Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്ര മരാസൊ, ഇന്നോവ എതിരാളി സെപ്റ്റംബറില്‍

752023457 Mahindra Marazzo

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യുടെ അരങ്ങേറ്റം സെപ്റ്റംബർ മൂന്നിന്. ‘യു 321’ എന്ന പേരിൽ വികസിപ്പിച്ച എം പി വിയാണു മഹീന്ദ്ര അടുത്ത മാസം ആദ്യം വിൽപ്പനയ്ക്കെത്തിക്കുന്നത്. ബാസ്ക് ഭാഷയിൽ നിന്നാണു കമ്പനി പുത്തൻ എം പി വിക്കുള്ള പേരു കണ്ടെത്തിയത്; ‘സ്രാവ്’ എന്നാണ് ഈ വാക്കിന് അർഥം.

752023457 Mahindra Marazzo

മഹീന്ദ്രയുടെ  മിചിഗനിലെ  നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററും ചെന്നൈയിലെ റിസർച് വാലിയും ചേർന്നു സംയുക്തമായി വികസിപ്പിക്കുന്ന ആദ്യ വാഹനമാണു ‘മരാസൊ’. വാഹനത്തിന്റെ രൂപകൽപ്പന നിർവഹിച്ചതാവട്ടെ പിനിൻഫരിനയും മുംബൈ കാൻഡിവ്ലിയിലെ മഹീന്ദ്ര ഡിസൈൻ സ്റ്റുഡിയോയും ചേർന്നാണ്. സ്രാവിൽ നിന്നു പ്രചോദിതമായ രൂപകൽപ്പനയാണു ‘മരാസൊ’യ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് മഹീന്ദ്രയുടെ ചീഫ് ഡിസൈനർ ആനന്ദൻ രാമകൃപ വിശദീകരിക്കുന്നു; വാഹനത്തിന് അകത്തും പുറത്തുമുള്ള പല സവിശേഷതകളും സ്രാവിൽ നിന്നു കടംകൊണ്ടതാണ്. 

mahindra-marazzo-1 Mahindra Marazzo

ഏഴും എട്ടും സീറ്റ് വകഭേദങ്ങളിലാണ് ‘മരാസൊ’ എം പി വി വിപണിയിലുണ്ടാവുക. രണ്ടാം നിരയിൽ ക്യാപറ്റൻ സീറ്റുകളുള്ള മോഡലിലാണ് ഏഴു പേർക്കു യാത്രാസൗകര്യം. എട്ടു സീറ്റുള്ള പതിപ്പിൽ രണ്ടാം നിരയിൽ ബെഞ്ച് സീറ്റാവും. മൂന്നാം നിരയിലേക്കു കടക്കാൻ ക്യാപ്റ്റൻ സീറ്റുകൾ മുന്നോട്ടു നീക്കണം; അതേസമയം 40:20:40 അനുപാതത്തിൽ വിഭജിക്കാവുന്ന വിധത്തിലാണു ബെഞ്ച് സീറ്റിന്റെ രൂപകൽപ്പന.

mahindra-marazzo-roof Mahindra Marazzo

സാങ്യങ്ങുമായി ചേർന്നു വികസിപ്പിച്ച പുതിയ 1.5 ലീറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനും ‘മരാസൊ’യ്ക്കൊപ്പം അരങ്ങേറ്റം കുറിക്കുന്നുണ്ട്; പരമാവധി 121 ബി എച്ച് പി വരെ കരുത്തും 300 എൻ എമ്മോളം ടോർക്കുമാവും ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ സാധ്യത. മികച്ച സുരക്ഷ ഉറപ്പാക്കാൻ എയർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയും ‘മരാസൊ’യിലുണ്ട്.

mahindra-marazzo-2 Mahindra Marazzo

നിലവിലുള്ള മോഡലുകൾക്കു പകരക്കാനായിട്ടല്ല ‘മരാസൊ’ എത്തുന്നതെന്നു മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്; ‘സൈലൊ’യുടെ പിൻഗാമിയുമല്ല ഈ പുത്തൻ എം പി വി. മറിച്ച് ‘സൈലൊ’യ്ക്കു മേൽ ഇടം പിടിക്കുന്ന പ്രീമിയം മോഡലാണു ‘മരാസൊ’ എന്നാണു മഹീന്ദ്രയുടെ നിലപാട്. ടൊയോട്ടയുടെ ‘ഇന്നോവ ക്രിസ്റ്റ’യെയും മാരുതി സുസുക്കിയുടെ ‘എർട്ടിഗ’യെയുമൊക്കെ നേരിടാനാണു ‘മരാസൊ’യുടെ വരവ്.