫറാണ് ഹ്യുണ്ടേയ് നൽകുന്നത്. ഓണത്തിന് വാഹനം സ്വന്തമാക്കുന്ന ഉപഭോക്താക്കളുടെ പേരുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന ലക്കിഡ്രോ കോൺടെസ്റ്റിലൂടെ നാലു ദമ്പതിമാർക്ക് സൗജന്യ വിദേശ യാത്രയും ബംബർ പ്രൈസായി ഹ്യുണ്ടേയ് വെർനയും.

ടാറ്റ മോട്ടോഴ്സ്

വിപണിയിലേയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തുന്ന ടാറ്റയും ഓണം ഓഫറുകളുടെ കാര്യത്തിൽ കുറവൊന്നും വരുത്തിയിട്ടില്ല. ആദ്യ വർഷത്തെ ഇൻഷുറൻസാണ് ടാറ്റ സൗജന്യമായി നൽകുന്നത്. 40000 രൂപ മുതൽ 1.07 ലക്ഷം രൂപ വര ഓഫറുകളാണ് നെക്സോൺ, ടിഗോർ, ടിയാഗോ, ഹെക്സ തുടങ്ങിയ വാഹനങ്ങൾക്കായി ടാറ്റ നൽകുന്നത്. പഴയ വാഹനങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 25000 രൂപ വരെ ബോണസും. സ്ക്രാച്ച് ആൻഡ് വിൻ മത്സരത്തിലൂടെ ഓരോ പർച്ചേസിലും സുനിശ്ചിത സമ്മാവുമുണ്ട്. കൂടാതെ ഓണം സീസണിൽ വാഹനം വാങ്ങുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ടാറ്റ നെക്സോൺ ബംബർ സമ്മാനവും ലഭിക്കും.

ഹോണ്ട

ഓഫറുകളിൽ ഹോണ്ടയും മുന്നിൽ തന്നെ. വിവിധ വാഹനങ്ങളിലായി 19000 രൂപ മുതൽ 1.50 ലക്ഷം രൂപവരെ കിഴിവ്. സൗജന്യ ഇൻഷുറൻസായും എക്സ്ചേഞ്ച് ബൊണസായും ആക്സസറിനായുമാണ് ഇത്രയധികം ഓഫറുകൾ നൽകുന്നത്. പഴയ തലമുറ അമെയ്സിനും ജാസിനുമാണ് ഹോണ്ട ഏറ്റവുമധികം ഓഫറുകൾ നൽകുന്നത്. കൂടാതെ ഓണം സീസണിൽ വാഹനം സ്വന്തമാക്കുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബംബർ സമ്മാനവും നൽകുന്നുണ്ട്.

നിസാൻ/ഡാറ്റ്സൺ

നിസാൻ, ഡാറ്റ്സൺ കാറുകൾക്ക് ഏകദേശം 10000 രൂപ മുതൽ 40000 രൂപവരെ ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. തിരഞ്ഞെടുത്ത മോഡലുകൾക്ക് ആദ്യ വർഷത്തെ ഇൻഷുറൻസ് സൗജന്യമാണ്. കൂടാതെ 7.99 പലിശ നിരക്കിൽ ലോൺ സൗകര്യവുമുണ്ട്. ഡാറ്റ്സൺ കാർ വാങ്ങുന്നവരിൽ നിന്നു തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് സിനിമാതാരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടേയും കൂടെ ഓണം ആഘോഷിക്കാനുള്ള അവസരവും നൽകുന്നുണ്ട്.

വാഹന നിർമാതാക്കൾ നൽകുന്ന ഓഫറുകളുടെ പ്രാഥമിക വിവരം മാത്രമാണിത്. കൂടുതൽ ഓഫറുകൾക്കായി അതാത് ജില്ലകളിലെ അംഗീകൃത ഡീലർഷിപ്പുകളുമായി ബന്ധപ്പെടുക.