Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത നിർമാണശാല സ്ഥാപിക്കാൻ ടാറ്റ

Tigor EV Tigor EV

വൈദ്യുത വാഹന നിർമാണത്തിനായി പുതിയ ശാല സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നു. നിർദിഷ്ട ശാലയ്ക്കായി ആന്ധ്ര പ്രദേശിനെയാണു കമ്പനി പരിഗണിക്കുന്നതെന്നും സൂചനയുണ്ട്.  രാജ്യത്തെ പരിസ്ഥിതി മലിനീകരണം ഉയരുന്നതു മുൻനിർത്തി വൈദ്യുതവാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ള തയാറെടുപ്പിലാണു കേന്ദ്ര സർക്കാർ. ടാറ്റ മോട്ടോഴ്സാവട്ടെ കേന്ദ്ര ഊർജ വകുപ്പിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡി(ഇ ഇ എസ് എൽ)ന്റെ കരാർ പ്രകാരം വൈദ്യുത വാഹനങ്ങൾ ലഭ്യമാക്കുന്നുമുണ്ട്.

ഏതാനും ദിവസം മുമ്പ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു മുംബൈയിലെ ടാറ്റ മോട്ടോഴ്സ് എക്സ്പീരിയൻസ് സെന്റർ സന്ദർശിച്ചിരുന്നു. രണ്ടു മാസത്തിനകം വിൽപ്പനയ്ക്കെത്തിക്കാൻ ലക്ഷ്യമിടുന്ന വൈദ്യുത വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി അധികൃതർ നായിഡുവുമായി പങ്കുവച്ചിരുന്നു. ഒപ്പം ആന്ധ്രയിൽ പുതിയ വൈദ്യുത വാഹന നിർമാണശാല സ്ഥാപിക്കാനുള്ള താൽപര്യവും ടാറ്റ മോട്ടോഴ്സ് പ്രകടിപ്പിച്ചു. തുടർന്ന് പുതിയ പ്ലാന്റിന് എല്ലാ സഹകരണവും നായിഡു വാഗ്ദാനം ചെയ്യുകയായിരുന്നു.

കേന്ദ്ര സർക്കാർ ഓഫിസുകളിലെ ഉപയോഗത്തിനായി നിർമിച്ചു നൽകുന്ന ‘ടിഗൊർ ഇ വി’യാവും ടാറ്റ മോട്ടോഴ്സ് ഉടൻ പുറത്തിറക്കുകയെന്നാണു സൂചന. കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു ടാറ്റ മോട്ടോഴ്സ് ബാറ്ററിയിൽ ഓടുന്ന ‘ടിഗൊർ’ അനാവരണം ചെയ്തത്. ഈ കാർ മുമ്പു തന്നെ വിൽപ്പനയ്ക്കെത്തിക്കാൻ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിട്ടിരുന്നെങ്കിലും ബാറ്ററി ചാർജിങ് മേഖലയിലെ അടിസ്ഥാന സൗകര്യം അപര്യാപ്തമാണെന്നത് അരങ്ങേറ്റം വൈകിക്കുകയായിരുന്നു. ‘ടിഗൊർ ഇ വി’ക്കു ലഭിക്കുന്ന പ്രതികരണം വിലയിരുത്തി കൂടുതൽ വൈദ്യുത മോഡലുകൾ പുറത്തിറക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം. 

‘ടിഗൊർ ഇ വി’ക്കു കരുത്തേകുന്നത് 30 കിലോവാട്ട്, മൂന്നു ഫേസ്, എ സി ഇൻഡക്ഷൻ വൈദ്യുത മോട്ടോറാണ്; അതേസമയം എതിരാളിയായ മഹീന്ദ്ര ‘ഇ വെരിറ്റൊ’യ്ക്ക് 30.5 കിലോവാട്ട് കരുത്താണുള്ളത്. സിംഗിൾ സ്പീഡ് ട്രാൻസ്മിഷനും ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുമുള്ള കാറിന് മണിക്കൂറിൽ 100 കിലോമീറ്ററാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഒറ്റത്തവണ ചാർജ് ചെയ്താൽ ‘ടിഗൊർ ഇ വി’ 130 കിലോമീറ്റർ ഓടുമെന്നാണു കമ്പനിയുടെ അവകാശവാദം. 

സാധാരണ ചാർജർ ഉപയോഗിച്ച് ആറു മണിക്കൂർ കൊണ്ട് 80% ബാറ്ററി ചാർജ് ചെയ്യാനാവും; ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും ഒന്നര മണിക്കൂറിൽ ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്യാനാവും. മിക്കവാറും 10 — 11 ലക്ഷം രൂപ വില നിലവാരത്തിലാവും ‘ടിഗൊർ ഇ വി’ വിൽപ്പനയ്ക്കെത്തുകയെന്നാണു പ്രതീക്ഷ; ഇതിൽ ഒന്നു മുതൽ 1.40 ലക്ഷം രൂപ വരെ ‘ഫെയിം ടു’ പ്രകാരം സബ്സിഡി ലഭിച്ചേക്കും.