Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

130 കീ.മി വേഗത്തിൽ‌ എസ്‍യുവിക്ക് ബ്രേക് നഷ്ടമായി, അതിസാഹസികമായി അപകടം ഒഴിവാക്കി പൊലീസ്

Lykan Hypersport Representative Image, Lykan Hypersport Patrol Car Abu Dhabi Police

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് തകരാറിലായാൽ എന്തുചെയ്യും?  ഏതൊരു ‍ഡ്രൈവറും മരണം മുന്നിൽ കാണുന്ന നിമിഷം. വാഹനം ഓടിക്കുന്ന ആളുടെ മാത്രമല്ല റോഡിലെ മറ്റു യാത്രക്കാരുടേയും ജീവനു തന്നെ ഭീഷണിയായേക്കാവുന്ന അപകടത്തിൽ നിന്ന് അബുദാബി പൊലീസ് വാഹനത്തെ രക്ഷിച്ചത് അദ്ഭുതകരമായി. അബുദാബി-അല്‍ഐന്‍ റോഡിലായിരുന്നു സംഭവം. 

ക്രൂസ് കൺട്രോളിൽ‌ 130 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. ക്രൂസ് കണ്‍ട്രോള്‍ തകരാറിലായി വേഗം കുറയ്ക്കാനോ ബ്രേക്കു ചെയ്യാനോ ഡ്രൈവർക്ക് കഴിയാതെ വന്നു ഇതേ തുടർന്നാണ് പൊലീസിന്റെ സഹായം ‍തേടിയത്. 15 പൊലീസ് വാഹനങ്ങള്‍ അണിനിരന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആര്‍ക്കും പരിക്കില്ലാതെ കാറിനെ നിയന്ത്രണത്തിലാക്കി.

വേഗത കുറയ്ക്കാന്‍ നോക്കിയപ്പോഴാണ് എസ്‍യുവിയുടെ ബ്രേക്കു തകരാറിലായെന്ന് തിരിച്ചറിഞ്ഞത്. മരണം ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്, എന്നാണ് വാഹനം ഓടിച്ച അല്‍ഐന്‍ സ്വദേശി പറഞ്ഞത്. തുടർന്ന് പൊലീസിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സ്റ്റെന്ററുമായി ബന്ധപ്പെട്ടു.  മുന്നിലുള്ള റോഡില്‍ നിന്നു മറ്റു വാഹനങ്ങളെ നിയന്ത്രിച്ച ശേഷം ഒരു പൊലീസ് പട്രോള്‍ കാര്‍ തകരാറിലായ എസ്‌യുവിയുടെ നേരെ മുന്നിലെത്തിച്ചു. വേഗത സാവധാനം കുറച്ചു. ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഡ്രൈവറുടെ ഫോൺവിളി ലഭിച്ചപ്പോൾ തന്നെ പൊലീസ് സർ‍വസജ്ജമായിരുന്നുവെന്ന് അബുദാബി പൊലീസ് പറയുന്നു. ഇൗ മുൻകരുതലാണ് വലിയ അപകടം ഒഴിവാക്കിയത്.

നേരത്തെ ചൈനയിലും ഇത്തരത്തിൽ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ പൊലീസിന്റെ സഹായത്തോടെ തന്നെയാണ് നിർത്തിയത്. 

എന്താണ് ക്രൂസ് കൺട്രോൾ

ഡ്രൈവർ ആക്സിലേറ്റർ അമർത്താതെ തന്നെ വാഹനം നിശ്ചിത വേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ക്രൂസ് കൺട്രോൾ. എത്രവേഗത്തിലാണ് വാഹനം ഓടേണ്ടത് എന്ന് ഡ്രൈവർക്ക് തീരുമാനിക്കാം. ക്രൂസ് കൺട്രോൾ പ്രവർത്തിച്ചാൽ പിന്നെ ആക്സിലറേറ്ററിൽ അമർത്തേണ്ട കാര്യമില്ല. ബ്രേക്ക് അമർത്തിയാൽ ക്രൂസ് കൺട്രോൾ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യും.  ഒരേ വേഗത്തിൽ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിങ്ങും ആക്‌സിലറേഷനും ഒഴിവാക്കാനും ഇന്ധനലാഭം നേടാന‌ുമാകും. നിയമപ്രകാരമുള്ള പരമാവധി വേഗത്തിൽ വാഹനം ഓടിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും.