Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ ടിയാഗോ എന്‍ആര്‍ജി വിപണിയില്‍; വില 5.49 ലക്ഷം

tata-tiago-nrg ടാറ്റ ടിയാഗോ എന്‍ആര്‍ജി പുറത്തിറക്കിയപ്പോൾ ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും സിഇഒ യുമായ ഗാന്തര്‍ ബുട്‌സ്‌ചെക്, പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായാങ്ക് പരീക്ക് എന്നിവർ.

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ വാഹനം ടാറ്റ ടിയാഗോ എന്‍ആര്‍ജി പുറത്തിറക്കി. എസ്‌യുവി വാഹനങ്ങളുടെ ഡിസൈനില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട രൂപഭംഗിയിലാണ് ടിയാഗോ എന്‍ആര്‍ജി എത്തിയിരിക്കുന്നത്. വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില 5.49 ലക്ഷം രൂപയാണ്; ഡീസല്‍ പതിപ്പിന്റെ വില 6.31 ലക്ഷം രൂപയും. അര്‍ബന്‍ ടഫ്‌റോഡര്‍ എന്ന വിഭാഗത്തിലാണ് ടിയാഗോ എന്‍ആര്‍ജി വിപണിയില്‍ എത്തുക. വിഭാഗത്തിലെ ഏറ്റവും മികച്ച ഡിസൈനും സാങ്കേതിക വിദ്യയും ഒത്തിണങ്ങിയ ടിയാഗോ എന്‍ആര്‍ജി വിപണിയിൽ തരംഗമാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

tata-tiago-nrg-

അഞ്ചു സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനോടു കൂടിയ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെയുള്ള വകഭേദങ്ങളിലാണ് ടിയാഗോ എന്‍ആര്‍ജി ലഭിക്കുക. മലബാര്‍ സില്‍വര്‍, കാന്യോന്‍ ഓറഞ്ച്, ഫുജി വൈറ്റ് എന്നീ മൂന്ന് ആകര്‍ഷകമായ നിറങ്ങളിലും എന്‍ആര്‍ജി ലഭിക്കും. അതോടൊപ്പം ഡ്യൂവല്‍ ടോണ്‍ ഇന്‍ഫിനിറ്റി ബ്ലാക്ക് റൂഫും റൂഫ് റെയിലും വാഹനത്തിന് പുത്തൻ പ്രൗഢി നൽകും.

ടഫ് അര്‍മേഡ് എക്സ്റ്റീരിയര്‍ ഡിസൈനാണ് എന്‍ആര്‍ജിയുടെ പ്രത്യേകത. യൂണിക് സ്‌ക്വര്‍ക്കിള്‍ വീല്‍ ആര്‍ച്ചുകള്‍ നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്ന ടഫ് സൈഡ്, മസ്‌കുലാര്‍ ഫിനിഷിങ്ങോടു കൂടിയ പുറകുവശത്തെ ടാലിഗേറ്റ്, റഗ്ഗഡ് സ്‌കിഡ്‌പ്ലേറ്റ്, ഡ്യൂവല്‍ ടോണ്‍ 4സ്‌പോക് ഡർ അലോയ് വീലുകള്‍, റയിലുകളോടെ കൂടിയ കറുപ്പു നിറമുള്ള റൂഫ് എന്നിവ വാഹനത്തിന്റ ബാഹ്യഭംഗി വര്‍ധിപ്പിക്കുന്നു.

കറുപ്പു നിറത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഇന്റീരിയര്‍ ഭാഗത്ത് വൈബ്രന്റ് കാന്യോന്‍, ഓറഞ്ച് നിറത്തിലുള്ള ഹൈലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. ഡെനിം ഭംഗിയില്‍, ശരീരത്തോടു വളരെ ചേര്‍ന്ന് ഇണങ്ങി നില്‍ക്കുന്ന സീറ്റുകള്‍, കൂള്‍ഡ് ഗ്ലോ ബോക്‌സ്, 242 ലീറ്റര്‍ ബൂട്ട് സ്‌പേസ് എന്നിവയാണ് വാഹനത്തിന്റെ മറ്റു സവിശേഷതകള്‍.

180 എംഎം ആണ് എന്‍ആര്‍ജിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്, ഇന്റലിജന്റ് ഇലക്ട്രിക് പവര്‍ സ്റ്റീയറിങ് സംവിധാനം, പ്രത്യേകമായി തയാറാക്കിയ സസ്‌പെൻഷന്‍ എന്നിവയാണ് പുത്തൻ വാഹനത്തിന്റെ മറ്റു സവിശേഷതകൾ. ഹര്‍മന്‍ 5 ഇഞ്ച് സ്മാര്‍ട് ടച്ച് സ്‌ക്രീനോടുകൂടിയ ഇന്‍ഫോടെയ്ൻമെന്റ് സംവിധാനം, മികച്ച നിലവാരത്തിലുള്ള 8 സ്പീക്കറുകള്‍ (4 സ്പീക്കര്‍, 4 റ്റ്യൂട്ടര്‍) 3ഡി നവി മാപ്പോടുകൂടിയ നാവിഗേഷന്‍ സംവിധാനം, മീഡിയ, റേഡിയോ ഫോണ്‍ എന്നിവയ്ക്കായുള്ള വോയ്സ് കമാന്‍ഡ് സംവിധാനം എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

സുരക്ഷയ്ക്കും ടിയാഗോ എന്‍ആര്‍ജി പ്രാധാന്യം നൽകുന്നു. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കൺട്രോള്‍ എന്നിവയോടു കൂടിയ എബിഎസ് സംവിധാനം, റിവേഴ്സ് പാര്‍ക്കിങ് സഹായ സംവിധാനം, ശക്തമായ ബോഡിയും ക്യാബിനും, മോശമായ കാലാവസ്ഥയില്‍പോലും മികച്ച കാഴ്ച ലഭ്യമാകാന്‍ കൂടുതല്‍ മെച്ചപ്പെടുത്തിയ സ്മാര്‍ട് റിയര്‍ വൈപ്പറുകള്‍, ഫോളോ-മീ-ഹോം ലാംപ്‌സ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം ടിയാഗോ എന്‍ആര്‍ജിയിലുണ്ട്.

എന്‍ആര്‍ജിയുടെ വരവോടെ ടിയാഗോ ബ്രാന്‍ഡ് വ്യാപിപ്പിക്കുകയും പുതിയ സെഗ്‌മെന്റുകളില്‍ പ്രവേശിച്ചുകൊണ്ടു സാന്നിധ്യം വര്‍ധിപ്പിക്കുകയുമാണ് ടാറ്റയുടെ ലക്ഷ്യം. പുതിയ വിഭാഗം ഉപഭോക്താക്കളിലേക്കെത്താൻ ഇതു സഹായിക്കുമെന്നും ടിയാഗോ എന്‍ആര്‍ജി പുറത്തിറക്കികൊണ്ട് ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗാന്തര്‍ ബുട്‌സ്‌ചെക് വ്യക്തമാക്കി. പാസഞ്ചര്‍ വാഹന വ്യവസായത്തില്‍ സുസ്ഥിര വിജയം നേടുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന ടേണ്‍ എറൗണ്ട് 2.0 യാത്രയുടെ ഒരു ചുവടു കൂടിയാണ് ഈ ലോഞ്ച്. ടിയോഗോ എന്‍ആര്‍ജിയെ ടിയാഗോ ഹാച്ച്ബാക്ക് പോലെ തന്നെ  ഉപഭോക്താക്കള്‍ വിലമതിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.