Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരക്ക് വിമാന സർവീസുമായി സ്പൈസ്ജെറ്റ്

spicejet

വർഷാവസാനത്തോടെ പ്രതിമാസം 27,000 ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടു ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റ് കാർഗോ മേഖലയിൽ പ്രവേശിക്കുന്നു. നാലു ചരക്ക് വിമാനങ്ങളുമായി പ്രത്യേക വിഭാഗം രൂപീകരിച്ച് കാർഗോ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു തീരുമാനമെന്നും സ്പൈസ്ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് അറിയിച്ചു. ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിൽ കാർഗോ സർവീസ് ലക്ഷ്യമിടുന്ന ‘സ്പൈസ് എക്സ്പ്രസ്’ എന്ന പുതിയ കമ്പനി സ്പൈസ്ജെറ്റിന്റെ ഉപസ്ഥാപനമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത വർഷമാവുന്നതോടെ പ്രതിമാസം 40,000 ടൺ കാർഗോ കൈകാര്യം ചെയ്യാനാണു സ്പൈസ്ജെറ്റിന്രെ പദ്ധതി. ഏതാനും വർഷങ്ങൾക്കകം പ്രതിമാസ കാർഗോ ലക്ഷം ടണ്ണിലെത്തിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തുടക്കത്തിൽ ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ഹോങ്കോങ്, കാബൂൾ, അമൃത്സർ വിമാനത്താവളങ്ങളിലേക്കാവും സ്പൈസ് ജെറ്റിന്റെ കാർഗോ സേവനം. 

ഇ വാണിജ്യ മേഖലയിൽ നിന്നു വരുമാനം നേടാനാണു സ്പൈസ്ജെറ്റിന്റെ പദ്ധതിയെന്നും അജയ് സിങ് വിശദീകരിച്ചു. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മരുന്നുകൾ പോലെ താപനിലയുടെ കാര്യത്തിൽ നിഷ്കർഷയുള്ള സാധനസാമഗ്രികൾ, സമയബന്ധിതമായി എത്തിക്കേണ്ട ചരക്കുകൾ തുടങ്ങിയവയിലാണു സ്പൈസ്ജെറ്റ് സാധ്യത കാണുന്നത്. കൂടാതെ അവയവങ്ങളുടെ നീക്കത്തിലും സ്പൈസ്ജെറ്റ് പ്രതീക്ഷയർപ്പിക്കുന്നുണ്ട്. 

പരിഷ്കരിച്ച ‘ബോയിങ് 737 — 700’ വിമാനങ്ങളാണു സ്പൈസ്ജെറ്റ് ചരക്കുനീക്കത്തിന് ഉപയോഗിക്കുന്നത്. യാത്രാ വിഭാഗത്തിൽ നിന്നുള്ള പൈലറ്റുമാരുടെയും എൻജിനീയർമാരുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും സേവനത്തിനൊപ്പം വിമാനത്താവളങ്ങളിൽ സ്പൈസ്ജെറ്റിനുള്ള അടിസ്ഥാനസൗകര്യങ്ങളും പുതിയ കമ്പനി പ്രയോജനപ്പെടുത്തും. പാട്ടത്തിനെടുത്ത വിമാനങ്ങളാണ് ‘സ്പൈസ് എക്സ്പ്രസ്’ ഉപയോഗിക്കുന്നതെന്നു സിങ് അറിയിച്ചു; അതിനാൽ മൂലധന ചെലവില്ലെന്ന നേട്ടമുണ്ട്. ഒപ്പം സ്പൈസ്ജെറ്റിന്റെ ജീവനക്കാരെയും സൗകര്യങ്ങളും ഉപയോഗിക്കുന്നതും പുതിയ കമ്പനിയുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.