Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്തകനായ ടിപ്പർ രക്ഷകനായപ്പോള്‍

tipper Tipper

ടിപ്പറുകളും ടോറസുകളും! ഇത്രകാലം അവരുകേട്ട ചീത്തവിളികൾക്കും ചീത്തപ്പേരുകൾക്കും കയ്യും കണക്കുമില്ല. ആ ചീത്തപേരു തിരുത്താൻ അവർക്കും കിട്ടി അവസരം. പ്രളയത്തിൽ മുങ്ങി, ശ്വാസം മുട്ടിയ കേരളത്തെ, വലിച്ചുയർത്തി കരയ്ക്കിട്ടതിൽ ഈ വാഹനങ്ങൾക്കു വലിയ പങ്കുണ്ട്. രാത്രിയിൽ ഹെഡ് ലൈറ്റ് പോലും വെള്ളത്തിൽ മുങ്ങി, റോ‍ഡുപോലും കാണാനാകാത്ത അവസ്ഥയിൽ കുറേ ജീവനുകൾ പേറി പ്രളയജലത്തെ കീറിമുറിച്ചുള്ള യാത്ര. കണ്ണുനിറഞ്ഞ് പതിനായിരങ്ങൾ പറയാതെ പറഞ്ഞ നന്ദി വാക്കുകളിലുണ്ട് ഈ വാഹനത്തോടുള്ള അവരുടെ സ്നേഹം.

tipper-1

രക്ഷാപ്രവർത്തനത്തിന് കയ്യും മെയ്യും മറന്ന് സഹായിച്ച മൽസ്യത്തൊഴിലാളികളെ പോലെ തന്നെ, ടോറസുകളും ടിപ്പറുകളും കുറച്ചൊന്നുമല്ല ഓരോ ജീവനുകളെയും സുരക്ഷിതമായി കരയടുപ്പിക്കാൻ സഹായിച്ചത്. രക്ഷിച്ച ജീവനുകൾക്ക് ഭക്ഷണം നൽകാനും മുന്നിട്ടു നിന്നത് ഈ വാഹനങ്ങൾ തന്നെയാണ്. ചെളി നിറഞ്ഞ പാതയിലൂടെ.. വഴിയേത്, പുഴയേതെന്നറിയാതെ മനോധൈര്യം മാത്രം മുറുകെ പിടിച്ചു വണ്ടിയോടിച്ച ഇതിന്റെ സാരഥികൾക്കും ഉടമകൾക്കും ഇന്നു ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുകയാണ് കണ്ടുനിന്നവരും കൂടെനടന്നവരും കൂട്ടുകൂടിയവരുമെല്ലാം.

lorry

മറ്റുവാഹനങ്ങളെക്കാൾ ഉയർ‌ന്ന സൈലൻസറും ദുർഘടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കാനുള്ള കഴിവുമാണ് രക്ഷപ്രവർത്തനത്തിന് ഇറങ്ങാൻ ഇവരെ സഹായിച്ചത്. ചെളിനിറഞ്ഞു തെന്നുന്ന പാതകളിലൂടെ സുഗമായി സഞ്ചരിക്കാൻ വാഹനത്തിന്റെ ഘടന വേണ്ടുവോളം സഹായിച്ചു. രക്ഷിച്ചവരെ കൊണ്ട് ക്യാമ്പുകളിലേക്ക് പോകുന്നതിനൊപ്പം സന്നദ്ധപ്രവർത്തകരെ കൂടെ കൂട്ടാനും ഭക്ഷ്യ, ധാന്യങ്ങൾക്കൊപ്പം ഉടുവസ്ത്രങ്ങളും മരുന്നും വിതരണം ചെയ്യാനും കിതയ്ക്കാതെ, തളരാതെ ഒപ്പത്തിനൊപ്പം കട്ടയ്ക്കു നിന്നു.. ചെറുവള്ളങ്ങൾക്കും ബോട്ടുകൾക്കുമൊപ്പം ഈ വാഹനങ്ങളും. കണക്കെടുത്താൽ ഈ വാഹനങ്ങൾ രക്ഷിച്ചവരും സഹായിച്ചവരും അരലക്ഷത്തിനും മുകളിലാണ്.

tipper-2

കോട്ടയം ആലപ്പുഴ പ്രദേശത്ത് പാലത്ര കൺട്രഷൻസിന്റെ മാത്രം 33 ടിപ്പറുകളാണ് പ്രവർത്തനത്തിന് ഇറങ്ങിയത്. കൂടാതെ കേരള ടിപ്പർ ടോറസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ടിപ്പറുകളുടെ സഹായമുണ്ടായിരുന്നു. കൂടുതൽ നേരം വെള്ളത്തിലൂടെ സഞ്ചരിച്ച വാഹനങ്ങൾക്ക് ചിലപ്പോൾ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും ഇതെല്ലാം സഹിച്ചുകൊണ്ട് ഒരേമനസായി നിന്നുകൊണ്ടായിരുന്നു ഈ ടിപ്പറുകളുടെ രക്ഷാപ്രവർത്തനം. കയ്യടിക്കാം ഇവർക്കും കൂടി.

ടിപ്പറിൽ വെള്ളം കയറിലാൽ

രക്ഷപ്രവർത്തനത്തിന് ഇറങ്ങിയ ടിപ്പറുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് ഭാരത് ബെൻസ് അറിയിച്ചിട്ടുണ്ട്. വെള്ളം കയറി തകരാറിലായ ടിപ്പറുകള്‍ക്ക് സർവീസ് സഹായങ്ങൾ ചെയ്തു നൽകും എന്നാണ് കമ്പനി അറിയിച്ചത്. പുതുതലമുറ ടിപ്പറുകൾ കാറുകളെപ്പൊലെ ഇസിയു ഉണ്ടാകും. അതുകൊണ്ട് തന്നെ വെള്ളം കയറിയാൽ ബുദ്ധിമുട്ടാണ്. സൈലൻസറുകൾ ഉയർന്നു നിൽക്കുന്നതുകൊണ്ടും എയർ ഇൻടേക്കുകൾ ഉയർന്നു നിൽക്കുന്നതുകൊണ്ടും അധികം വെള്ളം കയറില്ല എന്നു മാത്രം. എങ്കിലും വെള്ളത്തിൽ ഓടിയ വാഹനങ്ങളുടെ ബ്രേക്കുകൾ‌ ശരിയാക്കേണ്ടി വരും കൂടാതെ ഫിൽറ്ററുകളും ഓയിലുകളും മാറണം. ബിഎസ്4 വാഹനമാണെങ്കിൽ സൈലൻസറിൽ വെള്ളം കയറിലാൽ പ്രശ്നമാണ്. രാത്രി കാലങ്ങളിലുള്ള ഓട്ടമാണ് അതീവ ദുഷ്കരമാണ്. ഹെഡ്‌ലൈറ്റിന്റെ മുകളിൽ വെള്ളമുള്ളതിനാൽ ലൈറ്റ് ഇട്ടാൻ ഷോർട്ട് ആകാൻ സാധ്യതയുള്ളതുകൊണ്ട് ലൈറ്റ് ഓൺ ചെയ്യാൻ സാധിക്കില്ല.