Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഷ്കരിച്ച സി ക്ലാസ് അവതരണം 20ന്

benz-c-class

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ പരിഷ്കരിച്ച ‘സി ക്ലാസ്’ ശ്രേണി ഈ 20നു വിപണിയിലെത്തും. നാലു മോഡലുകളാണ് ‘2018 മെഴ്സീഡിസ് ബെൻസ് സി ക്ലാസ്’ ഇന്ത്യയിലെത്തുക: സി 200 പെട്രോൾ, സി 220 ഡി ഡീസൽ, കരുത്തേറിയ സി 300 ഡി ഡീസൽ, പ്രകടനക്ഷമതയേറിയ എ എം ജി സി 43 ഫോർ മാറ്റിക് പ്ലസ് എന്നിവയാണ് വിൽപ്പനയ്ക്കുണ്ടാവുക. നിലവിലുള്ള കാറിനെ അപേക്ഷിച്ചു കാര്യമായ പരിഷ്കാരങ്ങളോടെ എത്തുന്ന ‘2018 സി ക്ലാസി’ന്റെ വിലയിലും വർധന പ്രതീക്ഷിക്കാം.

പെട്രോൾ ‘സി 200’ കാറിനു കരുത്തേകുക 1.5 ലീറ്റർ ഇൻലൈൻ നാലു സിലിണ്ടർ എൻജിനാണ്; 184 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കൂടാതെ ഇ ക്യു ബൂസ്റ്റ് സംവിധാനത്തിന്റെ പിൻബലത്തിൽ ആക്സിലറേഷൻ വേളയിൽ 14 പി എസ് കൂടി കരുത്തും 160 എൻ എം ടോർക്കും കൂടി സൃഷ്ടിക്കാനും ഈ എൻജിനാവും. എൻജിൻ കൂളിങ് സംവിധാനത്തിലും ഒൻപതു സ്പീഡ് ഓട്ടോ ട്രാൻസ്മിഷൻ സിസ്റ്റത്തിലും പരിഷ്കാരങ്ങളോടോയാവും  കറിന്റെ വരവ്. പേര് വ്യത്യസ്തമെങ്കിലും മൈൽഡ് ഹൈബ്രിഡ് സംവിധാനത്തെയാണു മെഴ്സീഡിസ് ബെൻസ് ഇ ക്യു ബൂസ്റ്റ് സിസ്റ്റമെന്നു വിളിക്കുന്നത്.

‘സി 220 ഡി ഡീസൽ’ പതിപ്പിന് കരുത്തേകുക പുതിയ രണ്ടു ലീറ്റർ, ടർബോ ചാർജ്ഡ് എൻജിനാവും; 194 പി എസ് വരെ കരുത്തും 400 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മുമ്പത്തെ 2.1 ലീറ്റർ ഡീസൽ എൻജിനാവട്ടെ 170 പി എസ് കരുത്തും 400 എൻ എം ടോർക്കുമാണു സൃഷ്ടിച്ചിരുന്നത്. ഘർഷണ നഷ്ടവും ഭാരവും കുറയ്ക്കാനുള്ള പരിഷ്കാരങ്ങളാണ് എൻജിനിൽ മെഴ്സീഡിസ് ബെൻസ് നടപ്പാക്കിയത്. കൂടാതെ പെട്രോൾ എൻജിനൊപ്പമുള്ള നവീകരിച്ച ഒൻപതു സ്പീഡ് ഓട്ടോ ഗീയർബോക്സ് ഈ മോഡലിലും ലഭ്യമാണ്. അതേസമയം ഇ ക്യു ബൂസ്റ്റ് 48 വോൾട്ട് സംവിധാനം ഡീസൽ എൻജിനൊപ്പം മെഴ്സീഡിസ് ഘടിപ്പിച്ചിട്ടില്ല. രാജ്യാന്തര വിപണികളിൽ ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെയാണു കാർ എത്തുന്നതെങ്കിലും വില പരിഗണിച്ച് ഇന്ത്യയിൽ ഈ മോഡൽ വിൽപ്പനയ്ക്കുണ്ടാവില്ല. ‘സി 300 ഡി’ക്കു കരുത്തേകുന്നതും ഇതേ രണ്ടു ലീറ്റർ ഡീസൽ എൻജിനാണ്; 245 പി എസ് കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. 

ഇതിനു പുറമെയാണു പ്രകടനക്ഷമതയേറിയ ‘മെഴ്സീഡിസ് എ എം ജി സി 43’ എത്തുന്നത്; ‘സി 63 എ എം ജി’ക്കും സാധാരണ ‘സി ക്ലാസി’നുമിടയ്ക്കാവും ഈ മോഡലിന്റെ സ്ഥാനം. ഇരട്ട ടർബോ, മൂന്നു ലീറ്റർ, വി സിക്സ് എൻജിന്റെ പരമാവധി കരുത്ത് 23 പി എസ് ഉയർത്തി 390 പി എസിലെത്തിക്കാൻ എ എം ജിയിലെ എൻജിനീയർമാർക്കു സാധിച്ചിട്ടുണ്ട്. 520 എൻ എമ്മാണു പരമാവധി ടോർക്ക്. മികച്ച പ്രതികരണം ഉറപ്പാക്കാൻ ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സും പരിഷ്കരിച്ചിട്ടുണ്ട്. ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ‘സി 43’ തുടക്കത്തിൽ സലൂൺ ബോഡിയോടെയാണ് എത്തുക; കൂപ്പെ പതിപ്പ് പിന്നാലെയെത്തുമെന്നാണു പ്രതീക്ഷ.