Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വില മറന്നേക്കൂ, മഹീന്ദ്രയുടെ വൈദ്യുത ഓട്ടോ ട്രിയൊ

mahindra-treo Mahindra Treo

മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ വൈദ്യുത ത്രിചക്രവാഹനങ്ങൾ അവതരിപ്പിച്ചു. നീതി ആയോഗ് ഡൽഹിയിൽ സംഘടിപ്പിച്ച ഗ്ലോബൽ മൊബിലിറ്റി ഉച്ചകോടി(മൂവ് 2018)യിലാണു കമ്പനി ‘ട്രിയൊ’യും ‘ട്രിയൊ യാരി’യും അനാവരണം ചെയ്തത്. ഡ്രൈവർക്കു പുറമെ  മൂന്നും നാലും പേർക്കു യാത്ര ചെയ്യാവുന്ന രീതിയിലാണു ബാറ്ററിയിൽ ഓടുന്ന ത്രിചക്ര വാഹനങ്ങളായ ‘ട്രിയൊ’യുടെയും ‘ട്രിയൊ യാരി’യുടെയും രൂപകൽപ്പന. 

വൈദ്യുത വാഹന വ്യാപനത്തിനായി രാജ്യം ശ്രമിക്കുമ്പോൾ ഈ വിഭാഗത്തിൽ നഗരമേഖലകൾക്ക് അനുയോജ്യമായ സുസ്ഥിര ഗതാഗത സൗകര്യങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യമായ സമയമാണിതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു. ഈ മേഖലയിലെ മുൻനിരക്കാരെന്ന നിലയിൽ വ്യാപക ഉപയോഗം ലക്ഷ്യമിട്ടുള്ള വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കുന്നതിൽ വ്യാപൃതരാണു മഹീന്ദ്രയെന്നും അദ്ദേഹം വെളിപ്പെടുത്തി. നഗരപ്രദേശത്തെ അവസാനഘട്ട യാത്രയ്ക്കുള്ള ഇഷ്ടവാഹനമായി മാറാൻ ‘ട്രിയൊ’യ്ക്കു സാധിക്കുമെന്നും ഗോയങ്ക പ്രത്യാശിച്ചു.

മലിനീകരണ വിമുക്തമായ ലിതിയം അയോൺ ബാറ്ററി സാങ്കേതികവിദ്യയോടെ എത്തുന്ന ‘ട്രിയൊ’യിൽ ദൃഢമായ ക്രാഷ് ഗാർഡ്, ചളുക്കവും തുരുമ്പും ചെറുക്കുന്ന ബോഡി, ആധുനിക രൂപകൽപ്പന, നെമൊ ടെക് വഴി ബാറ്ററിയുടെ സ്ഥിതിഗതി അറിയാൻ സംവിധാനം തുടങ്ങിയവയൊക്കെ മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.