Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമൽ സുംബ്ലി റോയൽ എൻഫീൽഡിലേക്ക്

triumph-tiger Vimal Sumbly

ബ്രിട്ടിഷ് ആഡംബര ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സ്ഥാനം രാജിവച്ച വിമൽ സുംബ്ലി റോയൽ എൻഫീൽഡിനൊപ്പം ചേരുന്നു. ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ എഷ്യ പസഫിക് മേഖല മേധാവിയായാണു സുംബ്ലിയുടെ പുതിയ ഇന്നിങ്സ്. ട്രയംഫിന് ഇന്ത്യയിൽ വിലാസം നേടിക്കൊടുക്കുന്നതിൽ നിർണായകസ്ഥാനം വഹിച്ച സുംബ്ലി 2013 മുതൽ കമ്പനിക്കൊപ്പമുണ്ടായിരുന്നു; കഴിഞ്ഞ മാസമായിരുന്നു അദ്ദേഹം ട്രയംഫ് വിട്ടത

റോയൽ എൻഫീൽഡിൽ തുടക്കത്തിൽ ഗുരുഗ്രാം ആസ്ഥാനമായും പിന്നീട് തായ്ലൻഡ് കേന്ദ്രീകരിച്ചുമാവും സുംബ്ലിയുടെ പ്രവർത്തനം. പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ആഗോളതലത്തിൽ ചിറകുവിരിക്കാൻ മോഹിക്കുന്ന റോയൽ എൻഫീൽഡിന് സുംബ്ലിയുടെ വരവ് കരുത്തേകുമെന്നാണു പ്രതീക്ഷ.ഗ്ലോബൽ ടീമിലേക്കു റോയൽ എൻഫീൽഡ് നടത്തുന്ന മൂന്നാമത്തെ ഉന്നത നിയമനമാണു സുംബ്ലിയുടേത്. നേരത്തെ സ്റ്റാർ സ്പോർട്സിൽ നിന്നുള്ള സുധാംശു സിങ്ങിനെ കമ്പനി ഗ്ലോബൽ ബ്രാൻഡ് മേധാവിയായി റോയൽ എൻഫീൽഡ് നിയമിച്ചിരുന്നു. ഒപ്പം ട്രയംഫിന്റെ യു കെയിലെ ഡിസൈൻ മേധാവി സൈമൻ വാർബർട്ടനെ പ്രോഡക്ട് ഡവലപ്മെന്റ് മേധാവിയായും തിരഞ്ഞെടുത്തു. 

ബജാജ് ഓട്ടോ ലിമിറ്റഡിൽ നിന്നാണു സുംബ്ലി ട്രയംഫിനൊപ്പം ചേർന്നത്. ബജാജ് ഓട്ടോയുടെ ടോപ് മാനേജ്മെന്റ് അംഗമെന്ന നിലയിൽ കെ ടി എം, പ്രോ ബൈക്കിങ് ഔട്ട്ലെറ്റുകൾ പിക്കുന്നതിന്റെ ചുമതലയായിരുന്നു സുംബ്ലിക്ക്. വിദേശ വിപണികളിൽ സാന്നിധ്യം വ്യാപിപ്പിച്ചു വിൽപ്പന വർധിപ്പിക്കാനാണു റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 19,000 യൂണിറ്റാണു കമ്പനി വിദേശ വിപണികളിൽ വിറ്റത്. വിദേശത്തെ സ്റ്റോറുകളുടെ എണ്ണം 30 മുതൽ 50 വരെയാക്കി വർധിപ്പിക്കാനും റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്. ഒപ്പം കരാർ വ്യവസ്ഥയിൽ വിദേശ രാജ്യങ്ങളിൽ പ്രാദേശിക അസംബ്ലിങ് സൗകര്യം ആരംഭിക്കാനുള്ള സാധ്യതയും കമ്പനി പരിഗണിക്കുന്നുണ്ട്.