Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ശാല: മാരുതിക്ക് 1,400 ഏക്കറുമായി ഹരിയാന

maruti-suzuki

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മൂന്നാമതു നിർമാണശാലയും ഹരിയാനയിൽ തന്നെ സ്ഥാപിക്കാൻ വഴി തെളിയുന്നു. പുതിയ കാർ നിർമാണശാലയ്ക്കായി സോഹ്നയിൽ 1,400 ഏക്കർ സ്ഥലം അനുവദിച്ചേക്കുമെന്നു ഹരിയാന പൊതുമരാമത്തു മന്ത്രി റാവു നർബീർ സിങ് സൂചിപ്പിച്ചു. നിലവിൽ ഗുരുഗ്രാമിലും മനേസാറിലുമാണു മാരുതി സുസുക്കിയുടെ കാർ നിർമാണശാലകൾ പ്രവർത്തിക്കുന്നത്; ഗുരുഗ്രാമിൽ 300 ഏക്കറിലും മനേസാറിൽ 600 ഏക്കർ സ്ഥലത്തുമാണു ശാലകൾ സ്ഥാപിച്ചിരിക്കുന്നത്. 

പുതിയ ശാല സംബന്ധിച്ചു ചർച്ച ചെയ്യാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ അധ്യക്ഷതയിൽ യോഗവും ചേർന്നിരുന്നു. റാവു നർബീർ സിങ്ങിനു പുറമെ വ്യവസായ മന്ത്രി വിപുൽ ഗോയൽ, മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ, ഹരിയാന വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറി ദേവേന്ദർ സിങ്, എച്ച് എസ് ഐ ഐ ഡി എ മാനേജിങ് ഡയറക്ടർ ടി എൽ സത്യപ്രകാശ് തുടങ്ങിവരും യോഗ്തതിൽ പങ്കെടുത്തു.

പൊതു, സ്വകാര്യ പങ്കാളിത്ത(പി പി പി) വ്യവസ്ഥയിൽ സോഹ്നയിൽ സംയോജിത വ്യവസായ മോഡൽ ടൗൺഷിപ്(ഐ എം ടി) വികസിപ്പിക്കാൻ ഹരിയാന സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ വ്യവസായ നഗരം സ്ഥാപിക്കാൻ 2011ൽ ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഏജൻസി(എച്ച് എസ് ഐ ഐ ഡി എ)ഏറ്റെടുത്ത 1,700 ഏക്കറിൽ നിന്നുള്ള 1,400 ഏക്കറാണു സംസ്ഥാനം മാരുതി സുസുക്കിക്കു കൈമാറാൻ പരിഗണിക്കുന്നത്. 

നേരത്തെ ഇ ലേലം വഴി പദ്ധതിയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനാണു സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ ലേലം ഒഴിവാക്കി ഭൂമി നേരിട്ടു മാരുതി സുസുക്കിക്കു കൈമാറാനുള്ള സാധ്യതയാണു സംസ്ഥാനം ഇപ്പോൾ പരിഗണിക്കുന്നത്. ഭൂമിക്ക് മികച്ച വില ഉറപ്പാക്കാൻ ബിഡ്ഡിങ് രീതിയാവും പിന്തുടരുകയെന്നാണു സൂചന.

അതേസമയം, പുതിയ നിർമാണശാല ഹരിയാനയിൽ സ്ഥാപിക്കുമെന്ന വാർത്തകവോടു പ്രതികരിക്കാൻ ആർ സി ഭാർഗവ വിസമ്മതിച്ചു. വികസന പദ്ധതികൾക്കായി കമ്പനി തുടർച്ചയായി പുതിയ സ്ഥലങ്ങൾ തേടാറുണ്ടെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

എന്നാൽ എച്ച് എസ്  ഐ ഐ ഡി എയുടെ പക്കലുള്ള സോഹ്ന ഐ എം ടി പദ്ധതി ഭൂമി പൂർണമായി തന്നെ മാരുതിക്കു കൈമാറാൻ ഏകദേശ ധാരണയായെന്നു റാവു നർബീർ സിങ് വ്യക്തമാക്കി. ഹരിയാന എന്റർപ്രൈസ് പ്രമോഷൻ ബോർഡിന്റെ ഉപസമിതിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.