Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: കേരളത്തിൽ പ്രത്യേക ഇളവുകളുമായി ഹോണ്ട

honda-cars-logo

പ്രളയക്കെടുതിയിൽ കുടുങ്ങിയ കേരളത്തിലെ കാർ ഉടമകൾക്ക് സഹായഹസ്തവുമായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) എത്തുന്നു. പ്രളയജലത്തിൽ കുടുങ്ങിയ കാറുകൾ ഉടമസ്ഥന്റെ ചെലവിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ ലേബർ ചാർജിൽ 50% ഇളവും സ്പെയർ പാർട്സ് വിലയിൽ 10% ഇളവും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ എല്ലാ ഡീലർഷിപ്പുകളിലും മികച്ച പരിശീലനം ലഭിച്ച സാങ്കേതികവിദഗ്ധരുടെയും സർവീസ് അഡ്വൈസർമാരുടെയും സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നു ഹോണ്ട അറിയിച്ചു. 

ഇതോടൊപ്പം പ്രളയബാധിത വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങാനുള്ള അവസരവും ഹോണ്ട കാഴ്സ് ഒരുക്കിയിട്ടുണ്ട്. ഹോണ്ടയ്ക്കു പുറമെ മറ്റു മോഡലുകളിൽപെട്ട കാറുകൾ ഈ അവസരം പ്രയോജനപ്പെടുത്തി മാറ്റിവാങ്ങാമെന്നു കമ്പനി അറിയിച്ചു. പ്രളയജലത്തിലകപ്പെട്ട് പൂർണമായും എഴുതിത്തള്ളിയ ഹോണ്ട കാറുകളുടെ ഉടമസ്ഥർക്ക് അഡീഷനൽ ലോയൽറ്റി ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള പദ്ധതികൾക്കു പുറമെയാണ് ഈ അധിക ആനുകൂല്യമെന്നും കമ്പനി അറിയിച്ചു. 

കനത്ത പ്രളയത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്ന കേരളത്തോടും ജനങ്ങളോടും പൂർണ ഐകദാർഢ്യമാണു കമ്പനി പ്രകടിപ്പിക്കുന്നതെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റും വിൽപ്പന, വിപണന വിഭാഗം ഡയറക്ടറുമായ രാജേഷ് ഗോയൽ അറിയിച്ചു. കാർ ഉടമകളോടു പിന്തുണയുടെ ഭാഗമായി പ്രളയബാധിതമായ കാറുകൾക്ക് പൂർണതോതിലുള്ള വിൽപ്പന, വിൽപ്പനാന്തര സേവനം കമ്പനി ഉറപ്പാക്കും. ഇൻഷുറൻസ് ക്ലെയിമുകളും അറ്റകുറ്റപ്പണി നടപടികളും അതിവേഗം തീർപ്പാക്കാൻ പ്രത്യേക ടീമുകളെയും ഹോണ്ട നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.