Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി സേന, രക്ഷാ ദൗത്യത്തിനെത്തുന്നത് ഈ ഹെലികോപ്റ്ററുകൾ

navy-helicopters Image Source- Twitter

മഹാപ്രളയത്തിൽ നിന്ന് കരകയറാൻ കൈയ്യും മെയ്യും മറന്ന് പൊരാടുകയാണ് കേരളാ ജനത. കൈതാങ്ങായി നിരവധി ആളുകൾ എത്തിയിട്ടുണ്ട്. കരസേനയും വായു സേനയും നേവിയും കോസ്റ്റ് ഗാർഡുമെല്ലാം സർവ്വ സന്നാഹങ്ങളുമായി രംഗത്തുണ്ട്. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നിരവധി ഹെലികോക്റ്ററുകളാണ് സേന വിന്യസിച്ചിരിക്കുന്നത്. വായുസേനയുടെ 10 എംഐ 17വി5 ഹെലികോപ്റ്ററുകളും 10 ലൈറ്റ് ഹെലികോപ്റ്ററുകളും 3 ചേതക്/ ചീറ്റ ഹെലികോപ്റ്ററുകളുമാണ് രക്ഷാ ദൗത്യത്തിനിറങ്ങിയിരിക്കുന്നത്. കൂടാതെ ഓരോ സി 17, സി 130 വിമാനങ്ങളും രണ്ട് ഐഎൽ 76 വിമാനങ്ങളും ഏഴു എഎൻ 32 വിമാനങ്ങളും ദൗത്യത്തിലുണ്ട്.  ഇവകൂടാതെ കരസേനയുടെ ഗരുഡ ഹെലികോപ്റ്ററും കോസ്റ്റ് ഗാർഡിന്റെ വിമാനങ്ങവും ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. 

കേരളത്തിലെ രക്ഷ ദൗത്യത്തിനുവേണ്ടി ഐഎല്‍ -76, സി -17 ഗ്ലോബ് മാസ്റ്റര്‍, സി- 130 ജെ സൂപ്പര്‍ ഹെര്‍ക്കുലസ് വിമാനങ്ങളിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സൈനികരെത്തുന്നത്. ഇതുവരെ ഏകദേശം 610 ആളുകളെ ദുരന്തമുഖത്തുനിന്നും രക്ഷിച്ചു എന്നാണ് ഇനത്യൻ നേവി ട്വീറ്റ് ചെയ്തത്. 

ഇന്ത്യൻ സേനയുടെ വിശ്വസ്തൻ എംഎ 17

എക്കാലത്തും ഇന്ത്യന്‍ സേനയുടെ വിശ്വസ്തനായ ഹെലികോപ്റ്ററാണ് റഷ്യന്‍ നിര്‍മിത എംഐ-17. കാര്‍ഗില്‍ യുദ്ധത്തിലും, നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരില്‍ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ കമാന്‍ഡോകളെ ഏറെ സഹായിച്ചതും എംഐ-17 ഹെലികോപ്റ്ററുകളായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നാണ് എംഐ-17. ആയുധക്കടത്ത്, എസ്‌കോര്‍ട്ട്, പെട്രോളിങ്, തിരച്ചിലും രക്ഷപ്പെടുത്തലും, തീയണക്കല്‍ എന്നീ ദൗത്യങ്ങള്‍ക്കും എംഐ-17 ഉപയോഗിക്കുന്നു. റഷ്യയില്‍ നിന്ന് 48 എംഐ-17 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങിയത്. മ്യാന്‍മറില്‍ കടന്നു ഭീകരരെ വധിക്കാന്‍ സേനയെ സഹായിച്ചതും എംഐ-17 ഹെലികോപ്റ്ററുകളായിരുന്നു.

mi-17

എംഐ-17 ആദ്യമായി പുറത്തിറങ്ങുന്നത് 1975 ലാണ്. റഷ്യക്ക് പുറമെ അറുപതോളം രാജ്യങ്ങള്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നു. ഏകദേശം 12,000 എംഐ-17 കോപ്റ്ററുകള്‍ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 18 മീറ്റര്‍ നീളമുള്ള എംഐ-17 ന്റെ ചിറകിന്റെ നീളം 21 മീറ്ററാണ്. ടര്‍ബോഷാഫ്റ്റ് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ഏകദേശം 1065 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഹെലികോപ്റ്ററിന് കഴിയും. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് താഴ്ന്നുപറക്കാന്‍ കഴിയുന്ന ഈ കോപ്റ്ററില്‍ നിന്ന് കമാന്‍ഡോകള്‍ക്ക് പാരച്യൂട്ട് വഴി ഇറങ്ങി ലക്ഷ്യസ്ഥാനത്ത് എത്താം. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ഏകദേശം 1065 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമണം നടത്താന്‍ കഴിയും. താഴ്ന്നു പറക്കുന്നതു പോലെ ഏകദേശം 20,000 അടിവരെ ഉയരത്തിലും പറക്കാന്‍ കഴിയും. സൈനികരെ എത്തിക്കാനും ചരക്കു കടത്തിനും എംഐ-17 ഉപയോഗിക്കുന്നു. 

എച്ച്എഎൽ ധ്രുവ്

Dhruv Helicopter

ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച  മൾട്ടി പർപ്പസ് ഹെലികോപ്റ്ററാണ് എച്ച് എ എൽ ധ്രുവ്. 1992ലാണ് ആദ്യ പറക്കൽ നടത്തിയ ഹെലികോപ്റ്റർ 1998ൽ കമ്മീഷൻ ചെയ്തു. 2002 ലാണ് സൈന്യത്തിലേയ്ക്ക് എത്തുന്നത്. സൈനിക ആവശ്യത്തിനും സിവിലിയൻ ആവശ്യത്തിനും ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.  രണ്ട് പൈലറ്റുമാരുള്ള ഹെലികോപ്റ്ററിൽ ഏകദേശം 12 ആളുകളെ വഹിക്കാനവും. 15.9 മീറ്റർ‌ നീളവും 13.2 മീറ്റര്‍ വീതിയും 4.98 മീറ്റർ‌ ഉയരവുമുണ്ട്. മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ധ്രൂവിന്  640 കിലോമീറ്റർ വരെ നിർത്താതെ സഞ്ചരിക്കാനാവും. 

സി 130 ജെ സൂപ്പർ ഹെർക്കുലീസ്

1954 ലാണ് ആദ്യ ഹെർക്കുലീസ് വിമാനം യുണൈറ്റഡ് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. തുടർന്നിങ്ങോട്ട് അറുപതു വർഷത്തിനിടെ ഏകദേശം 2500 വിമാനങ്ങളാണ് കമ്പനി വിവിധ രാജ്യങ്ങളിലെ സേനകൾക്കു നിർമിച്ചു നൽകിയത്. ഏകദേശം 63 രാജ്യങ്ങൾ ഹെർക്കുലീസ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവയുടെ രണ്ടാം തലമുറയാണ് ഇന്ത്യൻ എയർഫോഴ്സിന്റെ പക്കലുള്ള സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ. നിലവിൽ 16 രാജ്യങ്ങളാണ് സി 130 ജെ സൂപ്പർ വിമാനം ഉപയോഗിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും സുരക്ഷിതമായ വിമാനം എന്നാണ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് അറിയപ്പെടുന്നത്. താഴ്ന്നു പറക്കാനുള്ള കഴിവ്, കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് ഹെർക്കുലീസ് വിമാനങ്ങളെ സേനകൾക്കു പ്രിയപ്പെട്ടതാക്കുന്നത്. ടേക്ക് ഓഫിനും ലാൻഡിങ്ങിനും കുറച്ചു സ്ഥലം മതി എന്നത് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

Del6196473

112 അടി നീളവും 38 അടി പൊക്കവുമുണ്ട് സി 130 ജെ വിമാനത്തിന്. 132 അടിയാണ് ചിറകുകളുടെ വിരിവ്. റോൾസ് റോയ്സിന്റെ നാല് എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ആറ് ബ്ലെയ്ഡുകളുണ്ട് ഇവയുടെ പ്രൊപ്പല്ലറുകൾക്ക്. പരമാവധി 74,389 കിലോഗ്രാം വരെ വഹിച്ചുകൊണ്ട് ഈ വിമാനത്തിന് പറന്നുയരാനാവും. മണിക്കൂറിൽ 660 കിലോമീറ്ററാണ് പരമാവധി വേഗത. ഏകദേശം 130 സൈനികരെ ഈ വിമാനത്തിന് വഹിക്കാനാവും.

സി-17 ഗ്ലോബ്മാസ്റ്റർ

c-17-globemaster

അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ  ഹെവിലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി-17. 2010 ലാണ് ഈ വിമാനം ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമാകുന്നത്. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും രക്ഷാപ്രവർത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകരാജ്യ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കി മാറ്റുന്നത്. ഇന്ത്യൻ എയർഫോഴ്സിന്റെ ഹിമാലയൻ ബെയ്സിൽ സി-17 നെ ഉപയോഗിക്കുന്നുണ്ട്. 128,100 കിലോഗ്രാം ഭാരവുള്ള ഈ വിമാനത്തിന് 26,350 കിലോഗ്രാം ഭാരം വഹിച്ചു വരെ പറന്നുയരാനാവും. മണിക്കൂറിൽ 829 കിലോമീറ്ററാണ് വേഗത. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം രാജ്യത്തിനകത്തും പുറത്തും ട്രാൻസ്പോർട് ചെയ്യാൻ ഉപയോഗിക്കുന്നത് സി-17 എന്ന ഈ വിമാനമാണ്.