Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

55 കോൺകോഡ് ഷോറൂം കൂടി തുറക്കാൻ ടാറ്റ

tata-motors

വിൽപ്പന ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ 2021 ആകുമ്പോഴേക്ക് കോൺകോഡ് മോട്ടോഴ്സ് ഔട്ട്ലെറ്റുകളുടെ എണ്ണം 100 ആക്കി ഉയർത്തുമെന്നു ടാറ്റ മോട്ടോഴ്സ്. വാഹന വിൽപ്പനശാലകൾ തുറക്കാനായി ടാറ്റ മോട്ടോഴ്സിന്റെ പൂർണ ഉടമസ്ഥതയിൽ ആരംഭിച്ച ഉപസ്ഥാപനമാണു കോൺകോഡ് മോട്ടോഴ്സ്. നിലവിൽ കോൺകോഡ് മോട്ടോഴ്സിന് രാജ്യവ്യാപകമായി 45 ഷോറൂമുകളാണുള്ളത്. 

പുത്തൻ അവതരണങ്ങൾ സൃഷ്ടിക്കുന്ന സാധ്യത പ്രയോജനപ്പെടുത്തി കാർ വിൽപ്പന ഗണ്യമായി മെച്ചപ്പെടുത്താനാണു ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നത്. ഇതിനായി കോൺകോഡ് മോട്ടോഴ്സ് ശൃംഖല വിപുലീകരിക്കേണ്ടത് അനിവാര്യതയാണെന്നും കമ്പനി കരുതുന്നു. ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിൽപ്പനയിൽ 12 ശതമാനത്തിലേറെ കോൺകോഡ് മോട്ടോഴ്സിന്റെ സംഭാവനയാണ്. നിലവിലുള്ള 45 ശാലകൾ വഴി പ്രതിവർഷം 25,000 യൂണിറ്റാണു കോൺകോഡ് മോട്ടോഴ്സ് കൈവരിക്കുന്ന വിൽപ്പന. 

രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങൾക്കു പുറമെ ഗ്രാമീണ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണു പദ്ധതിയെന്ന് കോൺകോഡ് മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റിഷി ഗോയൽ അറിയിച്ചു. ഉപയോക്താക്കൾക്കു മികച്ച അനുഭൂതി സമ്മാനിച്ച് കാര്യക്ഷമത ഉയർത്താനാണു കോൺകോഡ് മോട്ടോഴ്സ് ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ടാറ്റ മോട്ടോഴ്സും കോൺകോഡും പരിവർത്തനത്തിന്റെ പാതയിലാണെന്നും ഗോയൽ വ്യക്തമാക്കി. കഴിഞ്ഞ 20 വർഷമായി കോർപറേറ്റ് ഡീലർഷിപ് എന്ന രീതിയിലായിരുന്നു കോൺകോഡിന്റെ പ്രവർത്തനം; എന്നാൽ ഭാവിയിൽ ഈ സംവിധാനത്തെ രാജ്യത്തെ ഏറ്റവും വലിയ ഡീലർഷിപ്പാക്കി മാറ്റാനാണു പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. 

‘നെക്സൻ’, ‘ഹെക്സ’, ‘ടിഗൊർ’ തുടങ്ങിയ പുതിയ അവതരണങ്ങളിലൂടെ യാത്രാവാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ ശ്രമം. അടുത്തതായി ജീപ് ‘കോംപസ്’, ഹ്യുണ്ടേയ് ‘ട്യുസൊൺ’ തുടങ്ങിയവയോട് മത്സരിക്കാനുള്ള ‘ഹാരിയറി’നെ അവതരിപ്പിക്കാനും ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നുണ്ട്. ഇതോടൊപ്പം ഹോണ്ട ‘സിറ്റി’യെയും ഹ്യുണ്ടേയ് ‘വെർണ’യെയും മാരുതി സുസുക്കി ‘സിയാസി’നെയും നേരിടാനുള്ള ഇടത്തരം സെഡാനും ടാറ്റ മോട്ടോഴ്സ് വികസിപ്പിക്കുന്നുണ്ട്.